Kerala
കേരളത്തിന്റെ കടം കുറയുന്നു, കണക്കുകൾ നിരത്തി മുഖ്യമന്ത്രി
Published
2 years agoon
By
gulfgtvതിരുവനന്തപുരം: യുഡിഎഫും ബിജെപിയും ചേർന്ന് നടത്തുന്ന സമര കോലാഹലങ്ങൾ ജനങ്ങൾക്ക് ഉപകാരപ്പെടുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിനൊപ്പം ബിജെപിയും സമരത്തിലുള്ളത് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. റിലയൻസിന് വേണ്ടി മന്ത്രിമാരെ മാറ്റിയ പാർട്ടിയാണ് കോൺഗ്രസ് എന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തിന്റെ ധനസ്ഥിതിയെ കുറിച്ച് തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് ശേഷം കണക്കും മുഖ്യമന്ത്രി നിരത്തി.
ഇന്ന് നിയമസഭാ സമ്മേളനം പ്രതിപക്ഷം ബഹിഷ്ക്കരിക്കുകയാണുണ്ടായത്. സഭയ്ക്ക് പുറത്തും പ്രകോപനപരമായ സമരങ്ങള്‍ നടത്തുകയുണ്ടായി. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ്സിനെതിരെയാണ് സമരം. കോൺഗ്രസ് മാത്രമല്ല, ബിജെപിയും സമരത്തിലുണ്ട് എന്നാണ് വിചിത്രമായ കാര്യം. പെട്രോള്‍-ഡീസല്‍ വില നിര്‍ണ്ണയാധികാരം കുത്തകകള്‍ക്ക് വിട്ടുനല്‍കിയ കൂട്ടരാണ് ഇപ്പോള്‍ സമരം ചെയ്യുന്നത്. തരാതരം പോലെ വില കൂട്ടാന്‍ എണ്ണ കമ്പനികള്‍ക്ക് അധികാരം നല്കിയവരാണ് ഇരുകൂട്ടരും.
പത്ത് വര്‍ഷം മുമ്പ് 2012ലെ ഒരുനഭവം ഓര്‍ക്കുക. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലം. ജയ്പാല് റെഡ്ഢിയായിരുന്നു അന്നത്തെ കേന്ദ്ര പെട്രോളിയം മന്ത്രി. ആന്ധ്രയിലെ കെജി ബേസിനില്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വില വര്‍ദ്ധിപ്പിക്കണമെന്ന റിലയന്‍സിന്റെ ആവശ്യം അദ്ദേഹം അനുവദിച്ചില്ല. അംബാനിയുടെ അപ്രീതിക്ക് പാത്രമായ ജയ്പാല് റെഡ്ഢിയെ തല്‍ക്ഷണം സ്ഥാനത്തുനിന്നും മാറ്റുകയാണ് കോണ്‍ഗ്രസ്സ് ചെയ്തത്. അങ്ങനെ എണ്ണകമ്പനികളെ പ്രീണിപ്പിച്ചും ജനങ്ങളെ പിഴിഞ്ഞും മുന്നോട്ടുപോയവരാണ് കോണ്‍ഗ്രസ്സ്. 2015ലെ ബജറ്റില്‍ പെട്രോളിനും – ഡീസലിനും യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഒരു രൂപ അധിക നികുതിയായിരുന്നു. അന്ന് ഇന്നത്തേതിന്റെ പകുതിക്കടുത്ത് വിലയേ പെട്രോളിനും-ഡീസലിനുമുണ്ടായിരുന്നുള്ളു എന്നോര്‍ക്കണം.
ഇപ്പോൾ ഏത് സാഹചര്യത്തിലാണ് കേരളത്തില്‍ ഇന്ധന സെസ് ഏര്‍പ്പെടുത്തേണ്ടി വന്നതെന്ന് ഇതിനകം സഭയില്‍ കൃത്യമായി വിശദീകരിച്ചതാണ്. കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള പകപോക്കല്‍ നയങ്ങള്‍ നമ്മളെ അതിന് നിര്‍ബന്ധിതരാക്കിയതാണ്. ഞെരുക്കി തോല്പ്പിച്ചുകളയാം എന്ന മനോഭാവമാണ് കേന്ദ്രത്തിന്. അതിന് കുടപിടിക്കുന്ന പണിയാണ് ഇവിടുത്തെ യുഡിഎഫ് നേതൃത്വം ചെയ്യുന്നത്. ഇതൊക്കെ മനസിലാക്കുന്ന ജനങ്ങള്‍ യുഡിഎഫും ബിജെപിയും ചേര്‍ന്ന് നടത്തുന്ന സമരകോലാകലങ്ങള്‍ മുഖവിക്കെടുക്കില്ല എന്ന് ആദ്യമേ പറയട്ടെ സംസ്ഥാന ബജറ്റ് സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി നിയമസഭയില്‍ വിശദമായി പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ ധനസ്ഥിതിയെക്കുറിച്ച് ബജറ്റ് അവതരണത്തിനു മുമ്പ് വ്യാപകമായി തെറ്റായ ചില കാര്യങ്ങള്‍ നാട്ടിൽ ചിലർ പ്രചരിപ്പിച്ചിരുന്നു. ഇപ്പോഴും ചില കേന്ദ്രങ്ങള്‍ അവ ആവര്‍ത്തിക്കുകയാണ്. കേരളം കടക്കെണിയിലാണെന്നും ഇവിടെ ധന ധൂര്‍ത്താണെന്നും പ്രതിപക്ഷവും മാധ്യമങ്ങളില്‍ ഒരു വിഭാഗവും നല്ല രീതിയിൽ കൊണ്ടു പിടിച്ച് പ്രചരണം നടത്തിയിരുന്നു. ഇപ്പോള്‍ അതിന്റെ ആവേശം
ഒന്ന് കുറഞ്ഞിട്ടുണ്ട്.
കേരളത്തിന്റെ കടത്തിന്റെ കണക്ക് നോക്കാം. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര വരുമാനത്തിന്റെ 38.51 ശതമാനമായിരുന്നു കടം. ആ കടം 2021-22 ല്‍ 37.01 ശതമാനമായി കുറഞ്ഞു. 1.5 ശതമാനത്തിന്റെ കുറവ്. 2022-23 ലെ പുതുക്കിയ കണക്കുകള്‍ പ്രകാരം ഇത് 36.38 ശതമാനമാണ്. 2022-23 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കടം- ആഭ്യന്തര വരുമാനം 36.05 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. അതായത്, 2020-21 മുതല്‍ 2023-24 വരെയുള്ള നാലുവര്‍ഷക്കാലയളവില്‍ 2.46 ശതമാനം കുറവാണ് കടം ആഭ്യന്തര വരുമാനം അനുപാതത്തിലുണ്ടായിരിക്കുന്നത്. കോവിഡ് കാലത്ത് സാമ്പത്തിക രംഗത്ത് തളര്‍ച്ചവന്നു.
ജീവനും ജീവനോപാധികളും നിലനിര്‍ത്താന്‍ സര്‍ക്കാരിന് അധിക ചെലവ് ഏറ്റെടുക്കേണ്ടിവന്നു. ആ സാഹചര്യത്തില്‍ കടം വര്‍ദ്ധിച്ചത് സ്വാഭാവികമാണ്. ഇത് കേരളത്തില്‍ മാത്രമല്ല, അഖിലേന്ത്യാ തലത്തിലും ആഗോളതലത്തിലും ഉണ്ടായിട്ടുണ്ട്. ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാകുമ്പോള്‍, വരുമാനം നിലയ്ക്കുമ്പോള്‍, അസാധാരണ സാമ്പത്തിക സാഹചര്യം ഉടലെടുക്കുന്നു. ഇതാണ് 2020-21ല്‍ ഇവിടെയും ഉണ്ടായത്.
സമാനതകളില്ലാത്ത ആ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ കടം ആഭ്യന്തര വരുമാന അനുപാതം ശരാശരി 30-31 ശതമാനത്തില്‍ നിന്ന് 38.51 ശതമാനമായി ഉയര്‍ന്നത്. ഇതിന്റെ കാരണം, കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടുകൂടി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച അധിക വായ്പാ പരിധിയുടെ വിനിയോഗമാണ്. കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദ്ദം ഈ തീരുമാനമെടുക്കുന്നതിന് പിന്നിലുണ്ടായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു എന്നതും ഓര്‍ക്കണം. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജനോപകാരപ്രദമായ ഇടപെടലുകള്‍ക്കുവേണ്ടി വായ്പയെടുത്തത് മഹാ സാമ്പത്തിക അപരാധമാണെന്ന ആക്ഷേപം സാധാരണ നിലയിൽ കണക്കിലെടുക്കേണ്ട ഒന്നല്ല.
ഈ കണക്കുകള്‍ കടവര്‍ദ്ധനയുടെയും കടക്കെണിയുടെയും ലക്ഷണങ്ങളല്ല. ജനങ്ങളുടെ യുക്തിക്കു നേരെ തല്‍പ്പരകക്ഷികള്‍ വെച്ച കെണിയില്‍ ഒരാളും പെടാന്‍ പോകുന്നില്ല. സംസാരിക്കുന്ന കണക്കുകള്‍ വസ്തുതകളെ തുറന്നുകാട്ടുമ്പോള്‍ കടക്കെണി എന്ന പ്രചരണം ഏറ്റെടുത്തവര്‍ക്ക് അത് പൂട്ടിവയ്ക്കേണ്ടിവന്നത് നാം കാണുകയാണല്ലോ.
സംസ്ഥാനത്തിന്റെ വരുമാന വര്‍ദ്ധനയെക്കുറിച്ചുള്ള കണക്കുകള്‍ നോക്കുക. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 20 ശതമാനത്തില്‍ കൂടുതലാണ്. 2021-22 ല്‍ 22.41 ശതമാനമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ജി.എസ്.ടിയുടെ വളര്‍ച്ചാ നിരക്ക് 2021-22 ല്‍ 20.68 ശതമാനമാണ്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ജി.എസ്.ടി വരുമാനത്തിലെ വളര്‍ച്ചാനിരക്ക് 25.11 ശതമാനമാണ്. ഇത് നികുതി ഭരണരംഗത്തെ കാര്യക്ഷമതയുടെയും സംസ്ഥാന സര്‍ക്കാരിന്റെ മൂലധന ചെലവുകള്‍ ഉള്‍പ്പെടെയുള്ള ഇടപെടലുകള്‍ കാരണം സാധ്യമായ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാനിരക്കും കാരണമാണ്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ നികുതിപിരിവ് നടക്കുന്നില്ലെന്നും കെടുകാര്യസ്ഥതയാണെന്നുമുള്ള പ്രചാരണം അസംബന്ധമാണ്.
കേന്ദ്ര ധനമന്ത്രാലയം ഈ വാര്‍ഷിക വായ്പാ പരിധി അഥവാ ധനകമ്മി പരിധിയില്‍ യുക്തിരഹിതമായി വെട്ടിക്കുറവ് വരുത്തുകയാണ്. നിയമപരമായി പ്രത്യേക നിലനില്‍പ്പുള്ള കിഫ്ബി പോലുള്ള സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ വായ്പയാണെന്ന് പ്രഖ്യാപിച്ചു. അങ്ങനെ 3.5 ശതമാനം വായ്പാ പരിധി വീണ്ടും വെട്ടിക്കുറയ്ക്കുന്നു. അതിലൂടെ സംസ്ഥാനത്തിന്റെ വരവ് – ചെലവ് അനുമാനങ്ങളെ താളം തെറ്റിക്കാനും സാമ്പത്തിക സ്തംഭനാവസ്ഥ സൃഷ്ടിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ പ്രധാനമന്ത്രി, കേന്ദ്ര ധനകാര്യമന്ത്രി എന്നിവര്‍ക്ക് വിശദമായ മെമ്മോറാണ്ടം സംസ്ഥാന സര്‍ക്കാര്‍ അയച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ശക്തമായ അഭിപ്രായ രൂപീകരണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികളെടുക്കുന്നുണ്ട്. കേന്ദ്രത്തിന്റെ ഇത്തരം നടപടികളാണ് ധനഞെരുക്കമുണ്ടാക്കുന്നത്. ഇത് പറയാന്‍ കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും മടി എന്താണെന്ന് മനസ്സിലാകുന്നില്ല. മൂലധന ചെലവ് ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയിലൂടെ നടപ്പാക്കിവരുന്നത്. ഈ വികസന പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫ് അംഗങ്ങളുടെ മണ്ഡലങ്ങളിലും നടന്നുവരുന്നുണ്ട്. ഇതെല്ലാം മറച്ചുവച്ച് സര്‍ക്കാരിനും കിഫ്ബിക്കും എതിരെ അനാവശ്യ പ്രചാരണം നടത്തുകയാണ്.
നിത്യനിദാന ചെലവുകള്‍ക്ക് കടമെടുക്കുന്ന സര്‍ക്കാര്‍ എന്നാണ് ആവർത്തിച്ച് പ്രചാരണം നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ റവന്യൂ ചെലവുകളില്‍ ഗണ്യമായ ഒരു ഭാഗം വികസന ചെലവുകളാണ്. വിദ്യാഭ്യാസ, ആരോഗ്യ, കൃഷി, ഗ്രാമവികസന, ജലസേചന മേഖലകളില്‍ ചെലവഴിക്കുന്ന തുക. ഇവയെല്ലാം സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്നതുമാണ്. ശമ്പളവും പെന്‍ഷനും നല്കാന് കടമെടുക്കുന്നു എന്നാണ് വലിയ പ്രചാരണം. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് രേഖകളുടെ ഭാഗമായ ‘ബജറ്റ് ഇന്‍ ബ്രീഫി’ലെ പട്ടിക എ (10)ല്‍ കണക്കുകള്‍ വിശദമായി പറയുന്നുണ്ട്. ശമ്പളവും പെന്‍ഷനും 2021-22 ല്‍ സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ 61.21 ശതമാനമായിരുന്നു. 2022-23 ലെ പുതുക്കിയ കണക്കുകള്‍ പ്രകാരം ഇത് 50.34 ശതമാനമായി കുറഞ്ഞു. 2023-24 ലെ ബജറ്റ് കണക്കുകള്‍ പ്രകാരം ഇത് 50.42 ശതമാനമാണ്. മൊത്തം റവന്യൂ ചെലവിന്റെ അനുപാതത്തില്‍ ഇതേ കാലയളവില്‍ ശമ്പളവും പെന്‍ഷനും 48.84, 43.62, 42.85 ശതമാനമാണ്. ഇതിന്റെ ഗണ്യമായ ഒരു ഭാഗമാകട്ടെ വികസന ചെലവുമാണ്. റവന്യൂ വരുമാനത്തില്‍ നിന്നുതന്നെ ശമ്പളവും പെന്‍ഷനും പലിശയും നല്കുന്നുണ്ട.് ഇത് കണക്കുകള്‍ വ്യക്തമാക്കുമ്പോള്‍, ശമ്പളവും പെന്‍ഷനും നല്കാന് കടം വാങ്ങുന്നു എന്ന പ്രചരണത്തിന് ഒരടിസ്ഥാനവുമില്ല.
ശമ്പള ചെലവിനെപ്പറി പലതരത്തില്‍ പ്രചാരണം നടക്കുന്നുണ്ട്. ബജറ്റ് ഇന്‍ ബ്രീഫിലെ പട്ടിക എ12 ഒന്നില്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ മൊത്തം ശമ്പള എസ്റ്റിമേറ്റ് 40,051.13 കോടി രൂപയാണ്. ഇതില്‍ ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ജലസേചനം തുടങ്ങിയ മേഖലകളിലെ വികസന ചെലവില്‍ ഉള്‍പ്പെടുന്നത് 30,607.33 കോടി രൂപ. ഇതിനര്‍ത്ഥം ആകെ ശമ്പള ചെലവിന്റെ 76.42 ശതമാനം വികസന തുറകളില്‍ വിനിയോഗിക്കപ്പെടുന്നു എന്നാണ്. വികസന ചെലവ് ധൂര്‍ത്താണെന്ന് എവിടെയെങ്കിലും, ആരെങ്കിലും പറയാറുണ്ടോ? ചില സ്ഥാപിത താത്പര്യക്കാരൊഴികെ മറ്റാരെങ്കിലും ഇത് അംഗീകരിക്കുമോ?
സംസ്ഥാന സര്‍ക്കാരുകളുടെ വായ്പാ പരിധി 2021-22 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ 4 ശതമാനത്തിനും 3 ശതമാനത്തിനും ഇടയില്‍ നിശ്ചയിച്ചുവല്ലോ. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ധന കമ്മി പരിധി 6 ശതമാനത്തിനും 4 ശതമാനത്തിനും ഇടയിലാണ് നിശ്ചയിച്ചിട്ടുള്ളത്. സാമൂഹ്യക്ഷേമ ചെലവുകളുടെ വലിയൊരു ഭാഗം സംസ്ഥാന സര്‍ക്കാരുകളുടെ ബാധ്യതയാണ്. പിന്നെന്തിന് അസന്തുലിതമായ സമീപനം ധനകാര്യ കമ്മീഷന്റെ ഭാഗത്തുനിന്നുപോലും ഉണ്ടായി എന്നത് ആശ്ചര്യജനകമാണ്. ഇതിനെതിരെ അവബോധമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ കടക്കെണിയാണെന്നു പറഞ്ഞ് പരിഹസിക്കുന്നത് ഈ നാടിന് ഗുണകരമല്ല.
സങ്കുചിത രാഷ്ട്രീയം വെച്ച് ഏതു വിധേനയും സംസ്ഥാന സര്‍ക്കാരിനെ താറടിക്കുക എന്ന
ലക്ഷ്യം മാത്രമാണ് ചിലര്‍ക്കുള്ളത്. ഇതിന്റെ ഒരു ഉത്തമ ദൃഷ്ടാന്തമാണ് സംസ്ഥാനത്തെ മന്ത്രിമാര്‍ ധൂര്‍ത്ത് നടത്തുന്നു എന്ന പ്രചരണം. 2023-24 ലെ ബജറ്റ് കണക്ക് പ്രകാരം കേരളത്തിന്റെ റവന്യൂ ചെലവിന്റെ എസ്റ്റിമേറ്റ് 1.59 ലക്ഷം കോടി രൂപയാണ്. മന്ത്രിസഭാംഗങ്ങള്‍ക്കും മറ്റുമുള്ള റവന്യൂ ചെലവ് ഇതിന്റെ 0.0087 ശതമാനമാണ്. എന്ത് ആഘാതമാണ് ഇത് സംസ്ഥാനത്തിന്റെ ചെലവിലും കമ്മിയിലും കടത്തിലും വരുത്തുന്നത്? ഇക്കാര്യത്തില്‍ ഒരു ധൂര്‍ത്തും കണക്കുകള്‍ തെളിയിക്കുന്നില്ല.
പര്‍വ്വതീകരിച്ച നുണകള്‍ക്ക് മറുപടി സംസാരിക്കുന്ന കണക്കുകളാണ്; വസ്തുതകളാണ്. അവ ശരിയായ രീതിയില്‍ വിശകലനം ചെയ്താല്‍ കേന്ദ്രസര്‍ക്കാരിന്റെ അസമത്വപൂര്‍ണ്ണമായ നയവും അതിനെ പിന്തുണയ്ക്കുന്ന യു.ഡി.എഫ് സമീപനവുമാണ് തെളിയുക. വായ്പാ പരിധി വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര സമീപനത്തോടൊപ്പം തന്നെ, കേരളം നേരിടുന്ന ഒരു പ്രധാന പ്രശ്നം കേന്ദ്ര ഗ്രാന്റുകളുടെയും നികുതിവിഹിതത്തിന്റെയും കാര്യമാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം 75 ശതമാനത്തില്‍ നിന്നും 60 ശതമാനമായി 2015-16 മുതല്‍ കുറച്ചു.
കേന്ദ്രത്തിന്റെ നികുതി വിഹിതം 14-ാം ധനകാര്യ കമ്മീഷന് കാലയളവിലെ (2015-16 മുതല്‍ 2019-20) 2.50 ശതമാനത്തില്‍നിന്നും 2020-21 മുതല്‍ 2025-26 കാലയളവില്‍ 1.92 ശതമാനമായി കുറഞ്ഞിരിക്കുന്നു. 2021-22 ല്‍ കേന്ദ്ര നികുതിവിഹിതമായി ലഭിച്ചത് 17,820 കോടി രൂപയാണ്. 2022-23 ലെ പുതുക്കിയ കണക്കുകള്‍ പ്രകാരം ഇത് 17,784 കോടി രൂപയാണ്. ഒരു വളര്‍ച്ചയുമില്ല; മുരടിപ്പാണ്. ഇതൊന്നും കാണാതെ, ഇവിടെ സംസ്ഥാന സര്‍ക്കാര്‍ നികുതി ഭീകരത നടത്തുന്നു എന്നു പറയുന്നത് യുക്തിക്ക് നിരക്കുന്നതാണോ?പ്രാദേശിക സാമ്പത്തിക സന്തുലിതാവസ്ഥയെ തകിടം മറിക്കുന്ന ബി.ജെ.പി. സര്‍ക്കാരിന്റെ സമീപനത്തിന്റെ ഫലമാണ് ഇപ്പോള്‍ കേരളത്തിന് വന്നിട്ടുള്ള നികുതി വിഹിതത്തിലെ ഗണ്യമായ കുറവ്.
Share of Kerala Infrastructure Investment Fund Board (KIIFB) from Motor Vehicle Tax- 2215 കോടി രൂപ, Share of Kerala Infrastructure Investment Fund Board (KIIFB) from Cess on Petrol and Diesel 594 കോടി രൂപ. ഇതാണ് കിഫ്ബിയ്ക്ക് ഇപ്പോളുള്ള വകയിരുത്തൽ.
കിഫ്ബി അപ്രസക്തമായി എന്ന പ്രതിപക്ഷത്തിന്റെ ആരോപണം അസംബന്ധമാണ്. കിഫ്ബിയുടെ വായ്പ സംസ്ഥാന കടപരിധിയില്‍ പെടുത്തിയെന്നാണ് പ്രതിപക്ഷ നേതാവും മറ്റും പറയുന്ന വാദം. എന്നാല്‍ പിന്നെ വകുപ്പുകള്‍ തന്നെ ആ പണം ഉപയോഗിച്ചു പണി ചെയ്താല്‍ പോരേ എന്നാണ് അവര്‍ ചോദിക്കുന്നത്. പണം ലിവറേജ് ചെയ്ത് പല മടങ്ങു മൂലധന നിക്ഷേപം ഉറപ്പു വരുത്തുക എന്നതാണ് കിഫ്ബിയുടെ ലക്ഷ്യം.
കിഫ്ബിയോട് എന്തിനാണിത്ര അസഹിഷ്ണുത? ആകാശ കുസുമം, മലര്‍പ്പൊടിക്കാരന്റെ സ്വപ്നം എന്നൊക്കെ നേരത്തെ അധിക്ഷേപിച്ചില്ലേ? ഒടുവില്‍ കിഫ്ബി മുഖേന ആശുപത്രികളും സ്കൂളുകളും പാലങ്ങളും റോഡുകളും സ്വന്തം മണ്ഡലങ്ങളില്‍ യാഥാര്‍ഥ്യമായപ്പോള്‍ അത് മോശമാണെന്നു പറയുകയാണോ, അവയുടെ ക്രഡിറ്റ് സ്വന്തം അക്കൗണ്ടില്‍ പെടുത്തുകയാണോ ചെയ്തത് എന്ന് പ്രതിപക്ഷത്തെ പ്രമുഖരുള്‍പ്പെടെ ഓര്‍ത്തുനോക്കുന്നത് നന്നാകും.
സര്‍ക്കാരിന് നേരിട്ട് കടം എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കേന്ദ്രമുള്‍പ്പെടെ ചെയ്യുന്നതുപോലെ ആന്യുറ്റി മോഡല്‍ ബോഡി കോര്‍പ്പറേറ്റുകളിലൂടെ കേരളം ബദല്‍ വികസനമാര്‍ഗങ്ങള്‍ ആരാഞ്ഞത്. കേരളത്തിന്റെ വികസനസ്വപ്നങ്ങള്‍ക്ക് കിഫ്ബി ഊര്‍ജ്ജമേകിയത് അങ്ങനെയാണ്.
എന്നാല്‍ കിഫ്ബിയും സാമൂഹ്യ സുരക്ഷാ പെന്ഷന് കമ്പനിയും കടമെടുക്കുന്ന തുക ‘ഓഫ് ബജറ്റ് ബോറോയിങ്’ ആയി പരിഗണിക്കുമെന്നും അത് സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പായി കണക്കാക്കുമെന്നുമാണ് കേന്ദ്രസര്‍ക്കാരെടുത്ത നിലപാട്. കേന്ദ്ര സര്‍ക്കാരിനുകീഴിലെ ആന്യുറ്റി മോഡല്‍ ബോഡി കോര്‍പ്പറേറ്റുകളുടെ വായ്പ കേന്ദ്ര സര്‍ക്കാരിന്റെ അക്കൗണ്ടില്‍ പെടുത്താത്തപ്പോഴാണ് സംസ്ഥാനങ്ങള്‍ക്കെതിരെ ഇങ്ങനെയൊരു നിലപാട്. കിഫ്ബി, പെന്ഷന് കമ്പനി തുടങ്ങിയവ വഴി കടം എടുക്കുന്നതും സംസ്ഥാന സര്‍ക്കാരിന്റെ 3.5 ശതമാനം വായ്പാപരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് ചുരുക്കം. കിഫ്ബിയുടെ മസാല ബോണ്ടിനെതിരെയും വന്നു കേന്ദ്രത്തിന്റെ ഇണ്ടാസുകള്‍.
കേന്ദ്ര സര്‍ക്കാരിനുകീഴിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റി പോലെയാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നത്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് മസാലബോണ്ടു വഴി 5000 കോടി രൂപ സമാഹരിക്കാന്‍ റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കുകയും അവര്‍ ബോണ്ട് പുറപ്പെടുവിക്കുകയും ചെയ്തതാണ്. കിഫ്ബിയുടെ മസാല ബോണ്ട് ഫെമ ലംഘനവും തെറ്റായ ധനസമാഹരണവും ആവുകയും ഹൈവേ അതോറിറ്റിയുടെ മസാല ബോണ്ട് പരിശുദ്ധമാവുകയും ചെയ്യുന്ന വിചിത്രമായ ലോജിക്കാണ് കേന്ദ്ര ഗവൺമെന്റ് മുന്നോട്ടുവെച്ചത്. കിഫ്ബി, പെന്ഷന് ഫണ്ട് എന്നിവയുടെ വായ്പയിനത്തില്‍ 14,000 കോടി രൂപയാണ് കേരളത്തിന്റെ അനുവദനീയമായ കടമെടുപ്പ് തുകയില്‍ നിന്നും കേന്ദ്രം വെട്ടിക്കുറച്ചത്.
ഒരു മേഖലയെയും ഒഴിവാക്കിയിട്ടില്ല. നാം കാലിടറിപ്പോകരുത് എന്നതുതന്നെയാണ് സര്‍ക്കാരിന്റെ നിര്‍ബന്ധം. സംസ്ഥാനത്തിന് മുന്നോട്ടു പോകണമെങ്കില്‍ ചില നികുതി പരിഷ്കരണങ്ങള്‍ അനിവാര്യമാണ്. ഇപ്പോഴും സര്‍ക്കാര്‍ അതേ ചെയ്തിട്ടുള്ളൂ. കേന്ദ്രം ഞെരുക്കുന്നതിനെ എതിര്‍ക്കാതിരിക്കുകയും സംസ്ഥാനത്തിന് വിഭവ സമാഹരണത്തിന് തടസ്സം നില്‍ക്കുകയും ചെയ്യുന്നത് ആരുടെ നډയ്ക്കു വേണ്ടിയാണ്? ഈ നാട്ടിലെ ജനങ്ങളുടെ നന്മയ്ക്കു വേണ്ടിയല്ല. ഇത്രയും ഇവിടെ പറയേണ്ടി വന്നത്, ബജറ്റില്‍ കൊണ്ടുവന്ന പുതിയ നിര്‍ദേശങ്ങളെ നശീകരണ സ്വഭാവത്തോടെ എതിര്‍ക്കുന്ന പ്രതിപക്ഷ സമീപനം തുടരുന്നത് കൊണ്ടാണ്. എതിര്‍പ്പിന് വേണ്ടിയുള്ള ഇത്തരം സമീപനം പ്രതിപക്ഷം ഒഴിവാക്കണം. നാടിനു വേണ്ടി ഒന്നിച്ച് നില്ക്കാന് തയാറാകണം എന്നാണു ഈ ഘട്ടത്തില്‍ അഭ്യര്‍ത്ഥിക്കാനുള്ളത്.
ഇന്ത്യയിലെ നിയന്ത്രിത ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം പരിമിതമാണ്. സംസ്ഥാനങ്ങളുടെ ഫിസ്കല്‍ സ്പേസ് കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളില്‍ വീണ്ടും ചുരുങ്ങിയിട്ടുണ്ട്. ഇതിന് കോണ്‍ഗ്രസ് – ബി.ജെ.പി. സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്ത്വമുണ്ട്. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ക്ഷേമ വികസന നയം നടപ്പാക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ എല്‍.ഡി.എഫ്. സര്‍ക്കാര്‍. ഇതിനായുള്ള നടപടികളെ കണ്ണടച്ച് എതിര്‍ക്കുയാണ് കോണ്‍ഗ്രസ്സും ബിജെപിയും. അതവരുടെ രാഷ്ട്രീയം. ആ രാഷ്ട്രീയം പക്ഷെ കേരളത്തിലെ ജനങ്ങള്‍ തിരസ്കരിക്കുന്ന രാഷ്ട്രീയമാണ്.
യു.ഡി.എഫിന്റെ കാലത്ത് കട്ടപ്പുറത്തിരുന്ന പദ്ധതികള്‍ പലതും ഇന്ന് യാഥാര്‍ത്ഥ്യമാവുകയാണ്. ദേശീയപാത വികസന കാര്യത്തില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം സംസ്ഥാനത്തിന് ഭാരിച്ച ചെലവ് വര്‍ദ്ധനയുണ്ടായി. സംസ്ഥാന സര്‍ക്കാരിന് സ്ഥലമേറ്റെടുക്കലിന്റെ 25 ശതമാനം ചെലവ് വഹിക്കേണ്ടതായും വന്നു. ഇന്ന് ദേശീയപാതാ വികസനം വളരെ വേഗത്തില്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. ചലിക്കുന്ന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലൂടെ വളരുന്ന കേരളത്തെയാണ് നാമിന്ന് കാണുന്നത്. സ്ഥിതിവിവരക്കണക്കുകള്‍ തെറ്റായി അവതരിപ്പിച്ച് ഇതിനെ മറച്ചുപിടിക്കാനുള്ള പാഴ്ശ്രമം യു.ഡി.എഫ് അവസാനിപ്പിക്കണം.
സംസ്ഥാനത്തിന്റെ അവകാശങ്ങളും വികസന ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാരിനു മുന്നില്‍
സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഉന്നയിക്കുന്നുണ്ട്. യു.ഡി.എഫ് ഇക്കാര്യത്തിലെല്ലാം കേരളത്തിന്റെ വികസന ആവശ്യങ്ങള്‍ക്ക് പ്രതികൂലമായ സമീപനമാണ് കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ പോലും സ്വീകരിക്കുന്നത്. ഇത്തരത്തില്‍ സംസ്ഥാന താല്‍പ്പര്യത്തിന് എല്ലാ വിധത്തിലും തടസ്സം സൃഷ്ടിക്കുന്ന സമീപനം സ്വീകരിക്കുന്ന യു.ഡി.എഫിന്റെയും കേരളത്തെ നശീകരണ ബുദ്ധിയോടെ കാണുന്ന ബിജെപിയുടെയും ഭാഗത്തുനിന്ന് കേരളത്തിന്റെ ധനസ്ഥിതിയെപ്പറ്റി തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ വരുന്നതിനെ ആ രീതിയില്‍ തന്നെ ജനങ്ങള്‍ കാണുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്.
നൂറുദിന പരിപാടി
തുടര്‍വിജയം നേടി ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റ് ഈ മെയ് ഇരുപതിന് രണ്ടു വര്‍ഷം പൂര്‍ത്തിയാവുകയാണ്. പ്രകടന പത്രികയില്‍ നല്കിയ 900 വാഗ്ദാനങ്ങള്‍ നടപ്പാക്കി സ്ഥായിയായ വികസന മാതൃക യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അതിനായി കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ മുന്നോട്ടുകൊണ്ടുപോവുകയാണ്.
പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉള്‍പ്പെടുത്തി പ്രത്യേക നൂറുദിന കര്‍മ്മപരിപാടി ആവിഷ്കരിക്കാനും കഴിഞ്ഞു. രണ്ട് നൂറുദിന കര്‍മ്മപരിപാടികളാണ് ഒന്നേ മുക്കാല്‍ വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയത്. രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മൂന്നാമത്തെ നൂറു ദിന കര്‍മ്മപരിപാടി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു. നാളെ (ഫെബ്രുവരി 10) മുതല്‍ 100 ദിവസം കൊണ്ട് 15896.03 കോടിയുടെ പദ്ധതികള്‍ നടപ്പാക്കും.
പശ്ചാത്തല വികസന പരിപാടികളും നൂറുദിന പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വകുപ്പുതലത്തിലുള്ള വിശദ വിവരങ്ങള്‍ പരിപാടിയുടെ ഭാഗമായുള്ള വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനാല്‍ ഇവിടെ ഓരോ പരിപാടിയും പ്രത്യേകം എടുത്തു പറയുന്നില്ല.
എങ്കിലും പ്രധാനപ്പെട്ട ചിലത് ഇവിടെ പറയുകയാണ്. ലൈഫ് പദ്ധതിയുടെ ഭാഗമായി 20,000 വ്യക്തിഗത ഭവനങ്ങളുടെ പൂര്‍ത്തീകരണം നൂറുദിന പരിപാടിയില്‍ ലക്ഷ്യമിടുന്നു. മെയ് 17 ന് കുടുംബശ്രീ സ്ഥാപക ദിനം ആചരിക്കുന്നതാണ്. കുടുംബശ്രീയുടെ ഉല്‍പ്പന്നങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കും.
പച്ചക്കറി ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് അത്യുല്‍പ്പാദന ശേഷിയുള്ള ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ ഉല്‍പ്പാദനവും വിതരണവും ആരംഭിക്കും. റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി വയനാട് സെന്റര്‍ ഓഫ് എക്സലന്‍സ് കാര്‍ഷിക വികസനത്തിന്റെ ഭാഗമായി നടപ്പിലാക്കും.
സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 500 ഏക്കര്‍ തരിശുഭൂമിയില്‍ 7 ജില്ലകളില്‍ ഒരു ജില്ലക്ക് ഒരു വിള അനുയോജ്യമായ പദ്ധതി നടപ്പാക്കുന്നതാണ്. ഫ്ളോട്ടിംഗ് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി ഏകജാലക അനുമതി സംവിധാനം ഏര്‍പ്പെടുത്തും.
ബ്രഹ്മപുരം സൗരോര്‍ജജ പ്ലാന്റിന്റെ ഉദ്ഘാടനവും നടത്തും. 275 മെഗാവട്ട് വൈദ്യുതി ഉല്‍പ്പാദനശേഷിയുള്ള പദ്ധതിയാണിത്. പാലക്കാട് ജില്ലയിലെ നടുപ്പതി ആദിവാസി ആവാസ മേഖലകളില്‍ വിദൂര ആദിവാസി കോളനികളിലെ മൈക്രോ ഗ്രിഡ് പദ്ധതി ഉദ്ഘാടനം ചെയ്യും.
വ്യവസായ വകുപ്പിന്റെ പദ്ധതിയായ ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി 2,80,934 പ്രത്യക്ഷ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ജലവിഭവ വകുപ്പ് 1879.89 കോടിയുടെയും, പൊതുമരാമത്ത് വകുപ്പില്‍ 2610.56 കോടിയുടെയും, വൈദ്യുതി വകുപ്പില്‍ 1981.13 കോടിയുടെയും, തദ്ദേശസ്വയംഭരണ വകുപ്പ് 1595.11 കോടിയുടെയും അടങ്കലുള്ള പരിപാടികളാണ് നടപ്പിലാക്കുന്നത്. ഈ നൂറുദിന പരിപാടി സമാപിക്കുമ്പോള്‍ മുന്‍ പരിപാടികളെപ്പോലെ നടപ്പാക്കിയ പ്രോജക്റ്റുടെ പുരോഗതി വെബ്സൈറ്റിലൂടെ ജനങ്ങളെ അറിയിക്കുന്നതാണ്.
You may like
India
ധ്രുവ് റാത്തിക്ക് കേരളത്തിലും ഫാന്‍സ് അസോസിയേഷന്; ‘ഹൃദയാഭിവാദ്യങ്ങളു’മായി ഫ്ലക്സ്
Published
7 months agoon
June 6, 2024By
gulfgtvനിലമ്പൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പ് ജനവിധിയില്‍ ബിജെപിക്കുണ്ടായ പ്രഹരത്തെ തുടര്‍ന്ന് യൂ ട്യൂബര്‍ ധ്രുവ് റാത്തിക്ക് ആശംസകളര്‍പ്പിച്ച് ഫാന്‍സ് അസോസിയേഷന്. മലപ്പുറം ജില്ലയിലെ നിലമ്പൂരിലുള്ള ജനതപ്പടിയിലാണ് ധ്രുവിന് ആശംസ അര്‍പ്പിച്ച് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ‘ജനാധിപത്യം വീണ്ടെടുക്കാന്‍ പ്രയത്നിച്ച സോഷ്യല്‍മീഡിയ പോരാളിക്ക് ഹൃദയാഭിവാദ്യങ്ങള്‍’ എന്നെഴുതിയ ഫ്ലക്സാണ് ജനതപ്പടിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം നേരിട്ട തിരിച്ചടിയില്‍ യുട്യൂബറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ധ്രുവ് റാത്തിയുടെ പങ്കിനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ നേരത്തെ വ്യാപക പോസ്റ്ററുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലും ഫാന്‍സ് അസോസിയേഷന് രംഗത്തെത്തിയിരിക്കുന്നത്.
ഉത്തര്‍പ്രദേശ് അടക്കം ബിജെപി ഹൃദയഭൂമിയില്‍ ബിജെപിക്ക് അടിപതറിയതില്‍ സോഷ്യല്‍ മീഡിയയിലെ ധ്രുവിന്റെ ഇടപെടല്‍ വലിയ പങ്കുവഹിച്ചെന്നും സാധാരണക്കാരുടെ നെഞ്ചില്‍ കയറിക്കൂടിയത് ധ്രുവിന്റെ വാക്കുകളാണെന്നും സോഷ്യല്‍ മീഡിയ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തിന്റെ അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്നങ്ങള്‍ അവതരിപ്പിച്ച് മോദി സര്‍ക്കാരിനെ തുറന്നുകാട്ടിയ ധ്രുവ് റാത്തിയുടെ വീഡിയോ മിനിറ്റുകള്‍ക്കകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
2024 ഫെബ്രുവരി 22- ന് ധ്രുവ് റാത്തി പോസ്റ്റ് ചെയ്ത ‘ ഇന്ത്യ ഏകാധിപത്യത്തിലേക്ക് പോവുകയാണോ?’ എന്ന ഒരൊറ്റ വീഡിയോ മാത്രം കണ്ടത് കോടിക്കണക്കിന് പേരായിരുന്നു. ശേഷം ഇത് വരെയുള്ള തുടര്‍ച്ചയായ ദിവസങ്ങളിലെ ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ഇത് ആദ്യ പത്തില്‍ ഇടം പിടിച്ചു. ആരോപണ പ്രത്യാരോപണങ്ങളല്ലാതെ കൃത്യമായ വിവരങ്ങള്‍ പങ്ക് വെക്കാന്‍ ശ്രമിച്ച് വിശകലനം ചെയ്യുന്ന രീതിയാണ് ധ്രുവിന്റേത്. മാസത്തില്‍ പത്തില്‍ താഴെ വീഡിയോ മാത്രമാണ് ധ്രുവ് യുട്യൂബില്‍ പോസ്റ്റ് ചെയ്യാറുള്ളത്.എന്നിട്ട് പോലും ഇന്ത്യയുടെ മുഖ്യ വാര്‍ത്താ ചാനലുകളേക്കാള്‍ അധികം, ഏകദേശം 20 മില്യണ്‍ സബ്സ്ക്രൈബേഴ്സ് ധ്രുവിനുണ്ട് . കഴിഞ്ഞ വര്‍ഷത്തെ ടൈം മാഗസിന്റെ ‘Next Generation Leaders’ പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരന് കൂടിയാണ് ധ്രുവ്.
കര്‍ഷക സമരം, ലഡാക്കിലെ പ്രതിഷേധങ്ങള്‍, ഇലക്ട്രറല്‍ ബോണ്ട് വിഷയം തുടങ്ങിയവയെല്ലാം സാധാരണക്കാരിലേക്ക് എത്തിച്ചത് ധ്രുവ് റാത്തിയാണ്. മെക്കാനിക്കല്‍, റിന്യൂവബ്ള്‍ എനര്‍ജി എന്‍ജിനീയിറിംഗില്‍ മാസ്റ്റേഴ്സ് ഡിഗ്രിയുള്ള ധ്രുവ് റാഠി ബെര്‍ലിനിലാണ് താമസം. ധ്രുവ് റാത്തി വ്ളോഗിന് രണ്ടുകോടിയിലേറെ സബ്സ്ക്രൈബര്‍മാരുണ്ട്. തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി, കന്നഡ ഭാഷകളില്‍ പുതിയ യൂട്യൂബ് ചാനലുകളും വരുന്നുണ്ട്. പിന്നീട് മലയാളം, ഗുജറാത്തി, ഒഡിയ ഭാഷകളില്‍ വാട്സാപ്പ് ചാനലുകള്‍ പരീക്ഷിക്കാനും പദ്ധതിയുണ്ടെന്നാണ് സൂചന.
Gulf
‘ആകാശ പണിമുടക്കില്‍’ വലഞ്ഞ് യാത്രക്കാര്‍; കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി
Published
8 months agoon
May 9, 2024By
gulfgtvകൊച്ചി: ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ സര്‍വീസ് റദ്ദാക്കിയത് രണ്ടാം ദിവസവും യാത്രക്കാരെ വലച്ചു. ജീവനക്കാര്‍ പണിമുടക്ക് തുടരുന്നതിനാല്‍ എയര്‍ ഇന്ത്യയുടെ കൂടുതല്‍ സര്‍വീസുകള്‍ രണ്ടാം ദിവസവും റദ്ദാക്കി. നെടുമ്പാശ്ശേരിയിൽ നിന്ന് രാവിലെ 8.50ന് മസ്ക്കറ്റിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ് പ്രസ്സ് വിമാനം റദ്ദാക്കി. കരിപ്പൂരില്‍ റദ്ദാക്കിയത് മൂന്ന് സര്‍വീസുകളാണ്. അല്‍ ഐന്‍, ജിദ്ദ, ദോഹ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകളാണ് കരിപ്പൂരില്‍ നിന്ന് റദ്ദാക്കിയത്. രാവിലെ എട്ടിന് പുറപ്പെടേണ്ട അല്‍ ഐന്‍ സര്‍വീസ്, 08.50നുള്ള ജിദ്ദ, 09.30നുള്ള ദോഹ എന്നിവയാണ് റദ്ദാക്കിയ സര്‍വീസുകള്‍.
8.30ന് പുറപ്പെടേണ്ട തിരുവനന്തപുരം -മസ്ക്കറ്റ് എയര്‍ ഇന്ത്യ എക്സ്പ്രസ്സും റദ്ദാക്കിയിരുന്നു. കണ്ണൂരില്‍ നാല് സര്‍വീസുകളാണ് റദ്ദാക്കിയത്. ഷാര്‍ജ, അബുദബി, ദമാം, മസ്ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് കണ്ണൂരില്‍ നിന്ന് റദ്ദാക്കിയത്. കരിപ്പൂരിൽ നിന്നുള്ള രണ്ട് സർവീസുകൾ കൂടി റദ്ദാക്കിയിട്ടുണ്ട്. സലാല, റിയാദ് വിമാനങ്ങളാണ് റദ്ദാക്കിയത്.
വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം തുടരുകയാണ്. ഇന്നലെ രാത്രിയും സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ക്യാബിന് ക്രൂ അംഗങ്ങളില്‍ ഒരു വിഭാഗം കൂട്ട അവധിയെടുത്തതോടെയാണ് എയര്‍ ഇന്ത്യയില്‍ സര്‍വ്വീസ് പ്രതിസന്ധിയിലായത്. 200 ലധികം ക്യാബിന് ക്രൂ ജീവനക്കാര്‍ സിക്ക് ലീവ് എടുക്കുകയായിരുന്നു.
നിരവധി ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകളാണ് കഴിഞ്ഞ ദിവസം മുതല്‍ റദ്ദാക്കിയത്. അപ്രതീക്ഷിതമായി സര്‍വീസുകള്‍ റദ്ദാക്കിയതുമൂലം നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ഫ്ളൈറ്റ് റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ക്ഷമ ചോദിച്ചിരുന്നു. ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതികരിച്ചു. യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളിലും സര്‍വീസ് മുടങ്ങുമെന്ന് എയര്‍ ഇന്ത്യ എംഡി അറിയിച്ചു. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളിലും നിരവധി യാത്രക്കാര്‍ വലഞ്ഞു. തിരുവനന്തപുരത്തേക്ക് എത്തേണ്ട നാലു വിമാനങ്ങളും റദ്ദാക്കി.
കണ്ണൂരും കരിപ്പൂരും യാത്രക്കാര്‍ ബഹളം വച്ചു. തിരുവനന്തപുരത്തും പ്രതിഷേധം ഉണ്ടായി. വിമാനത്താവളങ്ങളില്‍ നിന്ന് കൃത്യമായ അറിയിപ്പോ അടിസ്ഥാന സൗകര്യങ്ങളോ ലഭിച്ചില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. കൂടാതെ ഇന്ന് ജോലിക്കെത്തേണ്ടവരും വീസ കാലാവധി തീരുന്നവരും പെരുവഴിയിലായി.
Gulf
ഉദ്യോഗാര്‍ത്ഥികളേ ജാഗ്രത പാലിക്കുക; വ്യാജസീല്‍ ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്, മുന്നറിയിപ്പ്
Published
9 months agoon
April 7, 2024By
gulfgtvതിരുവനന്തപുരം: നോർക്ക റൂട്ട്സിൻറെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന് സെന്ററില്‍ എച്ച്.ആര്.ഡി അറ്റസ്റ്റേഷനായി സമര്‍പ്പിച്ച വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോൾ വ്യാജസീല്‍ ഉപയോഗിച്ച് അറ്റസ്റ്റേഷന് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം തുടര്‍ നിയമ നടപടികള്‍ക്കായി കൈമാറുകയും ചെയ്തിട്ടുണ്ട്. ഏജന്‍സികളും ഇടനിലക്കാരും വഴി ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്.
വ്യാജ അറ്റസ്റ്റേഷൻ ശ്രദ്ധയിൽപ്പെടുന്ന സാഹചര്യങ്ങളിൽ നിയമപരമായ നടപടികൾക്കായി സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടി വരുന്നതിനാൽ ജോലിനഷ്ടം, കാലവിളംബം എന്നിവയ്ക്കും നിയമനടപടികൾക്കും സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രതപാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത്ത് കോളശ്ശേരി അറിയിച്ചു.
സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനോ മറ്റ് സേവനങ്ങള്‍ക്കോ സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് ഏതെങ്കിലും വ്യക്തിയേയോ സ്ഥാപനത്തേയോ ചുമതലപ്പെടുത്തിയിട്ടില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുതിന് കേന്ദ്ര-കേരള ഗവണ്മെന്റുകള് അധികാരപ്പെടുത്തിയിട്ടുള്ള ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്സ്. വിദ്യാഭ്യാസ വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്റ്റേഷന്, എം.ഇ.എ (മിനിസ്ട്രി ഓഫ് എക്സ്റ്റേണല്‍ അഫയേഴ്സ്) സാക്ഷ്യപ്പെടുത്തല്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍, അപ്പോസ്റ്റെല്‍ അറ്റസ്റ്റേഷന് സേവനങ്ങള്‍ നോര്‍ക്ക റൂട്ട്സ് വഴി ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ടോ അല്ലെങ്കില്‍ ചുമതലപ്പെടുത്തുന്ന വ്യക്തിക്കോ നോര്‍ക്ക റൂട്ട്സ് ഓഫീസുകളില്‍ നിന്നും മേല്പറഞ്ഞ സേവനങ്ങള്‍ ലഭ്യമാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
മാനവ സഞ്ചാര യാത്ര നായകൻ ഡോ; ഹകീം അസ്ഹരികുള്ള സ്വീകരണവും യുഎഇ ദേശീയ ദിന ആഘോഷവും വെള്ളിയാഴ്ച ഷാർജയിൽ
ദുബായ് മെട്രോ ബ്ലൂ ലൈൻ 2029 സെപ്റ്റംബർ 9 ന് പ്രവർത്തനം ആരംഭിക്കും
വാട്സാപ്പിലൂടെ യുവതിയെ അവഹേളിച്ച യുവാവിനെതിരെ അല്‍ ഐയ്ന്‍ കോടതി ശിക്ഷ വിധിച്ചു
അറബിക് ചരിത്ര നിഘണ്ടുവിനുള്ള ഗിന്നസ് റെക്കാർഡ് ഷാർജ ഭരണാധികാരി ഏറ്റുവാങ്ങി
ഘോർഫുക്കാൻ ബസ് അപകടം; മരിച്ചവരുടെ കുടുംബത്തെ സഹായിക്കുമെന്ന് ഇന്ത്യൻ കോൺസുലേറ്റ്
57 കോടിയുടെ ഭാഗ്യം ഷാർജയിലെ സെയിൽസ്മാനായ മലയാളിക്ക്
ഖോർഫക്കാനിൽ ബസ് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു
50 പേർക്ക് സൗജന്യ ഉംറ യാത്ര ഒരുക്കി ബർദുബായ് ഫുഡ് ടീം
ഷറഫുദ്ദീൻ വലിയ കത്ത് മുഖ്യരക്ഷാധികാരിയും പുന്നക്കൻ മുഹമ്മദലി പ്രസിഡൻ്റുമായി ദർശന കലാസാംസ്കാരിക വേദി പുനഃസംഘടിപ്പിച്ചു
യുഎഇയില്‍ ഇനി ബാങ്ക് അക്കൗണ്ടിന്റെ ആവശ്യമില്ല, അല്ലാതെതന്നെ ശമ്പളം അക്കൗണ്ടിലെത്തും
Trending
-
World12 months ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Interviews2 years ago
യുഎഇയിൽ സാന്ത്വനമായി മലയാളി വനിത
-
Gulf1 year ago
മദനീയം ലത്തീഫ് സഖാഫിക്ക് പ്രവാസ ലോകത്തിന്റെ ആദരം
-
Gulf2 years ago
സേവനം സ്നേഹ സംഗമം @20 അബുദാബിയിൽ നടന്നു.
-
Gulf2 years ago
ഗ്ലോബൽ പ്രവാസി യൂണിയൻ അജ്മാൻ കമ്മിറ്റിയും റിലീഫ് മെഡിക്കൽ സെന്റർ അജ്മാനും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
-
Gulf2 years ago
വ്യാജ റിക്രൂട്മെന്റ് വഴി യുഎഇയിൽ എത്തിയ ഒട്ടേറെ മലയാളി വനിതകൾ ജോലിയില്ലാതെ അലയുന്നു
-
Gulf10 months ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf11 months ago
ടി.എച്ച് മുസ്തഫയുടെ നിര്യാണത്തിൽ ഗ്ലോബൽ പ്രവാസി അസോസിയേഷൻ അനുശോചനവും പ്രാർത്ഥന സദസും നടത്തി