മമ്മൂട്ടിയുടെ കോമഡി-ആക്ഷൻ എന്റർടെയ്നർ എന്ന നിലയിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൂട്ടിംഗ് ഇന്നലെയാണ് പൂർത്തിയായത്. ഇപ്പോഴിതാ സിനിമയുടെ അണിയറപ്രവർത്തകർക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് വൈശാഖ്.
‘ഈ യാത്രയ്ക്ക് നന്ദി! 104 ദിവസത്തെ തുടർച്ചയായ ഷൂട്ടിംഗ്, എണ്ണമറ്റ ഓർമ്മകൾ, സൗഹൃദങ്ങൾ. ഫ്രെയിമുകൾക്ക് പിന്നിലുള്ള അവിശ്വസനീയമായ ടീമിന് വലിയ നന്ദി. പ്രിയപ്പെട്ട മമ്മൂക്ക, നിങ്ങളുടെ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എല്ലാ പിന്തുണക്കും മമ്മൂട്ടി കമ്പനിക്ക് നന്ദി,’ വൈശാഖ് കുറിച്ചു.
ആക്ഷങ്ങൾ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രമായിരിക്കും ടർബോ എന്നാണ് റിപ്പോർട്ട്. ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’ ടർബോയിൽ ഉപയോഗിക്കുന്നുണ്ട് എന്നതും പ്രത്യേകതയാണ്. 200 കിമീ സ്പീഡ് ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാം. ‘ട്രാൻഫോർമേഴ്‌സ്’, ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്’ പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡിൽ ‘പഠാൻ’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ പർസ്യുട്ട് ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.