ആഡംബര ജീവിതം ഇഷ്ടപ്പെടുന്നവർ താമസിക്കാൻ തെരഞ്ഞെടുക്കുന്ന ഒരു സ്ഥലം ദുബായ് ആണ്. ഓരോ ആളുകൾക്കും ഇഷ്ടപ്പെടുന്ന ജീവിത സൗകര്യങ്ങൾ തെരഞ്ഞെടുക്കാനുള്ള അവസരങ്ങൾ ദുബായിലുണ്ട്. പച്ചപ്പ് നിറഞ്ഞ താമസസ്ഥലങ്ങൾ, കൊക്കിലൊതുങ്ങുന്ന ബജറ്റിലുള്ള മനേഹരമായ താമസസ്ഥലങ്ങൾ, അല്ലെങ്കിൽ ആഡംബര സൗകര്യങ്ങളുള്ള താമസസ്ഥലങ്ങൾ എന്നിവയെല്ലാം ദുബായിൽ ലഭിക്കും. ഇത്തരത്തിൽ നിരവധി പേർ അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള വീടുകൾ ദുബായിൽ സ്വന്തമാക്കിയിട്ടുണ്ട്. സിനിമ താരങ്ങൾ, ബിസിനസുക്കാർ, സമൂഹത്തിലെ പ്രമുഖർ എന്നിവർ വീടുകൾ സ്വന്തമാക്കിയവരുടെ ലിസ്റ്റിലുണ്ട്.
റിയൽ എസ്റ്റേറ്റ് പോർട്ടൽ പ്രോപ്പർട്ടി ഫൈൻഡർ അവരുടെ കഴിഞ്ഞ 12 മാസത്തെ കണക്കുകൾ പുറത്തുവിട്ടു. ഇതിൽ ദുബായിലെ വിവിധ തരത്തിലുള്ള താമസ സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പറയുന്നുണ്ട്. ഏതെല്ലാം തരത്തിലുള്ള വീടുകളാണ് ദുബായിൽ ഉള്ളതെന്നും ആളുകൾ കൂടുതലായി ഇഷ്ടപ്പെടുന്നത് ഏത് തരത്തിലുള്ള വീടുകളാണ് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള വിവരങ്ങൾ ആണ് റിയൽ എസ്റ്റേറ്റ് പോർട്ടൽ പ്രോപ്പർട്ടി ഫൈൻഡർ പുറത്തു വിട്ടിട്ടിരിക്കുന്നത്.
ബജറ്റിന് അനുയോജ്യമയ സ്ഥലങ്ങൾ
ബജറ്റിന് അനുയോജ്യമയ സ്ഥലങ്ങൾ ആണ് നിങ്ങൾക്ക് താത്പര്യമെങ്കിൽ ഷാർജ തെരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. ഷാർജയിൽ, അൽ ഖാൻ ഏകദേശം 23,000 ദിർഹം വാടകയ്ക്ക് ഒരു കിടപ്പുമുറി അപ്പാർട്ടുമെന്റുകൾ ലഭിക്കും. മുവൈലെയും പ്രതിവർഷം ഏകദേശം 20,000 ദിർഹം നൽകിയാൽ നല്ല താമസ്ഥലങ്ങൾ ലഭിക്കും.
രണ്ടാമത്തെ സ്ഥലം ദുബായ് ആണ്. അൽ ഫുർജാൻ, ഡിസ്‌കവറി ഗാർഡൻസ്, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക്, ദുബായ് ലാൻഡ്, ദുബായ് സിലിക്കൺ ഒയാസിസ്, ജുമൈറ വില്ലേജ് സർക്കിൾ, ദുബായ് സ്‌പോർട്‌സ് സിറ്റി എന്നിവിടങ്ങളിൽ ഒരു ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകൾക്ക് പ്രതിവർഷം വാടകയ്‌ക്ക് ഏകദേശം 46,000 ദിർഹം നൽകിയാൽ ലഭിക്കും. സ്വന്തമാക്കണം എങ്കിൽ 532,000 ദിർഹവും ചിലവാകും. അൽ ഖുസൈസ്, ദെയ്‌റ, ബർ ദുബായ് എന്നിവിടങ്ങളിലും ഇതേ നിരക്കിൽ താമസ്ഥലങ്ങൾ ലഭിക്കും.
ഹരിത പ്രദേശങ്ങൾ
പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളാണ് നിങ്ങൾ താമസത്തിനായി തെരഞ്ഞെടുക്കുന്നതെങ്കിൽ ഷാർജയിലെ അൽജാഡ, അൽ റഹ്മാന്യ, തിലാൽ സിറ്റി എന്നിവിടങ്ങളിൽ നോക്കാവുന്നതാണ്. ശരാശരി പ്രതിവർഷം 23,000 ദിർഹമാണ് ചെലവ് വരുന്നത്. അതേസമയം രണ്ട് കിടപ്പുമുറി വില്ലകൾ സ്വന്തമാക്കണമെങ്കിൽ ഏകദേശം 1,392,000 ദിർഹം നൽകേണ്ടി വരും.
ഷാർജയിൽ താമസിക്കാൻ സാധിക്കില്ലെങ്കിൽ ദുബായിലെ ഗ്രീൻസ്, ജുമൈറ ഗോൾഫ് എസ്റ്റേറ്റ്, അൽ ബരാരി, മിർദിഫ്, ദമാക് ഹിൽസ് എന്നിവിടങ്ങളിലെ ഒരു സ്ഥലം തെരഞ്ഞെടുക്കാം. ശരാശരി ഒരു ബെഡ്‌റൂം അപ്പാർട്ട്‌മെന്റ് വാടകയ്ക്ക് പ്രതിവർഷം 67,000 ദിർഹമാണ് വരുന്നത്.
സ്വന്തമാക്കണം എങ്കിൽ 893,000 ദിർഹം നൽകേണ്ടി വരും
ആഢംബര ജീവിതം
ആഢംബര ജീവിതം ആണ് നിങ്ങൾ ലക്ഷ്യം വെക്കുന്നതെങ്കിൽ ദുബായിലെ ബിസിനസ് ബേ, ഡിഐഎഫ്‌സി, ഡൗൺടൗൺ ദുബായ്, ദുബായ് മറീന, പാം ജുമൈറ, ജുമൈറ ബീച്ച് റെസിഡൻസസ് എന്നിവിടങ്ങളിൽ താമസസൗകര്യം ലഭിക്കും. ഒരു ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകൾക്ക് ഈ പ്രദേശങ്ങളിലെ ശരാശരി വാടക പ്രതിവർഷം 110,500 ദിർഹം ലഭിക്കും. അതേസമയം, സ്വന്തമായി വാങ്ങുകയാണെങ്കിൽ ഏകദേശം 1,626,500 ദിർഹമാണ് ലഭിക്കുന്നത്.
ആഢംബര ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നവർക്കുള്ള മറ്റൊരു സ്ഥലം ആണ് ഷാർജ. അൽ മജാസും മറിയം ഐലൻഡും ആഡംബര ജീവിതം നയിക്കാൻ പറ്റിയ സ്ഥലങ്ങൾ ആണ്. സ്വന്തമായി വാങ്ങുകയാണെങ്കിൽ വില യഥാക്രമം 638,000 ദിർഹവും 1,026,000 ദിർഹവുമാണ്.
പ്രീമിയം പ്രോപ്പർട്ടികൾ യാസ്, അൽ മരിയ, സാദിയാത്ത് എന്നിവിടങ്ങളിൽ ദ്വീപ് ശൈലിയിലുള്ള താമസം വാഗ്ദാനം ചെയ്യുന്ന അബുദാബിയിലെ സ്ഥലങ്ങൾ ഇവയാണ്.
വാട്ടർഫ്രണ്ട് ലിവിംഗ്
അൽ സുഫൂഹ്, ജുമൈറ, ദുബായ് ക്രീക്ക് ഹാർബർ, ദുബായ് മറീന, പാം ജുമൈറ എന്നിവയാണ് ജനപ്രിയ പ്രദേശങ്ങൾ. ഒരു ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകൾക്ക് വാർഷിക വാടകയ്ക്ക് ഏകദേശം 103,000 ദിർഹം ചിലവാകും. അതേസമയം സ്വന്തമാക്കണം എങ്കിൽ ഏകദേശം 1,372,000 ദിർഹം മുതൽ നൽകേണ്ടി വരും. അൽ മർജാൻ ദ്വീപ്, മിന അൽ അറബ് തുടങ്ങിയ കടൽത്തീരത്തുള്ള സ്ഥലങ്ങളും റാസൽഖെെമയിലെ ആളുകൾ പരിഗണിക്കുന്നുണ്ട്. പ്രതിവർഷം വാടകയ്‌ക്ക് ഏകദേശം 53,000 ദിർഹം നൽകേണ്ടി വരും. സ്വന്തമായി വാങ്ങുകയാണെങ്കിൽ 1,038,000 ദിർഹം സ്വന്തമാക്കാം.