കുവൈറ്റ് സിറ്റി: ബഹ്‌റൈനില്‍ പലസ്തീന്‍ വിദ്വേഷ പോസ്റ്റിട്ടതിന്റെ പേരില്‍ ഇന്ത്യന്‍ ഡോക്ടറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനു പിന്നാലെ കുവൈറ്റിലും നടപടി. ഗസയിലെ ആശുപത്രിയില്‍ നടന്ന ബോംബാക്രമണത്തെയും പലസ്തീന്‍ കുട്ടികളെ കൊന്ന നടപടിയെയും പിന്തുണച്ച് സമൂഹമാധ്യമത്തിലൂടെ പോസ്റ്റിട്ട ഇന്ത്യന്‍ നഴ്‌സിനെതിരേ അധികൃതര്‍ കേസെടുത്തു.
കുവൈറ്റിലെ മുബാറക് അല്‍ കബീര്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ നഴ്‌സിനെതിരെയാണ് കേസ്. പബ്ലിക് പ്രോസിക്യൂഷന് കേസ് ഫയല്‍ കൈമാറിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
നഴ്‌സ് തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലെ കുറിപ്പിലൂടെ ഗസ ആശുപത്രി ബോംബാക്രമണത്തെയും പലസ്തീന്‍ കുട്ടികളെ കൊന്ന നടപടിയെയും പിന്തുണച്ചതാണ് നടപടിക്ക് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുറിപ്പിട്ട നഴ്‌സിനെ കുറിച്ചുള്ള മറ്റു വിവിരങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
ഇസ്രായേലിനോട് കുവൈറ്റ് സ്വീകരിക്കുന്ന പൊതുനിലപാടുകള്‍ക്ക് വിരുദ്ധമാണ് നഴ്‌സിന്റെ സമൂഹമാധ്യമത്തിലെ കുറിപ്പെന്നും ഇത് കുവൈറ്റ് ഭരണകൂടത്തോടുള്ള വെല്ലുവിളിയാണെന്നും കേസ് ഫയലില്‍ പറയുന്നു. കുവൈറ്റില്‍ ഇത്തരത്തിലുള്ള ആദ്യ പരാതിയാണിത്.
പലസ്തീന്‍ വിദ്വേഷ പോസ്റ്റിന്റെ പേരില്‍ റോയല്‍ ബഹ്‌റൈന്‍ ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിനില്‍ സ്‌പെഷ്യലിസ്റ്റായ ഇന്ത്യക്കാരന്‍ ഡോ. സുനില്‍ ജെ റാവുവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കര്‍ണാടക സ്വദേശിയായ 50 കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പലസ്തീന്‍- ഇസ്രായേല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എക്‌സ് പ്ലാറ്റ്‌ഫോമില്‍ സുനില്‍ ജെ റാവു നിരവധി പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. ഇതാണ് അറസ്റ്റിന് കാരണമായത്.
ബഹ്‌റൈനിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്‍ഡ് ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ ആന്റി സൈബര്‍ ക്രൈം ഡയറക്ടറേറ്റാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. സമാധാനവും സാമൂഹിക സ്ഥിരതയും ലംഘിക്കുന്നതാണ് ഡോക്ടറുടെ നടപടിയെന്ന് അധികൃതര്‍ പറയുന്നു. ഡോക്ടറുടെ ട്വീറ്റുകളും പ്രത്യയശാസ്ത്രവും വ്യക്തിപരമാണെന്നും ആശുപത്രിയുടെ അഭിപ്രായവും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്നതല്ലെന്നും വ്യക്തമാക്കി ആശുപത്രി അധികൃതരും പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായും അറിയിച്ചിരുന്നു.
പോസ്റ്റുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ ഡോക്ടര്‍ സമൂഹമാധ്യമത്തിലൂടെ ക്ഷമാപണം നടത്തിയിരുന്നു. 10 വര്‍ഷത്തോളമായി ബഹ്‌റൈനില്‍ ജീവിക്കുന്ന താന്‍ ഈ രാജ്യത്തെ ജനങ്ങളെയും മതത്തെയും അങ്ങേയറ്റം ബഹുമാനിക്കുന്നുവെന്നും തന്റെ വാക്കുകളിലും പ്രവൃത്തിയിലും അഗാധമായി ഖേദിക്കുന്നു എന്നുമായിരുന്നു വിശദീകരണ കുറിപ്പ്.