Bahrain

ഹണിമൂണ്‍ യാത്രയെന്ന് പറഞ്ഞ് ഭാര്യയെ വേശ്യാവൃത്തിക്ക് കൊണ്ടുവന്ന സുഹൃത്തിനെ സഹായിച്ച 50കാരന് അഞ്ചുവര്‍ഷം തടവ്

Published

on

മനാമ: ബഹ്‌റൈനില്‍ നിര്‍ബന്ധിത വേശ്യാവൃത്തിക്ക് സഹായംനല്‍കിയ കേസില്‍ 50 കാരനായ വിദേശിയെ ഹൈ ക്രിമിനല്‍ കോടതി അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചു. ഹണിമൂണ്‍ യാത്രയെന്ന് പറഞ്ഞ് കബളിപ്പിച്ച് ഭാര്യയെ ബഹ്‌റൈനിലേക്ക് വേശ്യാവൃത്തിക്ക് കൊണ്ടുവന്ന വിദേശിയെ സഹായിച്ച അറബ് വംശജനെയാണ് ശിക്ഷിച്ചത്.

ബഹ്‌റൈന്‍ അപ്പീല്‍ കോടതിയായ ഹൈ ക്രിമിനല്‍ കോടതിയുടേതാണ് വിധി. ഭാര്യയെ വേശ്യാവൃത്തിയിലേക്ക് തള്ളിവിടാന്‍ ഗൂഢാലോചന നടത്തിയയാള്‍ക്ക് ബഹ്‌റൈനില്‍ താമസിക്കുന്ന 50കാരനായ സുഹൃത്ത് സഹായം നല്‍കിയെന്ന് മേല്‍ക്കോടതിയും കണ്ടെത്തി. പരാതിക്കാരിയുടെ ഭര്‍ത്താവിനും കൂട്ടാളികള്‍ക്കും 10 വര്‍ഷത്തെ തടവും 2,000 ബഹിറൈന്‍ ദിനാര്‍ പിഴശിക്ഷയും നേരത്തേ വിചാരണ കോടതി വിധിച്ചിരുന്നു. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും ഉത്തരവിട്ടിരുന്നു.

തന്റെ വസതിയില്‍ ഒരു ദിവസം ആതിഥ്യമരുളുക മാത്രമാണ് ചെയ്തതെന്നും സുഹൃത്തും ഭാര്യയുമായുള്ള വിവാഹ തര്‍ക്കങ്ങള്‍ കാരണമാണ് ഇങ്ങനെ ചെയ്തതെന്നും 50കാരന്‍ മേല്‍ക്കോടതിയില്‍ വാദിച്ചു. യഥാര്‍ത്ഥ ശിക്ഷ പകുതിയായി കുറയ്ക്കാനുള്ള കോടതിയുടെ തീരുമാനത്തെ ഈ മൊഴി സ്വാധീനിക്കുകയായിരുന്നു.

അറബ് യുവാവായ ഒന്നാംപ്രതി ഹണിമൂണ്‍ യാത്ര നടത്തുകയാണെന്ന് വിശ്വസിപ്പിച്ച് ഭാര്യയുമായി ബഹ്‌റൈനിലേക്ക് വരികയായിരുന്നു. ഇവിടെയുള്ള സുഹൃത്തിന്റെ അപാര്‍ട്ട്‌മെന്റില്‍ താമസസൗകര്യവും ഒരുക്കിനല്‍കി. ഇവിടെ വച്ച് രണ്ട് പുരുഷന്മാര്‍ യുവതിയെ സമീപിക്കുകയും മാനഭംഗപ്പെടുത്തുകയുമായിരുന്നു.

വധഭീഷണി മുഴക്കിയും ശാരീരിക പീഡനത്തിലൂടെയും യുവതിയെ വേശ്യാവൃത്തിയിലേക്ക് നിര്‍ബന്ധിക്കുകയും ചെയ്തു. ഇവിടെ നിന്ന് രക്ഷപ്പെട്ട് പുറത്തുകടന്ന യുവതി അധികാരികള്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന്് ഭര്‍ത്താവിനെ ബഹ്‌റൈന്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇത് കൂട്ടുപ്രതികളുടെ അറസ്റ്റിലേക്കും നയിച്ചു. കേസില്‍ ഉള്‍പ്പെട്ട 50കാരനായ കൂട്ടാളിയുടെ 20 വയസ്സുള്ള മകനും വിചാരണാ കോടതി 10 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version