Gulf

ദുബായ് ഗോള്‍ഡന്‍ വിസ ലഭിച്ചവരുടെ എണ്ണത്തില്‍ ഈ വര്‍ഷം 52 ശതമാനം വര്‍ധന

Published

on

ദുബായ്: ഈ വര്‍ഷം ദുബായ് ഗോള്‍ഡന്‍ വിസ ലഭിച്ചവരുടെ എണ്ണം 52 ശതമാനം വര്‍ധിച്ചു. റെസിഡന്‍സി പെര്‍മിറ്റ്, വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ തുടങ്ങി എല്ലാ വിസകളുടെയും എണ്ണം വര്‍ധിച്ചതായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) അറിയിച്ചു.

2022ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2023ന്റെ ആദ്യ പകുതിയില്‍ അനുവദിച്ച ഗോള്‍ഡന്‍ വിസകളുടെ എണ്ണത്തില്‍ 52 ശതമാനമാണ് വര്‍ധന. ഇതേ കാലയളവില്‍ റെസിഡന്‍സി പെര്‍മിറ്റുകളുടെ എണ്ണം 63 ശതമാനവും ഉയര്‍ന്നു. രാജ്യത്ത് കൂടുതല്‍ പേര്‍ ജോലിക്ക് എത്തുന്നുവെന്നും സാമ്പത്തിക, വാണിജ്യ, തൊഴില്‍ മേഖലകള്‍ ശക്തമാണെന്നും ഈ കണക്കുകള്‍ സൂചന നല്‍കുന്നുണ്ട്.

വിസിറ്റ് വിസയില്‍ 34 ശതമാനവും ടൂറിസ്റ്റ് വിസയില്‍ 21 ശതമാനവും വര്‍ധനവാണ് ഉണ്ടായത്. കൂടുതല്‍ പ്രവാസികളെയും വിനോദസഞ്ചാരികളെയും വിദേശ നിക്ഷേപങ്ങളും സ്വാഗതം ചെയ്യുന്നതിനായി യുഎഇ ശ്രമങ്ങള്‍ ശക്തമാക്കിയിരുന്നു. ജിഡിആര്‍എഫ്എ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിലാണ് ഈ കണക്ക് പ്രഖ്യാപിച്ചത്. സെപ്തംബര്‍ 19, 20 തീയതികളില്‍ ദുബായില്‍ നടക്കുന്ന ‘ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ പോളിസി മേക്കിങ്: ദി ഫ്യൂച്ചര്‍ ഓഫ് പോര്‍ട്ട്‌സ്’ സംബന്ധിച്ച വിശദാംശങ്ങള്‍ പങ്കുവെക്കാനാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. പോര്‍ട്ട് മാനേജ്‌മെന്റ് വിദഗ്ധര്‍ക്ക് അറിവും വൈദഗ്ധ്യവും പങ്കിടുന്നതിനുള്ള അന്താരാഷ്ട്ര വേദിയൊരുക്കാനാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.

പ്രതിമാസം 30,000 ദിര്‍ഹം ശമ്പളം നേടുകയാണെങ്കില്‍ യുഎഇ ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ അര്‍ഹതയുണ്ട്. 10 വര്‍ഷത്തെ റെസിഡന്‍സി പെര്‍മിറ്റാണിത്. തൊഴില്‍ കരാര്‍ പ്രകാരമുള്ള യുഎഇ വര്‍ക്ക് പെര്‍മിറ്റ് ഉണ്ടായിരിക്കണമെന്നതാണ് മറ്റൊരു നിബന്ധന. മന്ത്രാലയം അംഗീകരിച്ച ഒന്നാംതരം, രണ്ടാംതരം പ്രൊഫഷണല്‍ വിഭാഗത്തില്‍പെട്ട വിദഗ്ധ തൊഴിലാളിയായിരിക്കണം. ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ബാച്ചിലേഴ്‌സ് ബിരുദമോ അതിന് തുല്യമോ ആയിരിക്കണം.

ഗോള്‍ഡന്‍ വിസയ്ക്ക് അംഗീകാരമുള്ള ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, അധ്യാപകന്‍, മറ്റ് തൊഴിലുകള്‍ എന്നിവയില്‍ പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്‍സ് ഉണ്ടായിരിക്കണം. അപേക്ഷകനും അവന്റെ കുടുംബാംഗങ്ങള്‍ക്കും ഫുള്‍കവറേജ് ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം എന്നിവയാണ് മറ്റു നിബന്ധനകള്‍. പ്രസ്തുത യോഗ്യതകള്‍ തെളിയിക്കുന്ന രേഖകള്‍ സഹിതം ജിഡിആര്‍എഫ്എയ്ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഇതിനായി പാസ്‌പോര്‍ട്ടിന്റെയും എമിറേറ്റ്‌സ് ഐഡിയുടെയും പകര്‍പ്പുകള്‍, ശമ്പള സര്‍ട്ടിഫിക്കറ്റ്, കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, തൊഴില്‍ കരാര്‍, തൊഴിലുടമയില്‍ നിന്നുള്ള എന്‍ഒസി, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version