കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒരു ദിവസം ഗതാഗത നിയമലംഘനങ്ങള്‍ക്ക് 66,000 ദിനാര്‍ പിഴ ചുമത്തിയതായി കുവൈത്ത് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്. സ്വദേശികളും വിദേശികളും നടത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനായി ശക്തമായ പരിശോധനാ കാംപയിന്‍ നടത്താന്‍ കഴിഞ്ഞ ശനിയാഴ്ച അധികൃതര്‍ തീരുമാനിച്ചിരുന്നു.
ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ക്ക് വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ പിഴയടച്ച് പരിഹരിക്കാനാകാത്ത വന്‍ ട്രാഫിക് ലംഘനങ്ങള്‍ കാരണം 70ഓളം വ്യക്തികളുടെ വാഹനങ്ങളാണ് പിടിച്ചെടുത്തത്.
ചില കേസുകള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയോ മറ്റ് ഔദ്യോഗിക ചാനലുകള്‍ വഴിയോ പിഴയടച്ച് തീര്‍പ്പാക്കാനാകില്ലെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. വേഗപരിധി ലംഘിക്കുക, വികലാംഗര്‍ക്കായി നിശ്ചയിച്ച സ്ഥലങ്ങളിലും മറ്റും തെറ്റായി പാര്‍ക്ക് ചെയ്യുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നിയമലംഘകര്‍ ഓഫിസുകളില്‍ നേരിട്ട് ഹാജരായി നിശ്ചിത തീയതിക്കകം നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടിവരും. ദ്രുതഗതിയില്‍ ട്രാഫിക് പിഴകളുടെ സന്ദേശങ്ങള്‍ അയക്കുന്നതിനും സഹല്‍ ആപ്ലിക്കേഷന്‍ വഴി എളുപ്പത്തില്‍ പിഴ സംഖ്യ അടയ്ക്കുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്.
ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ക്ക് നാടുകടത്തല്‍ ശിക്ഷയുമുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ കുവൈറ്റില്‍ നൂറോളം പ്രവാസികളെ നാടുകടത്തിയിരുന്നു. ലൈസന്‍സില്ലാതെ വാഹനമോടിക്കുക, അമിതവേഗത, അശ്രദ്ധമായി വാഹനമോടിക്കുക, സ്വകാര്യ വാഹനങ്ങളില്‍ അനധികൃതമായി ടാക്‌സി സര്‍വീസ് നടത്തുക എന്നിവ ഗുരുതര കുറ്റങ്ങളില്‍ പെടുന്നു.
ട്രാഫിക് പിഴസംഖ്യ അടയ്ക്കാതെ രാജ്യംവിട്ടുപോകാന്‍ കഴിയില്ല. അവധിക്ക് നാട്ടില്‍ പോകണമെങ്കില്‍ ട്രാഫിക് പിഴ ഒടുക്കല്‍ നിര്‍ബന്ധമാക്കി ഏതാനും ദിവസം മുമ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജോലി മതിയാക്കി ഫൈനല്‍ എക്‌സിറ്റില്‍ പോവുമ്പോള്‍ മാത്രമല്ല, അവധിക്ക് പോകണമെങ്കിലും ട്രാഫിക് പിഴ കുടിശിക ഉണ്ടാവാന്‍ പാടില്ല. അവധിക്ക് പോയി തിരിച്ചെത്താത്തവരില്‍ നിന്ന് പിഴ ഈടാക്കാന്‍ കഴിയില്ലെന്നതിനാലാണ് ഈ നിയമം നടപ്പാക്കുന്നത്.
കര്‍ശന പരിശോധനയും നടപടികളും വരുംദിവസങ്ങളിലും തുടരും. റോഡ് സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിന് സമഗ്രമായ പദ്ധതിക്ക് തുടക്കമിട്ടതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖാദ വ്യക്തമാക്കിയിരുന്നുു. പ്രവാസി താമസക്കാരോ തൊഴിലാളികളോ കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രത്യേക പരിശോധന നടത്താനും തീരുമാനമുണ്ട്.
ജീവനോ സ്വത്തിനോ അപകടമുണ്ടാക്കുന്ന തരത്തിലോ അശ്രദ്ധമായോ വാഹനമോടിക്കുക, മനപൂര്‍വമോ അല്ലാതെയോ ചുവന്ന ലൈറ്റ് അവഗണിച്ച് വാഹനമോടിക്കുക, വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് വാഹനമോടിക്കുക, നിയമവിരുദ്ധ നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കുക, പോലീസ് വാഹനവുമായി ബോധപൂര്‍വം കൂട്ടിയിടിക്കുകയോ മനഃപൂര്‍വം അതിന് കേടുവരുത്തുകയോ ചെയ്യുക തുടങ്ങിയവയും ഗുരുതര ട്രാഫിക് നിയമലംഘനങ്ങളില്‍പെടും.