പറ്റ്ന: ഹൗറയ്ക്കും പറ്റ്നയ്ക്കും ഇടയിൽ സർവീസ് ആരംഭിക്കുന്ന വന്ദേ ഭാരത് ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം വിജയം. ശനിയാഴ്ചയാണ് റൂട്ടിൽ ട്രെയിൻ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിയത്. ബിഹാറിലേക്കുള്ള രണ്ടാമത്തെ വന്ദേ ഭാരത് സർവീസാണ് പുതുതായി സർവീസിന് ഒരുങ്ങുന്നത്. ജൂൺ 27ന് പറ്റ്ന – റാഞ്ചി റൂട്ടില്‍ വന്ദേഭാരത് ട്രെയിന്‍ ആരംഭിച്ചിരുന്നു. പറ്റ്ന – ഹൗറ വന്ദേ ഭാരതിന്‍റെ പരീക്ഷണ ഓട്ടം വിജയകരമാണെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ വ്യക്തമാക്തി.
പറ്റ്നയിൽ നിന്ന് രാവിലെ 8 മണിക്ക് യാത്ര പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 2.30നാണ് ഹൗറയിൽ എത്തിയതെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ പബ്ലിക് റിലേഷൻ ഓഫീസർ ബീരേന്ദ്ര കുമാർ പറഞ്ഞു. ‘ഏകദേശം 6 മണിക്കൂറും 30 മിനിറ്റും കൊണ്ടാണ് ട്രെയിൻ 535 കിലോമീറ്റർ ദൂരം പിന്നിട്ടത്. ജാസിദിഹ്, അസൻസോൾ സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പുകളുണ്ടായിരുന്നു. മടക്കയാത്ര ഹൗറയിൽ നിന്ന് 3.55 ന് പുറപ്പെട്ട് രാത്രി 10.35 ഓടെ പറ്റ്ന ജംഗ്ഷനിലെത്തി,’ അദ്ദേഹം പറഞ്ഞു.
ഈ മാസം തന്നെ പറ്റ്ന – ഹൗറ റൂട്ടിൽ ട്രെയിൻ സർവീസ് ആരംഭിക്കുമെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഉടൻ തന്നെ ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുമെന്നും റെയിൽവേ പറഞ്ഞു. ട്രെയിനില്‍ എസി എക്സിക്യൂട്ടീവ് ക്ലാസിൽ 2,650 രൂപയും എസി ചെയര്‍ കാറിന് 1,450 രൂപയുമാണ് പ്രതീക്ഷിക്കുന്നത്.
ഓഗസ്റ്റ് മാസത്തിൽ കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്ത് സർവീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണ റെയിൽവേയ്ക്ക് ലഭിച്ച നാല് വന്ദേ ഭാരതും സർവീസിന് തയ്യാറായി നിൽക്കുകയാണ്. ബെംഗളൂരു – ഹൈദരാബാദ് വന്ദേ ഭാരത്, ചെന്നൈ – തിരുനെൽവേലി വന്ദേ ഭാരത് തുടങ്ങിയവയുടെയും നടപടികൾ പൂർത്തിയായിട്ടുണ്ട്.