ഷാർജ : നിയുക്തപാതകളിലൂടെയല്ലാതെ റോഡ് മുറിച്ചുകടക്കുന്നവർക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് പോലീസ് ഓർമ്മിപ്പിച്ചു. നിയമലംഘനം കാരണം വാഹനാപകടമുണ്ടായാൽ 5000 ദിർഹം മുതൽ 10,000 ദിർഹം വരെ പിഴയും ജയിൽശിക്ഷയും നേരിടേണ്ടിവരും.
കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് നടപടി. മറുവശത്തേക്ക് പെട്ടെന്ന് എത്താനായി പലരും അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നുണ്ട്. കുറച്ച് സെക്കൻഡുകളോ മിനിറ്റുകളോ ലാഭിക്കാൻ ഇത്തരത്തിൽ റോഡ് മുറിച്ചുകടക്കരുത്. നിയമവിരുദ്ധമായ ഇത്തരം പ്രവൃത്തികൾ മറ്റു റോഡ് ഉപയോക്താക്കളുടെയും ജീവൻ അപകടത്തിലാക്കും. വാഹനങ്ങൾ ചീറിപ്പായുന്ന റോഡുകൾ മുറിച്ചുകടന്നതുമൂലമുണ്ടായ അപകടങ്ങളുടെ വീഡിയോദൃശ്യങ്ങളും പങ്കിട്ടിട്ടുണ്ട്.