ഷാർജ : യുഎഇ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പ്രിയപ്പെട്ട മലയാളിയാണ് വ്യാഴാഴ്ച അന്തരിച്ച കണ്ണൂർ അഴീക്കോട് സ്വദേശി ബാലചന്ദ്രൻ തെക്കന്മാർ. ശൈഖ് സുൽത്താന്റെ ഓഫീസായ ഷാർജ റൂളേഴ്സ് ഓഫീസിൽ ബാലചന്ദ്രൻ നീണ്ട 48 വർഷമാണ് ജോലിചെയ്തത്. മൂന്നുവർഷം മുൻപ് സേവനം അവസാനിപ്പിച്ച് എഴുത്തും വായനയുമായി അദ്ദേഹം ഷാർജ അൽ സഹിയയിലെ വീട്ടിൽ കഴിയുകയായിരുന്നു. സ്വന്തം നാടിനേക്കാളും അദ്ദേഹം സ്നേഹിച്ചത് പ്രവാസഭൂമികയെയാണ്. അതാണ് ജോലി അവസാനിപ്പിച്ചിട്ടും ഷാർജയിൽ തന്നെ കഴിയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും.
1973-ൽ ജോലി അന്വേഷിച്ച് മുംബൈയിലെത്തിയതാണ് ബാലചന്ദ്രൻ. തൊട്ടടുത്തവർഷം ഷാർജയിലെത്തുകയും റൂളേഴ്സ് ഓഫീസിൽ ജോലി തരപ്പെടുകയും ചെയ്തു. ക്ലർക്ക് ആയി ജോലി തുടങ്ങിയ അദ്ദേഹം ഡയറക്ടർ ജനറലിന്റെ സെക്രട്ടറിയായാണ് സേവനം അവസാനിപ്പിച്ചത്. അതിനിടയിൽ ശൈഖ് സുൽത്താന്റെ ഗവേഷണ പ്രവർത്തനങ്ങളുടെ കോഡിനേറ്ററായും പ്രവർത്തിച്ചു. ബാലചന്ദ്രൻ തന്റെ ആദ്യപുസ്തകമായ ‘എസൻസ് ഓഫ് ലൈഫ് ആൻഡ് അദർ സ്റ്റോറി’ സമർപ്പിച്ചതും ശൈഖ് സുൽത്താനുവേണ്ടിയായിരുന്നു. ഇംഗ്ലീഷ് ഷോർട്ട് സ്റ്റോറി സമാഹാരമായ ‘റിഫ്‌ളക്ഷൻസ്’ അടക്കം കൃതികൾ പ്രസിദ്ധപ്പെടുത്തിയതും ഷാർജ സാംസ്കാരിക വകുപ്പായിരുന്നുവെന്നതും അഭിമാനാർഹമാണ്. ഷാർജ ഇന്ത്യൻ അസോസിയേഷൻ അംഗമായ ബാലചന്ദ്രന്റെ കൂടി ഇടപെടൽമൂലമാണ് ശൈഖ് സുൽത്താൻ ഷാർജ ഇന്ത്യൻ സ്കൂളിന് സ്ഥലം അനുവദിച്ചതും. കൂടാതെ എമിറേറ്റിൽ എട്ട് ക്രൈസ്തവ ദേവാലയങ്ങൾക്ക് സ്ഥലം അനുവദിക്കാനും ദേവാലയങ്ങൾക്ക് സ്ഥലം അനുവദിക്കാനും ബാലചന്ദ്രന്റെ കൂടി പരിശ്രമമുണ്ടായിരുന്നു. ഒട്ടേറെ ആൽബം ഗാനങ്ങളും കവിതകളും മലയാളത്തിലും ബാലചന്ദ്രൻ തെക്കന്മാർ എഴുതിയിട്ടുണ്ട്.