ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം വിപുലമായ പരിപാടികളോടെ ഷാർജ എക്സ്പോ സെൻ്ററിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2024 ഒക്‌ടോബർ 20-ന് ഷാർജയിലെ എക്‌സ്‌പോ സെൻ്ററിൽ രാവിലെ 9:30-ന് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങോടെ ആഘോഷങ്ങൾ ഔദ്യോഗികമായി ആരംഭിക്കും. സാന്നിദ്ധ്യം കൊണ്ട് ചടങ്ങിനെ സമ്പന്നമാക്കുന്ന നിരവധി വിശിഷ്ട വ്യക്തികളാണ് ഈ അവസരത്തിൽ നമ്മളോടൊപ്പം ഒത്തു ചേരുന്നത്. കേരള സർക്കാർ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ്, ബഹു. ലോക്‌സഭാംഗം ശ്രീ. വി.കെ. ശ്രീകണ്ഠൻ, ബഹു. ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ എച്ച്. ഇ. സതീഷ് കുമാർ ശിവൻ, ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ ചെയർമാനും മാനേജിങ് ഡയറക്ടറും, അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ സെക്കൻഡ് വൈസ് ചെയർമാനുമായ പത്മശ്രീ ഡോ. എം.എ. യൂസഫലി, ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് എച്ച്.ഇ. മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ, ഷാർജ സോഷ്യൽ വർക്ക് ലൈസൻസിംഗ് ആൻഡ് ഡെവലപ്‌മെൻ്റ് വകുപ്പ് ഡയറക്ടർ എച്ച്.ഇ. ഖലൂദ് അൽ നുഐമി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഡയറക്ടർ ശ്രീ. അബ്ദുൾ ഖാദർ തെരുവത്ത് രക്ഷാധികാരി അഹമദ് മുഹമ്മദ് ഹമദ് അൽ മിദ് ഫ തുടങ്ങിയവർ സംബന്ധിക്കും.
ചെണ്ടമേളം, പഞ്ചാരി മേളം, ശിങ്കാരിമേളം, കഥകളി, പുലികളി, തെയ്യം തുടങ്ങിയ കലാരൂപങ്ങളിലൂടെ കേരളത്തിൻ്റെ സമ്പന്നമായ പാരമ്പര്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് വിപുലമായ സാംസ്കാരിക ഘോഷയാത്ര നടക്കും.
ആഘോഷങ്ങളുടെ ഭാഗമായി, വിവിധ മത്സരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്, അതിൽ പ്രധാനമായി ഫ്ലോറൽ ഡിസൈൻ മത്സരമാണ്, യുഎഇയിൽ ഉടനീളമുള്ള അസോസിയേഷനുകളിൽ നിന്നുള്ള മൽസരാർത്ഥികൾ പങ്കെടുക്കുന്നു. വൈവിധ്യമാർന്ന ഉൽപന്നങ്ങളും അനുഭവങ്ങളും വാഗ്ദാനം ചെയ്ത് ഓണത്തിൻ്റെ ചടുലമായ ആവേശം കൂട്ടാൻ സ്റ്റാളുകൾ സജ്ജീകരിക്കും.
പ്രശസ്ത ബാൻഡായ ചെമ്മീൻ്റെ പ്രത്യേക സംഗീത നിശ ഓണാഘോഷത്തിന് മാറ്റ് കൂട്ടും. ദിവസം മുഴുവനും വിനോദപരിപാടികൾ,കൂടാതെ, പ്രമുഖ ടീമുകളുടെ സംഗീത പരിപാടികളും നൃത്ത നൃത്യങ്ങളും ആഘോഷങ്ങൾക്ക് കൂടുതൽ മാറ്റ് കൂട്ടും ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാന വിതരണവും നൽകും.
രാവിലെ 11 മണി മുതൽ ഓണ സദ്യ ആരംഭിക്കും 22,000-ത്തിലധികം അംഗങ്ങളേയും അതിഥികളേയും പ്രതീക്ഷിക്കുന്നു.
ഷാർജ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി നടത്തുന്ന അൽഇബ്തിസാമ സ്കൂളിന് സ്വന്തം സ്ഥലമനുവദിക്കാൻ ഷാർജ ഭരണാധികാരിയോട് അഭ്യർഥിച്ചിട്ടുണ്ട്. ഷാർജ ഭരണകൂടം അസോസിയേഷന് അനുവദിച്ച 20 ലക്ഷം ദിർഹം അവിടെ സ്കൂൾകെട്ടിടം നിർമിക്കാനായി വിനിയോഗിക്കുo. പ്രസിഡണ്ട് നിസ്സാർ തളങ്കര, ജനറൽ സെക്രട്ടറി ശ്രീപ്രകാശ്,ട്രഷറർ ഷാജി ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.