റിയാദ്: സൽമാൻ രാജാവിന്റെ അതിഥികളായി 1000 വിദേശ തീർത്ഥാടകർ ഉംറ തീർത്ഥാടനത്തിന് മക്കയിൽ എത്തി. സ്ത്രീകളടക്കം 250 പേരടങ്ങുന്ന സംഘമാണ് 15-ാം ബാച്ചിൽ നിന്ന് അവസാനമായി മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ എത്തിയത്. ഖാദിമുൽ ഹറമൈൻ ഹജ്ജ് ഉംറ പദ്ധതിയുടെ ഭാഗമായാണ് വിവിധ രാജ്യങ്ങളിൽ നിന്നുളള 1000 തീർത്ഥാടകർക്ക് അനുമതി നൽകിയത്.
കിഴക്കൻ ഏഷ്യയിലെ മലേഷ്യ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, തായ്‌വാൻ, മ്യാൻമർ, വിയറ്റ്നാം, ലാവോസ്, ഹോങ്കോങ്, ജപ്പാൻ, ബ്രൂണെ, തായ്‌ലൻഡ്, ദക്ഷിണ കൊറിയ, കംബോഡിയ, മംഗോളിയ എന്നീ രാജ്യങ്ങളിൽ നിന്നുളള തീർത്ഥാടകരാണ് ഉംറ നിർവ്വഹിക്കാൻ എത്തിയത്. മദീനയിലെ മസ്ജിദുന്നബവി, മസ്ജിദ് ഖുബ, മറ്റ് ചരിത്രപരവും സാംസ്കാരികവുമായ സ്ഥലങ്ങൾ എന്നിവ സന്ദർശിച്ചതിന് ശേഷം സംഘം ഉംറ നിർവ്വഹിക്കാനായി മക്കയിലേക്ക് പോകും.
ഉംറ നിർവഹിക്കുന്നതിനായി ലോകത്തെ സ്വാധീനമുള്ള വ്യക്തികൾ, പ്രമുഖർ, പണ്ഡിതന്മാർ, ശൈഖുമാർ, യൂണിവേഴ്‌സിറ്റി, ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസർമാർ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള 1000 പ്രമുഖ ഇസ്‌ലാമിക വ്യക്തിത്വങ്ങൾക്കാണ് ഖാദിമുൽ ഹജ്ജ് ഉംറ പദ്ധതിക്ക് കീഴിൽ രാജ്യം ആതിഥ്യമരുളിയത്. ഉംറ നിർവ്വഹിക്കാൻ അവസരമാെരുക്കിയതിൽ സൗദി അറേബ്യൻ ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് നന്ദി അറിയിച്ചു.