Saudi Arabia

2015ലെ മക്ക ക്രെയിന്‍ അപകടം: രണ്ട് കോടി റിയാല്‍ ബിന്‍ ലാദിന്‍ കമ്പനി നല്‍കണം; ശിക്ഷ ശരിവച്ച് സുപ്രിംകോടതി

Published

on

ജിദ്ദ: മക്ക മസ്ജിദുല്‍ ഹറാമില്‍ ക്രെയിന്‍ തകര്‍ന്നുവീണ കേസില്‍ നിര്‍മാണ കമ്പനിയായ സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പിനും കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കുമെതിരായ കീഴ്‌ക്കോടി വിധി സുപ്രിംകോടതി ശരിവച്ചു. ബിന്‍ലാദിന്‍ കമ്പനി രണ്ട് കോടി റിയാല്‍ നഷ്ടപരിഹാരം നല്‍കണം. കുറ്റക്കാരായ എട്ട്് ഉദ്യോഗസ്ഥര്‍ക്ക് തടവുശിക്ഷയും വിധിച്ചു. ഇതോടെ സുപ്രിംകോടതി കേസ് അവസാനിപ്പിക്കുകയും ചെയ്തു.

മക്കയിലെ ക്രിമിനല്‍ അപ്പീല്‍ കോടതി കഴിഞ്ഞ ഫെബ്രുവരിയില്‍ പുറപ്പെടുവിച്ച വിധിന്യായം സുപ്രിംകോടതി അംഗീകരിക്കുകയായിരുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടതായി നേരത്തേ വിദഗ്ധ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്താന്‍ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും തെളിഞ്ഞു. അശ്രദ്ധയ്ക്കും സുരക്ഷാ നിയമങ്ങളുടെ ലംഘനത്തിനുമാണ് ശിക്ഷിച്ചത്.

2015 സെപ്തംബര്‍ 11ന് ഹറം വിപുലീകരണ പദ്ധതിയില്‍ ഉള്‍പ്പെട്ട ക്രെയിന്‍ തകര്‍ന്ന് 108 പേര്‍ മരിക്കുകയും 238 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കമ്പനി ദിയാധനം നല്‍കേണ്ടതില്ലെന്ന് മക്കയിലെ ക്രിമിനല്‍ അപ്പീല്‍ കോടതി വ്യക്തമാക്കിയിരുന്നു. സൗദി ഭരണകൂടം ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിരുന്നു. 2015ലെ ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെഒരു വെള്ളിയാഴ്ച വൈകുന്നേരമാണ് ദുരന്തമുണ്ടായത്. ഹറം വികസനപ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥാപിച്ചിരുന്ന കൂറ്റന്‍ ക്രെയിന്‍ കാറ്റില്‍ നിലംപൊത്തുകയായിരുന്നു. മലയാളി ഹജ്ജ് തീര്‍ത്ഥാടകരും അപകടത്തില്‍ മരിച്ചിരുന്നു.

എട്ട് വര്‍ഷത്തോളം നീണ്ട നിയമവ്യവഹാരങ്ങള്‍ക്കു ശേഷമാണ് സുപ്രിംകോടതി കേസ് അവസാനിപ്പിക്കുന്നത്. 2017 ഒക്‌ടോബര്‍ ഒന്നിലെ വിധിയില്‍, അശ്രദ്ധക്കുറ്റം ചുമത്തപ്പെട്ട 13 പ്രതികളെയും ക്രിമിനല്‍ കോടതി വെറുതെ വിട്ടിരുന്നു. മാനുഷിക പിഴവല്ല, കനത്ത മഴയും ഇടിമിന്നലും മൂലമാണ് ദുരന്തമുണ്ടായതെന്നും മക്ക കോടതി വിധിച്ചിരുന്നു.
2020 ഡിസംബറില്‍ സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പ് ഉള്‍പ്പെടെ കേസിലെ 13 പ്രതികളെയും വെറുതെവിട്ടുകൊണ്ട് മക്ക ക്രിമിനല്‍ കോടതി വിധി പുറപ്പെടുവിച്ചു. 2021 ഓഗസ്റ്റ് നാലിന് കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ട മക്ക ക്രിമിനല്‍ കോടതിയുടെ വിധി അപ്പീല്‍ കോടതിയും ശരിവച്ചു. പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കി മൂന്നു തവണയാണ് പ്രതികളെ വെറുതെവിട്ടിരുന്നത്.

2022 ജൂലൈയില്‍ സൗദി സുപ്രീം കോടതി വിധി പുനഃപരിശോധിക്കാന്‍ മക്ക ക്രിമിനല്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും പുറപ്പെടുവിച്ച എല്ലാ വിധികളും റദ്ദാക്കാക്കണമെന്നും എല്ലാ കേസുകളും പുതിയ ജുഡീഷ്യല്‍ സര്‍ക്യൂട്ട് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. മുമ്പ് കേസ് പരിഗണിച്ച ജഡ്ജിമാരില്‍ ആരെയും ബെഞ്ചില്‍ ഉള്‍പ്പെടുത്തരുതെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബിന്‍ലാദിന്‍ കമ്പനി രണ്ട് കോടി റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും പ്രതികളില്‍ മൂന്ന് പേര്‍ക്ക് ആറ് മാസം തടവും 30,000 റിയാല്‍ പിഴയും മറ്റ് നാല് പേര്‍ക്ക് മൂന്ന് മാസത്തെ തടവും 15,000 റിയാല്‍ പിഴയും മക്ക കോടതി വിധിച്ചത്. ഇതാണ് ഇപ്പോള്‍ ശരിവച്ച് സുപ്രിംകോടതി കേസ് നടപടികളില്‍ അന്തിമ തീര്‍പ്പാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version