അബുദാബി: പ്രശസ്തമായ അബുദാബി ബിഗ് ടിക്കറ്റിലൂടെ ലക്ഷങ്ങള്‍ കൊയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിവരുന്നു. ഏറ്റവും പുതിയ പ്രതിവാര നറുക്കെടുപ്പില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാല് യുഎഇ പ്രവാസികള്‍ക്ക് 100,000 ദിര്‍ഹം (ഏകദേശം 22,63,177 രൂപ) സമ്മാനം ലഭിച്ചു. ഗാന്‍ഡ് പ്രൈസ് നറുക്കെടുപ്പ് സപ്തംബര്‍ മൂന്നിനാണ്.
മനോജ് മുര്‍ജാനി, ഗിരീഷ് അദ്വാനി എന്നീ ഇന്ത്യക്കാരും ബഹ്‌റൈന്‍ സ്വദേശി അലി അലിയും ബംഗ്ലാദേശുകാരന്‍ അബ്ദുല്‍ മുത്തലിബുമാണ് കഴിഞ്ഞയാഴ്ചയിലെ വിജയികള്‍. ആറ് നമ്പറുകളില്‍ അഞ്ചെണ്ണം യോജിപ്പിച്ചതോടെയാണ് ഇവരെ തേടി സമ്മാനമെത്തിയത്.
ഈ മാസം മുഴുവന്‍, ബിഗ് ടിക്കറ്റ് ഓരോ ആഴ്ചയും നാല് ഉപഭോക്താക്കള്‍ക്ക് 100,000 ദിര്‍ഹം സമ്മാനം നല്‍കുന്നുണ്ട്. ഈ മാസത്തെ ആദ്യ ആഴ്ചയില്‍ കേരളത്തില്‍ നിന്നുള്ള അനീഷ് കുമാറിന് 100,000 ദിര്‍ഹം (22.63 ലക്ഷം രൂപ) ലഭിച്ചിരുന്നു. ആദ്യ ആഴ്ചയിലെ ഭാഗ്യശാലികളില്‍ ദുബായിലെ ഖത്തറില്‍ നിന്നുള്ള മറ്റൊരു ഇന്ത്യന്‍ പ്രവാസിയും ഇന്ത്യയില്‍ താമസിക്കുന്ന മറ്റൊരാളും ഷാര്‍ജയില്‍ താമസിക്കുന്ന ഒരു ബംഗ്ലാദേശിയും ഉള്‍പ്പെട്ടിരുന്നു.
യുഎഇയിലെ അജ്മാനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരനായ 47 കാരന്‍ മനോജ് മുര്‍ജാനി ചെറുകിട വ്യാപാര മേഖലയിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷമായി മനോജ് ടിക്കറ്റ് വാങ്ങുന്നുണ്ട്. സമ്മാനം കിട്ടിയതോടെ വലിയ ആഹ്ലാദമാണ് കൈവന്നതെന്നും ഒരു വിഹിതം ഉപയോഗിച്ച് മകളെ യുഎഇയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ദുബായിലേക്ക് വരാന്‍ ഏറെക്കാലമായി ആഗ്രഹിച്ചിരിക്കുകയാണ് മകളെന്നും മനോജ് കൂട്ടിച്ചേര്‍ത്തു.
ദുബായില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരനായ 48 കാരനായ ഗിരീഷ് അദ്വാനിയാണ് ഈയാഴ്ചയിലെ രണ്ടാം വിജയി. കഴിഞ്ഞ നാല് മാസമായി നറുക്കെടുപ്പില്‍ പങ്കെടുക്കുന്നു. സമ്മാനത്തുക എങ്ങനെ ചെലവഴിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.
ദുബായില്‍ താമസിക്കുന്ന ബഹ്‌റൈന്‍ പൗരനായ 47 കാരനായ അലി അലി ക്യാബിന്‍ ക്രൂ അംഗമായി ജോലി ചെയ്യുന്നു. കടങ്ങള്‍ തീര്‍ത്ത ശേഷമുള്ള തുക സേവിങ്‌സ് ആയി മാറ്റാനാണ് അലി ഉദ്ദേശിക്കുന്നത്.
യുഎഇയിലെ ഫുജൈറയില്‍ താമസിക്കുന്ന ബംഗ്ലാദേശ് പൗരനായ അബ്ദുല്‍ മുത്തലിബ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ബിഗ് ടിക്കറ്റ് വാങ്ങുന്നു. സമ്മാനം ലഭിക്കുന്ന തുക ഉപയോഗിച്ച് കുടുംബത്തിന് ബംഗ്ലാദേശില്‍ ഒരു വീട് പണിയുകയാണ് ലക്ഷ്യം. മരിച്ചുപോയ തന്റെ മാതാപിതാക്കള്‍ക്ക് വേണ്ടി പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാനും ഇദ്ദേഹം ആഗ്രഹിക്കുന്നു.
ഈ മാസം ടിക്കറ്റ് വാങ്ങിവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 20 ദശലക്ഷം ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് നറുക്കെടുപ്പ് സപ്തംബര്‍ മൂന്നിനാണ്. ഓഗസ്റ്റില്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ പ്രതിവാര ഇലക്‌ട്രോണിക് നറുക്കെടുപ്പുകളിലൊന്നിലും പ്രവേശിക്കുന്നു. ഓരോ ആഴ്ചയിലും നാല് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതം സമ്മാനമുണ്ട്. ഓഗസ്റ്റ് 31നകം ടിക്കറ്റ് വാങ്ങുന്ന ആര്‍ക്കും ഇതില്‍ പങ്കാളികളാവാം. www.bigticket.ae എന്ന ഓണ്‍ലൈനിലൂടെയോ അബുദാബി, അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്‌റ്റോര്‍ കൗണ്ടറില്‍ നിന്നോ ടിക്കറ്റുകള്‍ വാങ്ങാം.
ഏതാനും ദിവസം മുമ്പ് ദുബായ് മഹ്‌സൂസ് നറുക്കെടുപ്പില്‍ ഇന്ത്യന്‍ ചുമട്ടുതൊഴിലാളി വെങ്കട്ടയ്ക്ക് 2.25 കോടി രൂപ സമ്മാനം സമ്മാനം ലഭിച്ചിരുന്നു. ഇതിനു തൊട്ടുമുമ്പായി യുഎഇയിലെ ബിഗ് ടിക്കറ്റ് പ്രതിവാര ഇ-നറുക്കെടുപ്പില്‍ മലയാളികള്‍ ഉള്‍പ്പെടെ ഏഴ് ഇന്ത്യക്കാര്‍ക്കും സമ്മാനം കിട്ടിയിരുന്നു.