അബുദാബി: യുഎഇയില്‍ നിന്ന് അടുത്ത വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചു. വരുന്ന ഡിസംബര്‍ 5 മുതല്‍ 21 വരെ രജിസ്‌ട്രേഷന്‍ ചെയ്യാമെന്ന് യുഎഇ ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്‌മെന്റ് അറിയിച്ചു.
ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്‌മെന്റിന്റെ ഇലക്ട്രോണിക് ആപ്ലിക്കേഷന്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 2024 ജൂണിലാണ് അടുത്ത വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍. തീര്‍ത്ഥാടകരുടെ ആദ്യ സംഘം മെയ് മാസത്തില്‍ പുണ്യഭൂമിയിലെത്തുമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രി നേരത്തേ അറിയിച്ചിരുന്നു.
ഓരോ രാജ്യത്തിനുമുള്ള തീര്‍ഥാടകരുടെ ക്വാട്ട പരിമിതമായതിനാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരില്‍ നിന്ന് അര്‍ഹരായ കുറച്ചുപേര്‍ക്ക് മാത്രമാണ് ഹജ്ജ് വിസ ലഭിക്കുക. സാധാരണഗതിയില്‍ യുഎഇ ഹജ്ജ് പെര്‍മിറ്റ് നല്‍കുന്നത് സ്വദേശികള്‍ക്ക് മാത്രമാണ്. പ്രവാസികള്‍ സ്വന്തം രാജ്യങ്ങളിലെ ക്വാട്ടയും നടപടിക്രമങ്ങളും പാലിക്കണം. ഇന്ത്യയില്‍ 70 വയസ്സിന് മുകളില്‍ പ്രായമുള്ള അപേക്ഷകര്‍ക്ക് ഹജ്ജ് സീറ്റുകള്‍ അനുവദിച്ച ശേഷം ബാക്കിയുള്ളവരെ അപേക്ഷകരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് ഹജ്ജ് കമ്മിറ്റികള്‍ കണ്ടെത്തുന്നത്.
വിദേശരാജ്യങ്ങള്‍ക്കുള്ള ക്വാട്ടയിലും ആഭ്യന്തര ക്വാട്ടയിലും ഈ വര്‍ഷം വലിയ മാറ്റമുണ്ടാവാനിടയില്ല. കൊവിഡ് രൂക്ഷമായ സമയത്ത് കുറച്ചിരുന്ന ഹജ്ജ് ക്വാട്ട കഴിഞ്ഞ വര്‍ഷം ആദ്യമായി പുനസ്ഥാപിച്ചിരുന്നു. രാജ്യങ്ങളിലെ മുസ്‌ലിം ജനസംഖ്യക്ക് ആനുപാതികമായിട്ടാണ് ഹജ്ജ് സീറ്റുകള്‍ അനുവദിക്കുന്നത്.
യുഎഇയിലെ തീര്‍ത്ഥാടകര്‍ സാധാരണയായി ലൈസന്‍സുള്ള ടൂര്‍ ഓപറേറ്റര്‍മാര്‍ വഴിയാണ് ഹജ്ജിന് പോകുന്നത്. ഹജ്ജ് സേവന കമ്പനികളുടെ ലിസ്റ്റ് ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്‌മെന്റിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഹാജിമാരുടെ വിസ ചെലവുകള്‍, ഗതാഗതം, താമസം, ഭക്ഷണം എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ കണക്കാക്കി ഹജ്ജ് സേവന കമ്പനികള്‍ നിരക്ക് പ്രസിദ്ധപ്പെടുത്തും.
കഴിഞ്ഞ വര്‍ഷം 20 ലക്ഷത്തിലധികം പേരാണ് ഹജ്ജ് നിര്‍വഹിച്ചത്. കെവിഡ് കാരണം മുന്‍ വര്‍ഷം ഒമ്പത് ലക്ഷം പേര്‍ക്ക് മാത്രമായിരുന്നു അുമതി. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഹജ്ജ്് ശാരീരികമായും സാമ്പത്തികമായും ശേഷിയുള്ള മുസ്‌ലിംകള്‍ക്ക് ജീവിതത്തിലൊരിക്കല്‍ നിര്‍ബന്ധബാധ്യതയാണ്.