ഒമാൻ: 53ാം ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ച് ഒമാൻ. നവംബർ 22 ബുധൻ, നവംബർ 23 വ്യാഴം എന്നീ ദിവസങ്ങളിൽ ആയിരിക്കും അവധി ലഭിക്കുക. സുൽത്താൻ ഹൈതം ബിൻ താരിക്ക് ആണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറത്തിറക്കിയത്. ഒമാൻ ന്യൂസ് ഏജൻസിയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഓൺലെെൻ പ്ലാറ്റ്ഫോം ആയ എക്സിലൂടെ ഒമാൻ ന്യൂസ് ഏജൻസി വിവരങ്ങൾ പുറത്തുവിട്ടു.
പൊതു മേഖലയിലും, സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്നവർക്ക് അവധി ബാധകമായിരിക്കും. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ജീവനക്കാരുടെ അനുമതിയോടെ ആവശ്യമെങ്കിൽ ഈ ദിവസങ്ങളിൽ ജോലി ചെയ്യാൻ അനുവാദം ഉണ്ടായിരിക്കും. എന്നാൽ നിയമങ്ങൾ പാലിച്ച് മാത്രമായിരിക്കും അവർക്ക് ജോലി ചെയ്യാൻ അനുമതി. ഒമാനിലെ ദേശീയദിന അവധി ബുധൻ, വ്യാഴം ദിവസങ്ങളിൽ ആണ്. അത് കഴിഞ്ഞ് വാരാന്ത്യ അവധിയാണ് വെള്ളി, ശനി ദിവസങ്ങൾ. ഇതുകൂടി ഒരുമിച്ച് വരുന്നതിനാൽ നാല് ദിവസത്തെ അവധി ലഭിക്കും.
രാജ്യത്തിന്റെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങൾ വിപുലമായി ഇത്തവണ ഒമാൻ നടത്തില്ല. മിലിറ്ററി പരേഡ്, പതാക ഉയർത്തൽ എന്നീ ചടങ്ങുകൾ മാത്രമായിരിക്കും ഉണ്ടായിരിക്കുക. പരിപാടികൾ ചുരുക്കുന്ന കാര്യം ഒമാൻ അധികൃതർ നേരത്തെ തന്നെ അറിയിപ്പ് നൽകിയിരുന്നു.