Gulf

13 വര്‍ഷമായി ചൈനയില്‍ തുടരുന്ന ഷി ജിന്‍പിങ് യുഗം അവസാനിക്കുന്നതായി സൂചന

Published

on

13 വര്‍ഷമായി ചൈനയില്‍ തുടരുന്ന ഷി ജിന്‍പിങ് യുഗം അവസാനിക്കുന്നതായി സൂചന. അധികാരക്കൈമാറ്റത്തിന് ചൈനീസ് പ്രസിഡന്റ് നീക്കങ്ങള്‍ ആരംഭിച്ചതായാണ് രാജ്യത്ത് നിന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 30-ന് നടന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ യോഗം പാര്‍ട്ടി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങളെടുത്തിട്ടുണ്ടെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. അധികാരക്കൈമാറ്റം ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിലൂടെ ഷിന്‍ ജിന്‍പിങ് നടത്തിയിരിക്കുന്നതെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

ഇതിനിടെ മെയ് മുതല്‍ പൊതുവേദികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഷി ജിന്‍പിങ്ങിന്റെ നടപടി ഊഹാപോഹങ്ങള്‍ക്ക് ശക്തിപകര്‍ന്നിട്ടുണ്ട്. ബ്രസീലില്‍ ഞായറാഴ്ച ആരംഭിച്ച ബ്രിക്‌സ് ഉച്ചകോടയിലും ചൈനീസ് പ്രസിഡന്റ് പങ്കെടുക്കുന്നില്ല. ആഗോളതലത്തില്‍ ചൈന തങ്ങളുടെ സാന്നിധ്യം പ്രധാന്യത്തോടെ കണ്ടിരുന്ന ബ്രിക്‌സില്‍ നിന്ന് ആദ്യമായിട്ടാണ് ഷി ജിന്‍പിങ് വിട്ടുനില്‍ക്കുന്നത്.

ഷിക്ക് ചൈനയില്‍ സ്വാധീനം കുറയുകയാണെന്നും രണ്ടാഴ്ചയായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്തതിനു കാരണമതാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഷിക്ക് അസുഖമാണെന്ന് മറ്റ് ചില റിപ്പോര്‍ട്ടുകളുമുണ്ട്. 12 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഷി ബ്രിക്സ് ഉച്ചകോടിയില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ്ങാണ് പകരമെത്തിയത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുതിനും ബ്രിക്‌സിനെത്തിയിട്ടില്ല. യുക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ അന്താരാഷ്ട്രനീതിന്യായ കോടതിയുടെ അറസ്റ്റുവാറന്റുള്ളതിനാലാണ്‌ വ്‌ളാദിമിര്‍ പുതിന്‍ പങ്കെടുക്കാത്തത്.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ വളര്‍ന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്. നിലവില്‍ 10 അംഗരാജ്യങ്ങളാണുള്ളത്.

ഇറാന്‍ അംഗമായിരിക്കേ, ഇസ്രയേല്‍ ഇറാന്‍ യുദ്ധത്തോട് ബ്രിക്‌സ് എന്തുനിലപാട് സ്വീകരിക്കുമെന്ന കാര്യവും ലോകം ഉറ്റുനോക്കുന്നു. ഗാസയിലെ യുദ്ധവും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ ഭീഷണിയും ബ്രിക്സ് നേതാക്കള്‍ ചര്‍ച്ച ചെയ്യും. ഉച്ചകോടി തിങ്കളാഴ്ച അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version