Gulf

വിമാനാപകടം; മരണം 294 ആയി, 80 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

Published

on

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ 294 പേർ മരിച്ചതായി സ്ഥിരീകരണം. രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിമാനാപകടമാണ് അഹമ്മദാബാദിൽ സംഭവിച്ചത്. വ്യാഴാഴ്ച വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിലാണ് എയർ ഇന്ത്യ വിമാനം തകർന്നുവീണത്. മേഘാനി നഗറിലെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. മരിച്ചവരിൽ ഹോസ്റ്റലിലുണ്ടായിരുന്ന 10 മെഡിക്കൽ വിദ്യാർഥികളും ഉൾപ്പെടുന്നു.

അപകടത്തിൽ പെട്ട വിമാനത്തിൽ യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 241 പേരും കൊല്ലപ്പെട്ടു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ എന്ന യാത്രക്കാരൻ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനം തകർന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. 10 മെഡിക്കൽ വിദ്യാർഥികൾക്ക് പുറമെ 24 പ്രദേശവാസികളും കൊല്ലപ്പെട്ടു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.40നായിരുന്നു അപകടം നടന്നത്. വിമാനം ഇടിച്ചിറങ്ങിയ കെട്ടിടം കത്തിനശിച്ചു. അപകട സ്ഥലത്തുനിന്ന് ആശുപത്രികളിലെത്തിച്ചതിൽ 80 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ബാക്കിയുള്ളവരെ തിരിച്ചറിയാനായി യാത്രക്കാരുടെ ബന്ധുക്കളിൽ നിന്ന് ഡിഎൻഎ ശേഖരിക്കുന്നുണ്ട്. വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഹമ്മദാബാദിലെത്തിയിരുന്നു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അഹമ്മദാബാദിലെത്തുമെന്നാണ് വിവരം.

അതേസമയം ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് ഒരുകോടി രൂപവീതം ധനസഹായം നൽകുമെന്ന് എയർ ഇന്ത്യയുടെ ഉടമസ്ഥരായ ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂർണമായി വഹിക്കുമെന്നും തകർന്ന മെഡിക്കൽ കോളേജ് കെട്ടിടം പുനർ നിർമിക്കുമെന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.

എന്താണ് അപകടത്തിന്റെ കാരണമെന്ന് കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തകർന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. ഇതിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കും. പക്ഷിയിടിച്ചതാണോ അമിത ഭാരമാണോ കാരണമെന്ന് അന്വേഷണത്തിലേ വ്യക്തമാകു. അനുവദനീയമായതിനേക്കാൾ ഭാരം വിമാനത്തിലുണ്ടായിരുന്നതുകൊണ്ടാണ് കൃത്യമായ രീതിയിൽ പറന്നുയരാൻ സാധിക്കാതെ വന്നത് എന്നതരത്തിലുള്ള വാദങ്ങൾ ഉയർന്നിട്ടുണ്ട്. വിമാനം തകർന്നുവീഴുന്ന സമയത്ത് വിമാനത്തിന്റെ രണ്ട് എൻജിനുകളും പ്രവർത്തനരഹിതമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഈ വിമാനത്തിൻ സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ആരോപണങ്ങളുണ്ട്. ഇതേ വിമാനം ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് എത്തിയതിന് ശേഷമാണ് ലണ്ടനിലേക്ക് പോയത്. ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് വിമാനത്തിൽ എത്തിയ യാത്രക്കാരിൽ ഒരാൾ ഇത്തരമൊരു കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്നാൽ അന്വേഷണ ഏജൻസികൾ എല്ലാ വശങ്ങളും പരിഗണിക്കുന്നുണ്ട്. ഇന്ത്യൻ ഏജൻസികളുടെ അന്വേഷണത്തെ സഹായിക്കാൻ ബോയിങ് കമ്പനിയുടെ ഉദ്യോഗസ്ഥരും ഇന്ത്യയിലെത്തും. ഇതിനൊപ്പം യു.എസ് ഫെഡറൽ ഏവിയേൻ ഉദ്യാഗസ്ഥരും ഇന്ത്യയിലെത്തും.

650 അടി ഉയരത്തിലെത്തിയപ്പോഴായിരുന്നു എയർ ട്രാഫിക് കൺട്രോളിലേക്ക് ആദ്യ അപായ സന്ദേശമെത്തുന്നത്. പിന്നാലെ വിമാനം താഴേക്ക് പതിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version