ഷാർജ∙ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 10 വർഷത്തിലേറെ പഴക്കമുള്ള പിഴകൾ ഷാർജ അധികൃതർ റദ്ദാക്കി. ജനങ്ങൾക്ക് ആശ്വാസമേകുന്ന ഈ നടപടി ഷാർജ പൊലീസാണ് നടപ്പാക്കുന്നത്. ഇതുവരെ 7,000ത്തിലധികം ട്രാഫിക് പിഴകൾ ഇപ്രകാരം ഒഴിവാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 284 പേർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
പിഴ റദ്ദാക്കലിന്റെ വ്യവസ്ഥകൾ
എക്സിക്യൂട്ടീവ് കൗൺസിലിന്റെ തീരുമാനത്തിൽ പറഞ്ഞിട്ടുള്ള നിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചാണ് പിഴകൾ റദ്ദാക്കുന്നത്. പിഴ ഒഴിവാക്കാനുള്ള ഓരോ അപേക്ഷയ്ക്കും 1,000 ദിർഹം ഫീസ് ഈടാക്കും. എന്നാൽ, ചില മാനുഷികപരമായ പ്രത്യേക കേസുകളിൽ ഈ ഫീസിൽ നിന്ന് ഒഴിവുണ്ട്. വാഹന ഉടമയുടെ മരണം, 10 വർഷമോ അതിലധികമോ കാലയളവിൽ രാജ്യത്ത് നിന്ന് സ്ഥിരമായി പുറത്തുപോവുക, ഉടമയെ കണ്ടെത്താൻ കഴിയാത്ത ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ അർഹതയുള്ളവർ ട്രാഫിക് ആൻഡ് ലൈസൻസിങ് സർവീസ് സെന്ററുകൾ സന്ദർശിക്കണം.
കൃത്യ സമയത്ത് പിഴ അടച്ചാൽ വൻ ഇളവ്
സമയബന്ധിതമായി പിഴ അടയ്ക്കുന്നവർക്കായി എക്സിക്യൂട്ടീവ് കൗൺസിൽ പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പിഴ 60 ദിവസത്തിനുള്ളിൽ അടയ്ക്കുകയാണെങ്കിൽ 35 ശതമാനം കിഴിവ് ലഭിക്കും. പിഴത്തുക, വാഹനം പിടിച്ചെടുത്ത കാലയളവിലെ തുക, വാഹനത്തിന്റെ സ്റ്റോറേജ് ഫീസ് എന്നിവക്കെല്ലാം ഈ ഇളവ് ബാധകമാണ്. പിഴ 60 ദിവസത്തിനും ഒരു വർഷത്തിനും ഇടയിൽ അടയ്ക്കുകയാണെങ്കിൽ 25 ശതമാനം കിഴിവ് ലഭിക്കും. ഈ ഇളവ് പിഴത്തുകയ്ക്ക് മാത്രമായിരിക്കും.
റോഡ് സുരക്ഷ ഉറപ്പാക്കാനും ഗതാഗത നിയമങ്ങൾ പാലിക്കാനും ലംഘനങ്ങൾ ഒഴിവാക്കാനും ഷാർജ പൊലീസ് താമസക്കാരോട് അഭ്യർഥിച്ചു. നിയമപാലനം ശക്തിപ്പെടുത്താനും ട്രാഫിക് മാനേജ്‌മെന്റ് സംവിധാനങ്ങളിലുള്ള വിശ്വാസം ഉറപ്പിക്കാനും ഈ ഇളവുകൾ പൊതുജനം പ്രയോജനപ്പെടുത്തണമെന്നും അധികൃതർ ആഹ്വാനം ചെയ്തു.