ജിദ്ദ: ഉറ്റ സൗഹൃദപ്പെരുമയുടെയും വിശ്വാസ്യതയുടെയും തങ്കയിതളുകളില്‍ തുന്നിയെടുത്ത 5,000 വര്‍ഷത്തെ അറബ്-ഇന്ത്യാ ചരിതം അനാവരണം ചെയ്യപ്പെടുന്ന പ്രഥമ സൗദി-ഇന്ത്യ മഹോത്സവം അടുത്ത വെള്ളിയാഴ്ച ജിദ്ദയില്‍ നടക്കും. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റും ഗുഡ്വില് ഗ്ലോബല്‍ ഇനിഷ്യേറ്റീവും (ജിജിഐ) ആണ് സംഘാടകര്‍. ഫെസ്റ്റിവലിനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ ജനുവരി 19ന് വെള്ളിയാഴ്ച വൈകീട്ട് പരിപാടികള്‍ ആരംഭിക്കും. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം മുഖ്യാതിഥിയാവുന്ന ഉദ്ഘാടന സെഷനില്‍ അറബ് മാധ്യമപ്രമുഖന് ഖാലിദ് അല്‍മഈന, പ്രശസ്ത സൗദി കവി അബ്ദുല്ല ഉബൈയാന്‍, സൗദി ശൂറ കൗണ്‍സില്‍ മുന്‍ അംഗം ലിനാഅല്‍മഈന, മക്ക മദ്രസത്തു സൗലത്തിയ മേധാവി ഡോ. ഇസ്മായില്‍ മയ്മനി തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
ഇന്ത്യന്‍ വംശജരടക്കമുള്ള നൂറുകണക്കിന് സൗദി പ്രമുഖരടക്കം രണ്ടായിരത്തിലേറെ പേര് സാംസ്കാരികോത്സവത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൗദി-ഇന്ത്യന്‍ സാസ്കാരിക പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍, വ്യവസായ പ്രമുഖര്‍, വിദ്യാസ വിചക്ഷണര്‍, കലാകാരന്മാര് തുടങ്ങിയവര്‍ ഇവരിലുള്‍പ്പെടും. വൈകിട്ട് ആറ് മണി മുതല്‍ ആരംഭിക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. വൈകിട്ട് അഞ്ച്മണി മുതല്‍ സ്കൂള്‍ ഓഡിറ്റോറിയത്തിലേക്ക് പ്രവേശനം അനുവദിക്കും.
5കെ കാമെറേഡറി (അഞ്ച്സഹസ്രാബ്ദത്തെ ഉറ്റസൗഹൃദപ്പെരുമ) എന്ന ശീര്‍ഷകത്തിലുള്ളതാണ് അഞ്ച് സഹസ്രാബ്ദങ്ങളിലേക്ക് നീളുന്ന അറബ്-ഇന്ത്യാ സൗഹൃദപ്പെരുമയും തന്ത്രപ്രധാന പങ്കാളിത്തവും അടയാളപ്പെടുത്തുന്ന സാംസ്കാരികോത്സവം. ദുബായ് എക്സ്പോയില്‍ മാസങ്ങളോളം കലാപരിപാടികള്‍ അവതരിപ്പിച്ച സൗദി തനത് കലാസംഘമാണ് ജിദ്ദ ഫെസ്റ്റിവലിലും അരങ്ങിലെത്തുന്നത്. ഇവരോടൊപ്പം, മാപ്പിളകലകളും പരമ്പരാഗത ഇന്ത്യന്‍ നൃത്തനൃത്ത്യങ്ങളുമായി ഇന്ത്യന്‍ കൗമാരപ്രതിഭകളും ശ്രോതാക്കളുടെ മനംകവരുന്ന പരിപാടികളുമായെത്തും.
പരസ്പര വിശ്വാസ്യതയുടെയും ഊഷ്മള സൗഹൃദപ്പെരുമയുടെയും വീരഗാഥകളാല്‍ സമ്പന്നമായ പൗരാണികകാലം മുതലുള്ള അറബ്-ഇന്ത്യാ സാംസ്കാരിക വിനിമയത്തിന്റെയും വ്യാപാര കൊള്ളക്കൊടുക്കലുകളുടെയും ഈടുവെപ്പുകള്‍ക്ക് ദൃശ്യാവിഷ്കാരമേകുന്ന ഡോക്യുമെന്ററി സാംസ്കാരികോത്സവത്തിന്റെ സവിശേഷതകളിലൊന്നായിരിക്കും. വാസ്കോഡ ഗാമയുടെ രംഗപ്രവേശത്തോടെ, പാശ്ചാത്യ കോളനിവാഴ്ചക്കാര്‍ കൈയടക്കുന്നതുവരെ രണ്ടായിരം വര്‍ഷത്തിലേറെ ആഗോള കടല്‍വ്യാപാരത്തിന്റെ നിയന്ത്രണം കൈയാളിയിരുന്ന അറബികളുടെ പ്രധാന കമ്പോളം ഇന്ത്യന്‍ തീരനഗരങ്ങളായിരുന്നു.
പ്രവാചകന്റെ കാലത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍നിന്ന് ആദ്യമായി ഇസ്ലാം സ്വീകരിച്ച ചേരമാന്‍ പെരുമാളിന്റെ കഥയും അറേബ്യയിലെ ആദ്യത്തെ റെഗുലര്‍ സ്കൂളായ ഒന്നര നൂറ്റാണ്ടുമുമ്പ് ഇന്ത്യക്കാര്‍ സ്ഥാപിച്ച മക്കയിലെ മദ്രസ സൗലത്തിയയും ഒരു നൂറ്റാണ്ടുമുമ്പ് മലപ്പുറത്തുകാര്‍ പിരിവെടുത്തുണ്ടാക്കിയ മദ്രസത്തുല്‍ മലൈബാരിയയുമടക്കമുള്ള ചരിത്രത്തിന്റെ ഏടുകള്‍ തൊട്ടുതലോടാനുള്ള സുവര്‍ണാവസരമായിരിക്കും ഫെസ്റ്റിവല്‍.
ജിജിഐ പ്രസിഡന്റ് ഹസന് ചെറൂപ്പ, ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ഉപരക്ഷാധികാരി അസീം സീഷാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.