കഴിഞ്ഞ നാല് ദിവസമായി ഇന്ത്യൻ ഓഹരി വിപണിയിൽ നേരിയ തോതിലുള്ള തിരുത്തൽ ദൃശ്യമാണ്. എൻഎസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റി 22,000 നിലവാരത്തിൽ നിന്നും പിന്തുണയാർജിച്ച് തിരികെ വരാനുള്ള ശ്രമം ആരംഭിക്കുമെന്നാണ് ടെക്നിക്കൽ അനലിസ്റ്റുകൾ പ്രതീക്ഷ പങ്കുവെക്കുന്നത്. ഇതിന് മുന്നോടിയായി ഹ്രസ്വകാലയളവിലേക്ക് വാങ്ങാവുന്നതും നാനൂറ് രൂപ നിലവാരത്തിൽ താഴെ വിപണി വിലയുള്ളതുമായ നാല് ഓഹരികളെയും ഇവർ നിക്ഷേപത്തിനായി നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശം ചുവടെ ചേർക്കുന്നു.
രാജ്യത്തെ വയറിങ് ഹാർനെസ് വ്യവസായ മേഖലയിലെ പ്രമുഖ കമ്പനിയായ മതേഴ്സൺ സുമി വയറിങ് ഇന്ത്യ ലിമിറ്റഡ‍് (BSE : 543498, NSE : MSUMI) ഓഹരികൾ 69 രൂപ നിലവാരത്തിൽ നിന്നും വാങ്ങാമെന്ന് എൽകെപി സെക്യൂരിറ്റീസിന്റെ ടെക്നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റ് കുനാൽ ഷാ പറഞ്ഞു. സമീപ ഭാവിയിൽ ഈ മിഡ് ക്യാപ് ഓഹരിയുടെ വില 74 മുതൽ 80 രൂപ നിലവാരത്തിലേക്ക് ഉയരാമെന്നാണ് അനുമാനം. ഇതിലൂടെ 16 ശതമാനം ലാഭം സ്വന്തമാക്കാമെന്നാണ് കരുതുന്നത്. ഇപ്പോൾ മതേഴ്സൺ സുമി വയറിങ് ഓഹരി വാങ്ങുന്നവർ 65 രൂപ നിലവാരത്തിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും ടെക്നിക്കൽ അനലിസ്റ്റ് കുനാൽ ഷാ നിർദേശിച്ചു.
തമിഴ്നാട് ന്യൂസ്പ്രിന്റ് & പേപ്പേർസ്
കടലാസ് നിർമാണ രംഗത്തെ മുൻനിര കമ്പനിയായ തമിഴ്നാട് ന്യൂസ്പ്രിന്റ് ആൻഡ് പേപ്പേർസ് (BSE : 531426, NSE : TNPL) ഓഹരി 283 രൂപ നിലവാരത്തിൽ നിന്നും വാങ്ങാമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ ടെക്നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റായ വിനയ് രജനി നിർദേശിച്ചു. ഹ്രസ്വകാലയളവിൽ ഈ ഓഹരിയുടെ വിപണി വില 315 രൂപ നിലവാരത്തിലേക്ക് മുന്നേറാമെന്നാണ് നിഗമനം. ഇതിലൂടെ 11 ശതമാനത്തിലധികം നേട്ടം കരസ്ഥമാക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം തമിഴ്നാട് ന്യൂസ്പ്രിന്റ് ഓഹരി വാങ്ങുന്നവർ 269 രൂപ നിലവാരത്തിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും ടെക്നിക്കൽ അനലിസ്റ്റ് വിനയ് രജനി കൂട്ടിച്ചേർത്തു.
ത്രിവേണി എൻജിനീയറിങ്
പഞ്ചസാര, എഥനോൾ ഉത്പാദന മേഖലയിൽ പ്രവർത്തിക്കുന്ന മുൻനിര കമ്പനിയായ ത്രിവേണി എൻജിനീയറിങ് ആൻഡ് ഇൻഡസ്ട്രീസ് (BSE : 532356, NSE : TRIVENI) ഓഹരികൾ 355 മുതൽ 350 രൂപ നിലവാരത്തിൽ നിന്നും വാങ്ങാമെന്ന് എൽകെപി സെക്യൂരിറ്റീസിന്റെ മുതിർന്ന ടെക്നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റ് കുനാൽ ഷാ പറഞ്ഞു. സമീപ ഭാവിയിൽ ഈ സ്മോൾ ക്യാപ് ഓഹരിയുടെ വില 390 മുതൽ 410 രൂപയിലേക്ക് ഉയരാമെന്നാണ് അനുമാനം. ഇതിലൂടെ 17 ശതമാനം വരെ ലാഭം സ്വന്തമാക്കാമെന്നാണ് പ്രതീക്ഷ. ഇപ്പോൾ ത്രിവേണി എൻജിനീയറിങ് ഓഹരി വാങ്ങുന്നവർ 335 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കാൻ ശ്രദ്ധിക്കണമെന്നും ടെക്നിക്കൽ അനലിസ്റ്റ് കുനാൽ ഷാ നിർദേശിച്ചു.
ടാറ്റ സ്റ്റീൽ
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഉരുക്ക് ഉത്പാദകരായ ടാറ്റ സ്റ്റീൽ (BSE : 500470, NSE : TATASTEEL) ഓഹരി 166 രൂപയിൽ നിന്നും വാങ്ങാമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ ടെക്നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റ് വിനയ് രജനി പറഞ്ഞു. ഹ്രസ്വകാലയളവിൽ ഈ ഓഹരിയുടെ വിപണി വില 181 രൂപയിലേക്ക് മുന്നറാമെന്നാണ് നിഗമനം. ഇതിലൂടെ 9 ശതമാനം വരെ ലാഭം നേടാമെന്നാണ് കരുതുന്നത്. ഇപ്പോൾ ടാറ്റ സ്റ്റീൽ ഓഹരി വാങ്ങുന്നവർ 157 രൂപ നിലവാരത്തിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും ടെക്നിക്കൽ അനലിസ്റ്റ് വിനയ് രജനി നിർദേശിച്ചു.
(Disclaimer: മേൽസൂചിപ്പിച്ച ഓഹരികളിലെ നിക്ഷേപ നിർദേശം ബ്രോക്കറേജ് സ്ഥാപനങ്ങൾ സ്വന്തം നിലയിൽ നൽകിയതാണ്. ഇതിൽ ടൈംസ് ഇന്റർനെറ്റിന് പങ്കില്ല. ഓഹരി നിക്ഷേപം വിപണിയിലെ ലാഭനഷ്ട സാധ്യതകൾക്കു വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുൻപ്, സെബിയുടെ അംഗീകാരം നേടിയിട്ടുള്ള മാർക്കറ്റ് അനലിസ്റ്റുകളുടെ സേവനം നിങ്ങൾക്ക് തേടാം.)