ചെന്നൈ: ദക്ഷിണേന്ത്യയേയും ഉത്തരേന്ത്യയേയും ഒന്നിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതികളിൽ ഒന്നാണ് സൂറത്ത് – ചെന്നൈ എക്സ്പ്രസ് വേ. ഡൽഹി മുംബൈ എക്സ്പ്രസ്സ് വേ കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ്സ് വേ പ്രോജക്റ്റാകും ഇത്. 1,380 കിലോമീറ്ററാണ് ഡൽഹി മുംബൈ എക്സ്പ്രസ്സ് വേയുടേത്.
ഗുജറാത്തിലെ വ്യാവസായിക നഗരമായ സൂറത്ത് രാജ്യത്തെ തന്നെ ടെക്സ്റ്റൈൽസ് വ്യാപാരത്തിന്റെ സുപ്രധാന കേന്ദ്രമാണ്. ചെന്നൈ രാജ്യത്തെ വളർന്നുകൊണ്ടിരിക്കുന്ന ഐടി കേന്ദ്രവും. അതിനാൽതന്നെ, സുപ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതോടെ വ്യാവസായിക ഇന്ത്യയ്ക്ക് ലഭിക്കാവുന്ന പ്രധാന പദ്ധതികളിൽ ഒന്നാകും ഇത്. ഗ്രീൻഫീൽഡ് ബ്രൗൺഫീൽഡ് ആയുമാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ഗുജറാത്തിലും മഹാരാഷ്ട്രയിലുമുള്ള മലയാളികൾക്കും ഈ ദേശീയപാത ഗുണം ചെയ്യും.
രണ്ട് ഘട്ടമായാണ് പദ്ധതി പൂർത്തിയാക്കുന്നത്. സൂറത്ത് സോളാപുർ വരേയുള്ള ഒന്നാം ഘട്ടവും സോളാപൂർ മുതൽ ചെന്നൈ വരെയുള്ള രണ്ടാം ഘട്ടവുമായിരിക്കും. ഭാരത്മാല 2.0 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ നിർമാണം നടക്കുക.
സൂറത്ത് ചെന്നൈ എക്സ്പ്രസ്‌വേയുടെ നിർമാണം പൂർത്തിയായാൽ നിലവിലുള്ള ദൂരത്തിൽ നിന്നും 300 കിലോമീറ്ററിലധികം കുറവുണ്ടാകും. 1,600 കിലോമീറ്റർ എന്ന ദൂരം പുതിയ ദേശീയപാതയിലൂടെ 1,270 കിലോമീറ്ററായാണ് കുറയുക. ഇതിലൂടെ യാത്രാസമയം, ആറ് കിലോമീറ്ററായി കുറയ്ക്കാനും സാധിക്കും.
രാജ്യത്തെ രണ്ട് പ്രമുഖ നഗരങ്ങളെ ഒന്നിപ്പിക്കുക എന്നതിന് പുറമെ, കിഴക്ക് – പടിഞ്ഞാറ് സീ പോർട്ടുകൾ തമ്മിൽ തടസ്സങ്ങൾ ഇല്ലാതെ റോഡ് മാർഗം ബന്ധിപ്പിക്കുക എന്നും ദേശീയപാത അതോറിറ്റി ലക്ഷ്യമിടുന്നുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് എക്സ്പ്രസ്‌വേ കടന്നുപോകുന്നത്.
ഭാഗികമായ നിയന്ത്രണങ്ങളോടെയാണ് ഹൈവേയിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നത്. ഈ പദ്ധതിയിലൂടെ മുംബൈയിലെയും പൂനെയിലുമുള്ള വാഹന ഗതാഗതഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് റിപ്പോർട്ട്. പദ്ധതി വിജയകരമായി പൂർത്തിയാക്കിയാൽ ഏകദേശം 50,000 വാഹനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നും റിപ്പോർട്ട് ചെയ്യുന്നത്.
ഗുജറാത്ത്, മഹാരാഷ്ട്ര, തെലുങ്കാന, തമിഴ്നാട് എന്നീ നാല് പ്രധാന സംസ്ഥാനങ്ങൾക്ക് സീ പോർട്ട് കണക്റ്റിവിറ്റി സൗകര്യം വർധിപ്പിക്കുന്നത് വഴി കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയുമെന്നതും പാതയുടെ പ്രത്യേകതയാണ്. തിരുപ്പതി, കടപ്പ, കർണൂൽ, കലബർഗി, സോലാപൂർ, അഹമദ്നഗർ, നാസിക് എന്നീ പ്രധാന നഗരങ്ങളിലൂടെയാണ് ദേശീയ പാത കടന്നുപോകുന്നത്.
45000 കോടി രൂപ ചിലവ് വരുന്ന ഈ 6 വരിപ്പാത 2025 അവസാനത്തോട് കൂടി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്. നാസിക്കിൽ പദ്ധതിയുടെ ഭാഗമായി ഭൂമിയേറ്റെടുക്കൽ നടന്നുകൊണ്ടിരിക്കുകയാണ്.