റിയാദ്: തൊഴില്‍-താമസ നിയമലംഘകരായി കഴിയുന്ന വിദേശികളെ പിടികൂടി നാടുകടത്തുന്നതിനുള്ള നടപടികള്‍ ശക്തമാക്കി സൗദി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സുരക്ഷാ വിഭാഗങ്ങളും തൊഴില്‍ മന്ത്രാലയങ്ങളും നടത്തിയ പരിശോധനകളില്‍ 15,200 പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
സെപ്തംബര്‍ 28 നും ഒക്ടോബര്‍ നാലിനും ഇടയില്‍ 15,201 അറസ്റ്റുകള്‍ നടന്നതായി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. വിവിധ സുരക്ഷാ ഏജന്‍സികളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത്രയധികം നിയമലംഘകരെ കണ്ടെത്തി അറസ്റ്റ് ചെയ്തതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇഖാമ നിയമം ലംഘിച്ചതിന് 9,233 പേരാണ് പിടിയിലായത്. അതിര്‍ത്തി സുരക്ഷാ ചട്ട ലംഘനങ്ങള്‍ക്ക് 4,271 പേരും പിടിക്കപ്പെട്ടു. 1,697 പേരെ തൊഴില്‍ നിയമ ലംഘനങ്ങളുടെ പേരിലും അറസ്റ്റ് ചെയ്തു. അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച 527 പേരെയും പിടികൂടി. അനധികൃതമായി രാജ്യത്തിന് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ 14 പേര്‍ പിടിയിലായി.
നേരത്തേ താമസം, അതിര്‍ത്തി സുരക്ഷ, തൊഴില്‍ നിയമ ലംഘനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പിടിയിലായവരില്‍ 44,462 പേരെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള യാത്രാരേഖകള്‍ ലഭിക്കുന്നതിന് 39,218 പേരെ ബന്ധപ്പെട്ട രാജ്യങ്ങളിലെ എംബസികളിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞയാഴ്ച യാത്രാരേഖകള്‍ ശരിയാക്കിയ 8,058 പേരെ നാടുകടത്തി. പാസ്‌പോര്‍ട്ട് ലഭിച്ച 1,748 പേര്‍ക്ക് യാത്രയ്ക്കുള്ള ടിക്കറ്റ് റിസര്‍വേഷന് നിര്‍ദേശം നല്‍കിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിന് പിടിക്കപ്പെടുന്നവരില്‍ ഏറിയപങ്കും യെമനില്‍ നിന്ന് അനധികൃതമായി രാജ്യത്ത് പ്രവേശിക്കാന്‍ ശ്രമിച്ചവരാണ്. അതിര്‍ത്തിരക്ഷാ സേനയുടെയും പോലിസിന്റെയും പട്രോളിങ് സംഘങ്ങള്‍ നിരന്തര നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും നുഴഞ്ഞുകയറ്റം തുടരുകയാണ്. അതിര്‍ത്തിപ്രദേശങ്ങളില്‍ റഡാറുകള്‍, കമ്പിവേലികള്‍, കാമറകള്‍ എന്നിവ സ്ഥാപിക്കുകയും കൂടുതല്‍ സ്ഥലങ്ങളില്‍ അവ സ്ഥാപിക്കുന്നതിനുള്ള നടപടികളും നടന്നുവരുന്നു.
താമസ, തൊഴില്‍ നിയമലംഘകര്‍ക്ക് യാത്രാസൗകര്യം നല്‍കുകയും അഭയംനല്‍കുകയും നിയമലംഘകരെ കുറിച്ച് അറിഞ്ഞിട്ടും പോലിസിന് വിവരം നല്‍കാതിരിക്കുകയും ചെയ്യുന്നവര്‍ ശിക്ഷാനടപടികള്‍ക്ക് വിധേയരാവുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. നിയമലംഘകര്‍ക്ക് രാജ്യത്തേക്ക് പ്രവേശന സൗകര്യമൊരുക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ലഭിക്കും. യാത്രാ സൗകര്യം, താമസം, ജോലി ഉള്‍പ്പെടെയുള്ള ഏതെങ്കിലും തരത്തിലുള്ള സഹായം ചെയ്താല്‍ 15 വര്‍ഷം വരെ തടവും പരമാവധി 10 ലക്ഷം റിയാല്‍ പിഴയും ചുമത്തുകയും വിദേശിയാണെങ്കില്‍ ശിക്ഷാ കാലാവധിക്കു ശേഷം നാടുകടത്തുകയും ചെയ്യും. വാഹനങ്ങളും താമസകെട്ടിടവും കണ്ടുകെട്ടുകയും ചെയ്യും.