അബുദാബി: രാജ്യത്തുനിന്ന് അരി കയറ്റുമതി ചെയ്യുന്നത് യുഎഇ ഇന്നുമുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അരി ഉദ്പാദനം കുറഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യ കയറ്റുമതി നിരോധിച്ചതിനെ തുടര്‍ന്നാണിത്. ലഭ്യത കുറഞ്ഞതോടെ വില വര്‍ധന തടയുന്നതിന് വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായാണ് യുഎഇയുടെ നടപടി.
അരിയുടെ എക്‌സ്‌പോര്‍ട്ടും റീ എക്‌സ്‌പോര്‍ട്ടും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. 2023ലെ മന്ത്രിതല പ്രമേയം നമ്പര്‍ 120 അനുസരിച്ച്, പ്രാദേശിക വിപണിയില്‍ ആവശ്യത്തിന് അരി ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നാല് മാസത്തേക്ക് ആണ് നിരോധനം.
2023 ജൂലൈ 20ന് ശേഷം ഇറക്കുമതി ചെയ്ത ഇന്ത്യന്‍ അരിയുടെ കയറ്റുമതിയും പുനര്‍ കയറ്റുമതിയും ഫ്രീ സോണുകളില്‍ ഉള്‍പ്പെടെ നിരോധിക്കുന്നതും തീരുമാനത്തില്‍ ഉള്‍പ്പെടുന്നു. ഏകീകൃത കസ്റ്റംസ് താരിഫിന് (1006) കീഴിലുള്ള എല്ലാ അരി ഇനങ്ങള്‍ക്കും ഇത് ബാധകമാണ്. പുഴുക്കലരി, മട്ട അരി (ബ്രൗണ്‍ റൈസ്), പൂര്‍ണമായോ ഭാഗികമായോ വറുത്ത അരി, പൊടി അരി തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുമെന്ന് മന്ത്രാലയം പറഞ്ഞു.
ഇന്ത്യയില്‍ നിന്നോ മറ്റേതെങ്കിലും രാജ്യത്തുനിന്നോ അരി കയറ്റുമതിക്കോ പുനര്‍കയറ്റുമതിക്കോ ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കയറ്റുമതിയുമായി ബന്ധപ്പെട്ട ഡാറ്റ പരിശോധിക്കാന്‍ സഹായിക്കുന്ന എല്ലാ രേഖകളും ഹാജരാക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഷിപ്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഉദ്പാദിപ്പിച്ച രാജ്യം ഏതെന്ന് വ്യക്തമാക്കിയിരിക്കണം.
അരി കയറ്റുമതി ചെയ്യുന്നതിനുള്ള അനുമതി പ്രസ്തുത രേഖ ലഭിച്ച തീയതി മുതല്‍ 30 ദിവസത്തേക്ക് ആയിക്കും. ഈ രേഖ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് കസ്റ്റംസ് അധികാരികള്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ e.economy@antidumping വഴി ഇലക്ട്രോണിക് ആയി സമര്‍പ്പിക്കണം. സാമ്പത്തിക മന്ത്രാലയത്തിന്റെ ആസ്ഥാനത്തേക്ക് നേരിട്ടെത്തിയും അപേക്ഷ നല്‍കാം.
അരി കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയ നടപടി പ്രാദേശിക വിപണിയില്‍ വില കുറയാന്‍ സഹായിക്കുമെന്ന് വ്യാപാരികള്‍ പ്രതികരിച്ചു. ലഭ്യതയും വില സ്ഥിരതയും ഉറപ്പുവരുത്തി ഉപഭോക്തൃതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികളാണിതെന്നും ചൂണ്ടിക്കാട്ടി.
ഇന്ത്യ അരി കയറ്റുമതി നിരോധിച്ചതോടെ യുഎഇയില്‍ 40% വിലവര്‍ധനവിന് കാരണമായേക്കുമെന്ന് നേരത്തേ വ്യാപാരികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിയറ്റ്‌നാം, തായ്‌ലന്‍ഡ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് അരി എത്തുന്നതു വരെ വിലക്കയറ്റമുണ്ടാവുമെന്നായിരുന്നു വിലയിരുത്തല്‍.
യുഎഇയിലേക്ക് അരി ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ലോകത്ത് ഏറ്റവുമധികം അരി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അരി കയറ്റുമതിയുടെ 40 ശതമാനത്തിലേറെയും ഇന്ത്യയാണ് നിയന്ത്രിക്കുന്നത്. കഴിഞ്ഞ വര്‍ഷം 55.4 ദശലക്ഷം മെട്രിക് ടണ്‍ ആയിരുന്നു ഇന്ത്യയുടെ കയറ്റുമതി. യുഎഇയിലേക്ക് ബസ്മതി ഇതര അരിയുടെ പ്രധാന വിതരണക്കാരാണ് ഇന്ത്യ. യുഎഇയിലെ ഉപഭോഗത്തിന്റെ 45 ശതമാനവും ബസ്മതി ഇതര അരിയാണ്. ഉദ്പാദനം കുറഞ്ഞതോടെ ഇന്ത്യയിലും അരിവില സമീപകാലങ്ങളില്‍ വര്‍ധിച്ചിരുന്നു. തുടര്‍ന്നാണ് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയത്.