ദോഹ: വിസ്തൃതിയിലും ജനസംഖ്യയിലും കൊച്ചുരാഷ്ട്രങ്ങളുടെ പട്ടികയിലാണെങ്കിലും വികസനത്തിന്റെയും പുരോഗതിയുടെയും കാര്യത്തില്‍ ഖത്തര്‍ അത്ര കൊച്ചല്ല. വിവിധ രംഗങ്ങളില്‍ ഇതിനകം ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞ ഖത്തര്‍ ഈ വര്‍ഷം സന്ദര്‍ശിച്ചത് 25.6 ലക്ഷം ലോകസഞ്ചാരികളാണ്. 2023ലെ ജനുവരി മുതല്‍ ഓഗസ്റ്റ് 25 വരെയുള്ള ആദ്യ എട്ട് മാസങ്ങളിലെ കണക്കാണിത്.
എട്ട് മാസത്തിനിടെ ഖത്തറിലെത്തിയ ടൂറിസ്റ്റുകളില്‍ രണ്ടാംസ്ഥാനത്ത് ഇന്ത്യക്കാരാണ്. ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ സൗദിയില്‍ നിന്നാണ്. ജര്‍മനി, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നാണ് തുടര്‍ന്ന് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെ ലഭിച്ചത്. കുവൈറ്റ്, ഒമാന്‍, ബഹ്‌റൈന്‍, യുകെ, യുഎഇ, പാകിസ്ഥാന്‍ എന്നിവയാണ് മൂന്നു മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളിലുള്ളത്.
2022 ലെ മൊത്തം സന്ദര്‍ശകരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് കഴിഞ്ഞ എട്ട് മാസത്തിനിടെ ലഭിച്ചതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി (ക്യുഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 157 ശതമാനം വര്‍ധനവാണിത്. സന്ദര്‍ശകരുടെ എണ്ണത്തിലെ ഈ ഗണ്യമായ വളര്‍ച്ച, ലോകത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ ഉയര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നു.
നിലവിലുള്ള ഹയ കാര്‍ഡ് ഉടമകളുടെ പരിധി വിപുലീകരിച്ച് ഖത്തറിലെ ടൂറിസം മേഖലയും ഉത്തേജിപ്പിക്കുകയും ഹയ പ്ലാറ്റ്‌ഫോം വീണ്ടും ആരംഭിക്കുകയും ചെയ്തു. ഇത് ഇപ്പോള്‍ ഖത്തറിലേക്ക് വിസ ആവശ്യമുള്ള യാത്രക്കാരുടെ ഓണ്‍ലൈന്‍ ഗേറ്റ്‌വേ ആയി മാറിക്കഴിഞ്ഞു. പ്ലാനിങ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പ്രസിദ്ധീകരിച്ച ഖത്തറിന്റെ പ്രതിമാസ സ്റ്റാറ്റിസ്റ്റിക്‌സ് ബുള്ളറ്റിന്‍ പ്രകാരം സന്ദര്‍ശകരുടെ എണ്ണത്തില്‍ ജൂലൈയില്‍ 91.4 ശതമാനം വര്‍ധനവുണ്ടായി. 288,000 പേരാണ് ഈ മാസം രാജ്യത്തെത്തിയത്.
2022ലെ ഫിഫ ലോകകപ്പിന്റെ വിജയകരമായ ആതിഥേയത്വം ഖത്തറിന് അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ മികച്ച ഇടമൊരുക്കിയതായി കാണാം. ലോകകപ്പിനു ശേഷമുള്ള ആറ് മാസത്തിനിടെ 20 ലക്ഷം വിദേശ ടൂറിസ്റ്റുകളെത്തി. ഇതിലും ഇന്ത്യക്കാരാണ് രണ്ടാംസ്ഥാനത്ത്. ചരിത്രവിജയമായി മാറിയ ലോകകപ്പ് സംഘാടനത്തിന് ശേഷം ഖത്തര്‍ ടൂറിസം 347 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തിയത് ഇക്കഴിഞ്ഞ മെയ്, ജൂണ്‍ മാസങ്ങളിലാണ്. 5.67 ലക്ഷം പേരെ രണ്ടു മാസത്തിനിടെ സ്വീകരിച്ചതായി ടൂറിസം വകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. 2023ന്റെ ആദ്യ പകുതിയിലും ഖത്തര്‍ സന്ദര്‍ശിച്ചവരില്‍ രണ്ടാംസ്ഥാനത്ത് ഇന്ത്യക്കാരായിരുന്നു. ഖത്തറിലെ ആകെയുള്ള ടൂറിസ്റ്റുകളില്‍ 25 ശതമാനവും സൗദിയില്‍ നിന്നാണ്.