ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ പുരുഷ താരങ്ങളിൽ ഇതിഹാസ ഫുട്ബോളർ പെലെയെ മറികടന്ന് ഒന്നാമതെത്തി നെയ്മർ ജൂനിയർ. ബൊളീവിയക്കെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയതോടെയാണ് നെയ്മർ റെക്കൊഡ് നേട്ടത്തിലെത്തിയത്. ഈ മത്സരത്തിന് മുൻപ് 77 ഗോളുകളുമായി ഈ നേട്ടത്തിൽ പെലെയും നെയ്മറും ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു. ബൊളീവിയക്കെതിരെ അറുപത്തിയൊന്നാം മിനിറ്റിൽ നേടിയ ഗോൾ നെയ്മറെ വമ്പൻ നേട്ടത്തിൽ പെലെയെ മറികടക്കാൻ സഹായിച്ചു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഒരു ഗോൾ കൂടി സ്കോർ ചെയ്ത് ബ്രസീലിനായുള്ള ഗോൾനേട്ടം താരം 79 ലെത്തിച്ചു.
ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായിരുന്ന പെലെ 92 കളികളിൽ നിന്ന് 77 ഗോളുകളായിരുന്നു സംഭവബഹുലമായ തന്റെ അന്താരാഷ്ട്ര കരിയറിൽ നേടിയത്. 1958, 1962, 1970 ലോകകപ്പുകളിൽ ബ്രസീലിനെ കിരീടത്തിലേക്ക് നയിച്ച പെലെ, വർഷങ്ങളോളം ഈ ഗോളടി റെക്കോഡിൽ ഒന്നാം സ്ഥാനത്ത് വിലസി. കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ ക്രൊയേഷ്യ ക്കെതിരെ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പെലെയുടെ ഗോൾനേട്ടത്തിനൊപ്പം നെയ്മറെത്തി. പെനാൽറ്റിയിലേക്ക് കടന്ന ഈ മത്സരത്തിൽ പക്ഷേ ബ്രസീൽ പരാജയപ്പെടുകയായിരുന്നു.
ബ്രസീൽ ജേഴ്സിയിൽ നെയ്മറിന്റെ 125 മത്തെ മത്സരമായിരുന്നു ഇന്ന് ബൊളീവിയക്കെതിരെ നടന്നത്. പെലെയേക്കാൾ 33 മത്സരം അധികം കളിച്ചാണ് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര ഗോൾനേട്ടം മറികടക്കാൻ നെയ്മറിന് സാധിച്ചത്. അതേ സമയം പുരുഷ ഫുട്ബോളിൽ ബ്രസീലിന്റെ എക്കാലത്തെയും ഉയർന്ന ഗോൾസ്കോററായെങ്കിലും മൊത്തത്തിൽ നോക്കുമ്പോൾ ഈ നേട്ടത്തിൽ ഒന്നാമത് അവരുടെ ഇതിഹാസ വനിതാ താരം മാർത്തയാണ്. 171 മത്സരങ്ങളിൽ നിന്ന് 115 ഗോളുകളാണ് വനിതാ ഫുട്ബോളിലെ ഇതിഹാസ താരമായ മാർത്ത ബ്രസീൽ ജേഴ്സിയിൽ നേടിയത്.
2010 ൽ യുണൈറ്റഡ് സ്റ്റേറ്റ്സിനെതിരെ നടന്ന അന്താരാഷ്ട്ര അരങ്ങേറ്റ മത്സരത്തിൽ കരിയറിലെ ആദ്യ ഗോൾ നേടിയ നെയ്മർ പിന്നീടിങ്ങീട്ട് ബ്രസീൽ ദേശീയ ടീമിന്റെ അവിഭാജ്യഘടകമാണ്. 2013 ലെ കോൺഫെഡറേഷൻസ് കപ്പിൽ ബ്രസീലിനെ കിരീടനേട്ടത്തിലേക്ക് നയിച്ച നെയ്മറിന് പക്ഷേ ഇതുവരെ അവർക്കൊപ്പം ലോകകിരീടത്തിൽ മുത്തമിടാനായിട്ടില്ല. 2014ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ ബ്രസീൽ സെമിയിൽ പുറത്തായപ്പോൾ, 2018 ലും 2022 ലും ക്വാർട്ടർഫൈനൽ വരെയെത്താനേ ടീമിന് കഴിഞ്ഞുള്ളൂ. പരിക്കിനെത്തുടർന്ന് ബ്രസീൽ കിരീടം ചൂടിയ 2019 ലെ കോപ്പ അമേരിക്ക ടൂർണമെന്റ് നെയ്മർക്ക് നഷ്ടമായി.
അന്താരാഷ്ട്ര ഫുട്ബോളിൽ ഉജ്ജ്വല റെക്കോഡുള്ള നെയ്മർക്ക് ക്ലബ്ബ് ഫുട്ബോളിലും മികച്ച നേട്ടങ്ങൾ അവകാശപ്പെടാനുണ്ട്. ബാഴ്സലോണയ്ക്കൊപ്പം ചാമ്പ്യൻസ് ലീഗിലും, രണ്ടുതവണ ലാ ലീഗ കിരീടത്തിലും മുത്തമിട്ട നെയ്മർ, പിഎസ്ജിക്കൊപ്പം അഞ്ച് തവണ ലീഗ് വൺ കിരീടങ്ങൾ നേടി. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിന് വേണ്ടിയാണ് നെയ്മർ കളിക്കുന്നത്.