കൊച്ചി: നടനും മുന്‍ എംപിയുമായ ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിച്ച് ചലച്ചിത്ര രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍. മമ്മൂട്ടി, ദുല്‍ഖര്‍, ജയസൂര്യ, ജനാര്‍ദ്ദനന്‍, സായി കുമാര്‍, ബിന്ദു പണിക്കര്‍, മനോജ് കെ ജയന്‍, എം ജി ശ്രീകുമാര്‍, കുഞ്ചന്‍, മുകേഷ്, ഇടവേള ബാബു, വിനീത്, ജോഷി, ബീന ആന്റണി, സുരേഷ് കൃഷ്ണ, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, മന്ത്രിമാരായ ആര്‍ ബിന്ദു, കെ രാജന്‍, അടക്കമുള്ള നിരവധി പ്രമുഖരാണ് കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെത്തി ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിച്ചത്.
പതിനൊന്നുമണിയോടെ മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോയി. പന്ത്രണ്ട് മണി മുതല്‍ മൂന്ന് വരെ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വൈകിട്ട് മൂന്ന് മുതല്‍ ഇരിങ്ങാലക്കുടയിലെ വീട്ടില്‍ പൊതുദര്‍ശനം. നാളെ രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
മലയാളികള്‍ക്ക് ചിരിക്കാനും ചിന്തിക്കാനും ഏറെ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച നടന്‍ ഇന്നസെന്റ് ഇന്നലെ രാത്രിയാണ് അന്തരിച്ചത്. 75 വയസായിരുന്നു. കൊച്ചിയിലെ വിപിഎസ് ലേക്ക്‌ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. മാര്‍ച്ച് മൂന്ന് മുതല്‍ കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. വെന്റിലേറ്ററിലും ഐ.സി.യുവിലുമായി കഴിഞ്ഞിരുന്ന ഇന്നസെന്റിന്റെ ആരോഗ്യനില രണ്ടാഴ്ചയായി ഗുരുതരമായി തുടരുകയായിരുന്നു.
750 ഓളം ചിത്രങ്ങളില്‍ അഭിനനയിച്ച ഇന്നസെന്റ് 1972 – ല്‍ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. അദ്ദേഹം ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചിരുന്നു. കാന്‍സര്‍ രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയായിരുന്നു ഇന്നസെന്റ്. രോഗത്തെ തന്റെ ഇച്ഛാശക്തി കൊണ്ട് നേരിട്ട അദ്ദേഹം, കാന്‍സര്‍ വാര്‍ഡിലെ ചിരി ഉള്‍പ്പടെ പല പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (മഴവില്‍ക്കാവടി) നേടിയിട്ടുള്ള ഇന്നസന്റ്, തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും അനായാസ അഭിനയ മികവും കൊണ്ടാണ് പ്രേക്ഷകമനസ്സുകളില്‍ ഇടംനേടിയത്. ചലച്ചിത്ര നിര്‍മാതാവ്, വ്യവസായി, ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: ആലീസ്. മകന്‍: സോണറ്റ്.