Sports

പത്ത് പന്തില്‍ 50ല്‍ നിന്നും 100ലേക്ക്‌; ജാക്സ് മറികടന്നത് 11 വർഷം പഴക്കമുള്ള റെക്കോർഡ്

Published

on

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ഇന്നലെ നേടിയ ഒമ്പത് വിക്കറ്റ് വിജയം പുതിയ ഒരു റെക്കോർഡാണ് ഐപിഎല്ലിന് സമ്മാനിച്ചത്. ഗുജറാത്തിന്റെ 200 റൺസ് വിജയ ലക്ഷ്യം ബാംഗ്ലൂർ മറികടന്നത് ഇംഗ്ലണ്ട് സൂപ്പർ താരം വിൽ ജാക്‌സിന്റെ സെഞ്ച്വറിയുടെയും വിരാട് കോഹ്‌ലിയുടെ അർധ സെഞ്ച്വറിയുടെയും മികവിലായിരുന്നു. 41 പന്തിൽ 100 റൺസ് നേടിയായിരുന്നു ജാക്‌സിന്റെ തകർപ്പൻ പ്രകടനം. അഞ്ചു ഫോറുകളും അതിന്റെ ഇരട്ടിയോളം സിക്സറുകളും ജാക്‌സിന്റെ ബാറ്റിൽ നിന്നും പിറന്നു. 243.90 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ഈ തകർപ്പൻ സെഞ്ച്വറിക്ക് പിന്നാലെ ഒരു ചരിത്ര നേട്ടം കൂടിയാണ് ജാക്സ് സ്വന്തമാക്കിയത്. ഐപിഎല്ലിൽ ഒരു മത്സരത്തിൽ അർധ സെഞ്ച്വറി നേടിയതിന് ശേഷം സെഞ്ച്വറിയിലേക്ക് ഏറ്റവും വേഗതയിലെത്തുന്ന താരമായി മാറാനാണ് വിൽ ജാക്‌സിന് സാധിച്ചത്. വെറും പത്ത് പന്തിൽ നിന്നുമാണ് 50ൽ നിന്നും 100 റൺസിലേക്ക് ജാക്സ് എത്തിയത്. ഇതിന് മുമ്പ് ഈ നേട്ടത്തിൽ മുന്നിലുണ്ടായിരുന്നത് വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ൽ ആയിരുന്നു. 2013ൽ പുണെ വാരിയേഴ്സിനെതിരായ മത്സരത്തിൽ 13 പന്തിൽ നിന്നാണ് ഗെയ്ൽ ഫിഫ്‌റ്റിയിൽ നിന്നും സെഞ്ച്വറിയിലെത്തിച്ചിരുന്നത്. 2016ൽ ഗുജറാത്ത് ലയൺസിനെതിരെ 14 പന്തിൽ കോഹ്‌ലി ഈ നേട്ടം നേടിയിരുന്നു. ജാക്‌സിന് പുറമെ ഇന്നലെ നടന്ന മത്സരത്തിൽ കോഹ്‌ലിയും വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചു. ആറു ഫോറുകളും മൂന്ന് സിക്‌സറും 44 പന്തിൽ നിന്നും 70 റൺസാണ് കോഹ്‌ലി നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version