ബ്രിട്ടീഷ് നാവികസേനയുടെ അത്യാധുനിക യുദ്ധവിമാനമായ എഫ്-35 തുടർച്ചയായ അഞ്ചാംദിനവും യന്ത്രത്തകരാർ പരിഹരിക്കാനാകാതെ തിരുവനന്തപുരം വിമാനത്താവളത്തിൽ തുടരുന്നു. അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന വിമാനവാഹിനിക്കപ്പലിൽനിന്നു പറന്നുയർന്ന എഫ്-35 ഇന്ധനക്കുറവുകാരണം കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്.
ഞായറാഴ്ച ഇന്ധനം നിറച്ച് വിമാനം തിരുവനന്തപുരത്തുനിന്നു മടങ്ങാൻ തീരുമാനിച്ചെങ്കിലും യന്ത്രത്തകരാർ കാരണം സാധിച്ചില്ല. വിമാനത്തിന്റെ തകരാർ പരിഹരിച്ച് തിരികെ കൊണ്ടുപോകാൻ ബ്രിട്ടീഷ് കപ്പലിൽനിന്ന് സൈനിക ഹെലികോപ്റ്ററും സാങ്കേതികസംഘവും എത്തിയിരുന്നു. അറ്റകുറ്റപ്പണികൾ തുടരുകയാണ്. യുദ്ധവിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനാണ് തകരാറെന്നാണ് സൂചന.
36000 അടിയോളം പറന്നുയർന്ന വിമാനത്തിന് പ്രതികൂല കാലാവസ്ഥകാരണം കപ്പലിൽ തിരിച്ചിറങ്ങാൻ സാധിക്കാതെ പലതവണ വട്ടമിട്ട് പറന്ന് ഇന്ധനം കുറയുകയായിരുന്നു. ഇന്ധനം തീർന്ന് അടിയന്തര ലാൻഡിങ് നടത്തേണ്ടിവന്നതാണ് യന്ത്രത്തകരാറിനു കാരണമെന്നാണ് സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യൻ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും സംയുക്തമായി അറബിക്കടലിൽ സംഘടിപ്പിച്ച സംയുക്ത സൈനികാഭ്യാസത്തിനായി എത്തിയതാണ് എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ്.വിമാനവും ചുമതലക്കാരും കനത്ത സുരക്ഷയിൽ.
കേന്ദ്രസർക്കാരിന്റെയും വ്യോമസേനയുടെയും പ്രത്യേക അനുമതിയോടെ തിരുവനന്തപുരത്ത് ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം വിമാനത്താവളത്തിന്റെ നാലാം നമ്പർ ബേയിലാണ് നിർത്തിയിരിക്കുന്നത്. വലിയ സുരക്ഷാസംവിധാനങ്ങളാണ് വിമാനത്തിന് സിഐഎസ്എഫ് ഏർപ്പെടുത്തിയിരിക്കുന്നത്. വിമാനം തിരികെ കൊണ്ടുപോകാൻ എത്തിയ പൈലറ്റ് ഫ്രെഡിയും മൂന്നു സാങ്കേതികവിദഗ്ധരും വിമാനത്താവളത്തിലെ എമർജൻസി മെഡിക്കൽ സെന്ററിലാണ് കഴിയുന്നത്. ഇവിടെനിന്നു വിമാനത്തെ എപ്പോഴും നിരീക്ഷിക്കാനും ഇവർക്കു കഴിയും.