ഇന്ത്യൻ സൂപ്പർ ലീഗ് ( Indian Super League ) ഫുട്‌ബോളിൽ 10 -ാം വർഷം പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ( Kerala Blasters FC ). 2014 ൽ രൂപംകൊണ്ട കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഇക്കാലമത്രയുമായി ഒരു കപ്പ് നേടാൻ സാധിച്ചിട്ടില്ല. അതേസമയം, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധക വൃന്ദമുള്ള ഫുട്‌ബോൾ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആണെന്നതാണ് മറ്റൊരു വസ്തുത. കപ്പില്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ കൈവിടാൻ ആരാധകർ ഒരുക്കമല്ലെന്നതിന്റെ വ്യക്തമായ സൂചനയാണത്. ഈ കാലവും കടന്നു പോകും എന്ന വിശ്വാസത്തിലാണ് മഞ്ഞപ്പട ആരാധകർ.
2023 – 2024 സീസണിന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തുടക്കമിട്ടതും ദയനീയാവസ്ഥയിൽ. ഐ ലീഗ് ക്ലബ്ബായ ഗോകുലം കേരള എഫ്സിയോടും ബംഗളൂരു എഫ് സിയുടെ റിസർവ് ടീമിനോടും 2023 ഡ്യൂറൻഡ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ജയിക്കാൻ സാധിച്ചില്ല. ഗോകുലം കേരള എഫ്സി നടത്തിയ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി 3 – 4 നു തോറ്റു. ബംഗളൂരു എഫ് സി റിസർവ് ടീമിനോട് 2-2 എന്ന നിലയിൽ സമനിലയിലും പിരിഞ്ഞു. ഇതോടെ ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനൽ എന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മോഹം തുലാസിലായി
2023 കലണ്ടർ വർഷത്തിൽ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഒരു നല്ല കാര്യം സംഭവിച്ചിട്ടില്ല എന്നതും ദുഃഖകരം. 2022 – 2023 ഐഎസ്എൽ സീസണിന്റെ പ്ലേ ഓഫ് എലിമിനേറ്ററിൽ ബംഗളൂരു എഫ് സിക്ക് മുന്നിൽ 1 – 0 ന്റെ തോൽവി നേരിട്ട മത്സരത്തിലെ പ്രതിഷേധത്തിന് നാല് കോടി രൂപയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് പിഴ വീണത്. പണം അടയ്ക്കാനുള്ള തീയതി നീട്ടി ലഭിച്ചെന്നത് മാത്രമാണ് അൽപമെങ്കിലും ആശ്വാസം.
നാല് കോടി പിഴ വന്നതോടെ വനിതാ ടീം ക്യാമ്പ് അടയ്ക്കുന്ന തീരുമാനത്തിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മാനേജ്‌മെന്റ് എത്തി. വനിതാ കായിക താരങ്ങളുടെ പ്രതീക്ഷകൾ തകിടം മറിക്കുന്നതായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ആ തീരുമാനം.
2023 സൂപ്പർ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, 2023 ഡ്യൂറൻഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലും പകുതി പുറത്തായ അവസ്ഥയിലാണ്. ഡ്യൂറൻഡ് കപ്പിന്റെ ഗ്രൂപ്പ് സി യിൽ രണ്ട് റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഗോകുലം കേരള എഫ്സി ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടർ ഫൈനൽ ഉറപ്പാക്കി. കളിച്ച രണ്ട് മത്സരത്തിലും ജയം നേടിയാണ് ഗോകുലം കേരള എഫ്സിയുടെ ഈ മുന്നേറ്റം. ബംഗളൂരു എഫ് സിയുടെ റിസർവ് ടീമാണ് ഡ്യൂറൻഡ് കപ്പിനെത്തിയത്. കളിച്ച രണ്ട് മത്സരത്തിലും അവർ സമനില നേടി രണ്ട് പോയിന്റുമായി നിലവിൽ രണ്ടാം സ്ഥാനത്തുണ്ട്. ഒരു പോയിന്റ് വീതമുള്ള ഇന്ത്യൻ എയർ ഫോഴ്‌സും കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.
21-8-2023 ന് നടക്കുന്ന എയർ ഫോഴ്‌സിനെതിരായ മത്സരം വൻ മാർജിനിൽ ജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ക്വാർട്ടർ പ്രതീക്ഷ നിലനിർത്താം. ബംഗളൂരു എഫ് സി x ഗോകുലം കേരള എഫ്സി മത്സരം സമനിലയിലോ, ബംഗളൂരുവിന്റെ തോൽവിയിലോ കലാശിക്കണം എന്നു മാത്രം. ഗ്രൂപ്പ് ചാമ്പ്യന്മാർക്കാണ് ഡ്യൂറൻഡ് കപ്പിൽ ക്വാർട്ടറിലേക്ക് നേരിട്ട് പ്രവേശം. മികച്ച രണ്ട് രണ്ടാം സ്ഥാനക്കാർക്കും ക്വാർട്ടർ ബെർത്ത് ലഭിക്കും. മികച്ച രണ്ടാം സ്ഥാനക്കാരാവുക എന്നതാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് മുന്നിലുള്ള വെല്ലുവിളി.