ലൈബീരിയ: ഇന്ത്യക്കാരടക്കമുള്ള ലൈബീരിയൻ കപ്പൽ സൊമാലിയൻ തീരത്ത് നിന്ന് തട്ടിക്കൊണ്ടുപോയി. ലൈബീരിയയുടെ പതാക ഘടിപ്പിച്ച ബൾക്ക് കാരിയർ ഷിപ്പായ എംവി ലില നോർഫോക്ക് എന്ന കപ്പലാണ് തട്ടിക്കൊണ്ടുപോയത്. കപ്പലിൽ പതിനഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരുണ്ട്. തട്ടിക്കൊണ്ടുപോയ കപ്പലിനായി തിരച്ചിൽ ആരംഭിച്ചതായി ഇന്ത്യൻ നാവികസേന അറിയിച്ചു.
കടൽക്കൊള്ളയ്ക്ക് പേരുകേട്ട പാതയിൽ വെച്ചാണ് കപ്പൽ തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. കപ്പൽ തട്ടിക്കൊണ്ടുപോയതായുള്ള വിവരം വ്യാഴാഴ്ച വൈകുന്നേരമാണ് നാവികസേനയ്ക്ക് ലഭിച്ചത്. ആറോളം സായുധ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച പുലർച്ചെ കപ്പലിൽ പ്രവേശിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
പ്രദേശത്ത് ഇന്ത്യൻ നാവികസേന വിമാനങ്ങൾ നിരീക്ഷണം ശക്തമാക്കി. കടലിലെ നിരീക്ഷണം തുടരുകണ്. ഹൈജാക്ക് ചെയ്യപ്പെട്ട കപ്പലിലെ ജീവനക്കാരുമായി നാവികസേന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. കപ്പലിൻ്റെ സഞ്ചാരം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സാഹചര്യങ്ങൾ വിലയിരുത്തുന്നത് തുടരുമെന്നും അധികൃതർ അറിയിച്ചു. ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി ഇന്ത്യൻ യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈ കപ്പലിന് സമീപത്തേക്ക് എത്തുകയാണ്. മൾട്ടിനാഷണൽ ഫോഴ്‌സും (എംഎൻഎഫ്) ഉൾപ്പെടെ സ്ഥിതിഗതികൾ തുടർച്ചയായ നിരീക്ഷണത്തിലാണെന്നും ഇന്ത്യൻ നാവികസേന വ്യക്തമാക്കി.
അതേസമയം, മേഖലയിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതി തീവ്രവാദികൾ ആക്രമണം ശക്തമാക്കുന്ന സാഹചര്യത്തിൽ ചെങ്കടലിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഇന്ത്യ അറിയിച്ചു. ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ പ്രദേശത്ത് പട്രോളിംഗ് നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇന്ത്യൻ കപ്പലുകളുടെ സുരക്ഷയിൽ നിരീക്ഷണം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേൽ – ഹമാസ് സംഘർഷത്തിനിടയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചെങ്കടലിൽ ഇറാൻ പിന്തുണയുള്ള ഹൂതി തീവ്രവാദികൾ വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്നത് തുടരുകയാണ്.