ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ വെടിയുണ്ടകളുമായി നടനും മുൻ എംഎൽഎയുമായ കരുണാസ് പിടിയിൽ. 40 വെടിയുണ്ടകളാണ് നടന്റെ പക്കൽ നിന്നും കണ്ടെടുത്തത്. ഇന്ന് രാവിലെ ചെന്നൈയിൽ നിന്ന് തിരുച്ചിയിലേക്ക് പോകാനായി എത്തിയപ്പോഴായിരുന്നു സംഭവം. ഇൻഡിഗോ വിമാനത്തിലായിരുന്നു പോകേണ്ടിയിരുന്നത്.
കരുണാസിന്റെ ബാഗ് സ്കാൻ പരിശോധനക്ക് വിധേയമാക്കുന്നതിനിടെ അലാമടിച്ചതോടെ തുറന്ന് പരിശോധിക്കുകയായിരുന്നു. തുടർന്നാണ് ബാഗിൽ നിന്ന് 40 വെടിയുണ്ടകൾ കണ്ടെടുത്തത്. തോക്ക് ലൈസൻസുള്ളയാളാണ് താനെന്ന് പറഞ്ഞ നടൻ തന്റെ പക്കലുള്ള രേഖകൾ ഉദ്യോഗസ്ഥർക്ക് സമർപിച്ചു. എന്നാൽ താരത്തിന്റെ വിമാനയാത്ര റദ്ദാക്കുകയായിരുന്നു.
വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് കരുണാസിനെ ഉദ്യോഗസ്ഥർ വിട്ടയച്ചത്. വളരെ പെട്ടന്നുള്ള യാത്രയായതിനാൽ പെട്ടന്ന് വിമാനത്താവളത്തിൽ എത്തിയതിനാൽ ബാഗിൽ തിരകൾ സൂക്ഷിച്ചിരുന്ന പെട്ടി ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് താരം ഉദ്യോഗസ്ഥരോട് പറഞ്ഞത്.