U.A.E

കുട്ടികളെ കാറില്‍ തനിച്ചാക്കിയാൽ 10 വ‍ർഷം തടവും 10 ലക്ഷം രൂപ പിഴയും; മുന്നറിയിപ്പുമായി ദുബായ് പൊലീസ്

Published

on

അബുദാബി: കുട്ടികളെ കാറില്‍ തനിച്ച് ഇരുത്തി പുറത്ത് പോകുന്ന രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്. അടച്ചിട്ട വാഹനത്തില്‍ താപനില അതിവേഗം ഉയരുമെന്നും ഇത് അപകടത്തിന് കാരണമാകുമെന്നും പൊലീസ് അറിയിച്ചു. നിയമം ലംഘിക്കുന്ന രക്ഷിതാക്കൾക്ക് പത്ത് വര്‍ഷം വരെ തടവും പത്ത് ലക്ഷം വരെ പിഴയും ശിക്ഷയായി ലഭിക്കും.

കുട്ടികളെ വാഹനങ്ങളില്‍ ഇരുത്തിയ ശേഷം രക്ഷിതാക്കള്‍ ഷോപ്പിംങിനോ മറ്റ് ആവശ്യങ്ങള്‍ക്കോ പോകുന്ന പ്രവണത കൂടി വരുന്നതായാണ് ദുബായ് പൊലീസിൻ്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യ ആറ് മാസക്കാലയളവിനിടയില്‍ 118 കുട്ടികളെയാണ് ദുബായ് പൊലീസ് വിവിധയിടങ്ങളില്‍ നിന്നായി വാഹനങ്ങളില്‍ നിന്ന് രക്ഷിച്ചത്.

വീടുകളില്‍ കുട്ടികളെ ഒറ്റയ്ക്കാക്കി പൂട്ടിപോകുന്നതിലും വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ വാഹനങ്ങളില്‍ ഒറ്റക്കാക്കി പോകുന്നത് അവരുടെ ജീവന് തന്നെ ഭീഷണി സൃഷ്ടിക്കുമെന്ന് ദുബായ് പൊലീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലാന്‍ഡ് റെസ്‌ക്യു ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. കുട്ടികളെ കാറില്‍ തനിച്ചാക്കി പോകുന്നത് ചെറിയ സമയത്തേക്കാണെങ്കില്‍ പോലും അപകടമാണ്. അടച്ചിട്ടിരിക്കുന്ന വാഹനത്തിനുള്ളിലെ താപനില അതിവേഗത്തില്‍ വര്‍ദ്ധിക്കുമെന്നും ലാന്‍ഡ് റെസ്‌ക്യു ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കി. രക്ഷിതാക്കളുടെ അശ്രദ്ധമൂലം കുട്ടികള്‍ക്ക് ആപത്ത് സംഭവിച്ചാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version