ഈ വർഷം അവസാനത്തോടെ പുതിയ ഫാക്ടറി ആരംഭി,ക്കുമെന്ന് ആഗോള വാഹന നിർമാണ കമ്പനിയായ ടെസ്ല അറിയിച്ചു. വരുന്ന മാസങ്ങളിൽ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളുമെന്ന് ടെസ്ല സിഇഒ ഇലോൺ മസ്ക് പറഞ്ഞു. ഫാക്ടറി ഇന്ത്യയിലായിരിക്കുമോ എന്ന ചോദ്യത്തിന് ഇന്ത്യ താല്പര്യം ജനിപ്പിക്കുന്ന സ്ഥലമാണെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. ഇന്ത്യൻ ഗവൺമെന്റുമായി ബന്ധപ്പെട്ട് പുതിയ ഇലക്ട്രിക് വാഹനത്തിന്റെ നിർമാണ വിഷയത്തിൽ ടെസ്ല അടുത്തിടെ ചർച്ച നടത്തിയിരുന്നു.
ഇലോൺ മസ്കിന്റെ പരമാർശത്തോടൊപ്പം, കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയും കൂട്ടിവായിക്കപ്പെടുന്നു. ഇന്ത്യയിൽ നിർമാണ ശാല ആരംഭിക്കുന്ന വിഷയത്തെ ടെസ്ല ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതാണ് പുതിയ ചർച്ചകൾക്ക് വഴി വെച്ചത്.
ആഗോള ഉല്പാദനശേഷി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മെക്സിക്കോയിൽ ഒരു ഗിഗാഫാക്ടറി ആരംഭിക്കാനുള്ള തങ്ങളുടെ പദ്ധതി ടെസ്ല അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. തങ്ങളുടെ ഭാവി വളർച്ചയ്ക്ക് മറ്റൊരു തന്ത്രപ്രധാനമായ സ്ഥലം എന്ന നിലയിൽ ഇന്ത്യയെ പരിഗണിക്കുമെന്നാണ് കരുതുന്നത്.
ഈ മാസത്തിന്റെ തുടക്കത്തിൽ ടെസ്ലയുടെ പ്രതിനിധികൾ ഇന്ത്യൻ ഗവൺമെന്റിന്റെ പ്രതിനിധികളെ കണ്ട് ചർച്ചകൾ നടത്തിയിരുന്നു. ഇന്ത്യയിലെ ഇംപോർട് ഡ്യൂട്ടി വളരെ അധികമാണെന്നാണ് ഇലോൺ മസ്ക് പറഞ്ഞത്. ലോകത്തിൽ തന്നെ ഏറ്റവുമധികം ഇംപോർട് ഡ്യൂട്ടിയുള്ള രാജ്യമാണ് ഇന്ത്യയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ ഇംപോർട് ഡ്യൂട്ടി കുറയ്ക്കുന്നതിൽ സർക്കാരിന് താല്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിൽ, നിലവിൽ 40,000 ഡോളറുകൾക്ക് മുകളിൽ വില വരുന്ന എല്ലാ കാറുകളുടെയും ഇംപോർട് ഡ്യൂുട്ടി 100% എന്ന തോതിലാണ്. ഈ തുകയ്ക്ക് താഴെ വരുന്ന കാറുകളുടെ ഇറക്കുമതിക്ക് 40% ഇംപോർട് ഡ്യൂട്ടിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ വിഷയത്തിൽ ഒരു പരിഹാരം എന്ന നിലയിലാണ് രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ ഒരു ഫാക്ടറി സ്ഥാപിക്കുക എന്ന പരിഹാരത്തിന് ഇരുവിഭാഗവും ശ്രമിക്കുന്നത്. രാജ്യത്തെ മേക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ ടെസ്ലയ്ക്ക് നേട്ടമുണ്ടാവുമെന്നാണ് ഇന്ത്യൻ ഗവൺമെന്റ് കരുതുന്നത്
ആഗോള തലത്തിൽ തങ്ങളുടെ സാന്നിദ്ധ്യം വികസിപ്പിക്കാനാണ് ടെസ്ല നിലവിൽ ശ്രമിക്കുന്നത്. പുതിയ ഫാക്ടറിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഈ വർഷം അവസാനത്തോടെ ഉണ്ടാവുമെന്നാണ് കരുതുന്നത്. ഇതിലൂടെ രാജ്യത്തെ ഇലക്ട്രിക് വാഹനവിപണിക്കും, കമ്പനിക്ക് നേട്ടമുണ്ടാവുമെന്നും വിലയിരുത്തപ്പെടുന്നു.