അബുദാബി: ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ പ്ലാറ്റ്‌ഫോമായ അല്‍ഹുസ്ന്‍ ആപ്ലിക്കേഷനില്‍ കുട്ടികള്‍ക്കുള്ള നിര്‍ബന്ധിത പ്രതിരോധ കുത്തിവയ്പ്പുകളുടെ വിവരങ്ങള്‍ നല്‍കണമെന്ന് യുഎഇ അധികൃതര്‍. പരിഷ്‌കരിച്ച അല്‍ഹുസ്ന്‍ ആപ്പില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കില്ലെന്ന് യുഎഇ ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ. ഹുസൈന്‍ അല്‍ റന്‍ദ് പറഞ്ഞു.
യുഎഇയിലെ കുട്ടികള്‍ക്ക് ഒരു കൂട്ടം പ്രതിരോധ കുത്തിവയ്പ്പുകള്‍ നിര്‍ബന്ധമാണ്. ഇവ അപ്‌ഗ്രേഡ് ചെയ്ത അല്‍ഹുസ്ന്‍ ആപ്പില്‍ ഉടന്‍ ട്രാക്ക് ചെയ്യും. സ്‌കൂള്‍ പ്രവേശനത്തിന് കുട്ടികള്‍ ഹാജരാക്കേണ്ട വാക്‌സിനേഷന്‍ ബുക്കിന് പകരം ആപ്പ് ആണ് ഇനി പരിഗണിക്കുകയെന്ന് ഡോ. ഹുസൈന്‍ അല്‍ റന്‍ദിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അറബിക്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ആപ്പ് ലഭ്യമാണ്.
നിര്‍ബന്ധിത പ്രതിരോധ കുത്തിവയ്പ്പുകള്‍ നമ്മുടെ കുട്ടികളെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കും. അത് ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതം നയിക്കുന്ന തലമുറയെ വാര്‍ത്തെടുക്കാന്‍ സഹായിക്കും. നവീകരിച്ച ആപ്പില്‍, ജനനം മുതല്‍ 18 വയസ്സ് തികയുന്നതുവരെയുള്ള കുട്ടികളുടെ സമഗ്രമായ വാക്‌സിനേഷന്‍ വിവരങ്ങളുണ്ടാവും. ഇത് മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ക്ക് ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പുകള്‍ കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് എളുപ്പമാക്കുമെന്നും ഡോ. അല്‍ റന്‍ദ് വിശദീകരിച്ചു.
കൊവിഡ്-19 മായി ബന്ധപ്പെട്ടാണ് യുഎഇയുടെ ഔദ്യോഗിക ആപ്പ് അല്‍ഹുസ്ന്‍ ആരംഭിച്ചത്. കൊവിഡ് വാക്‌സിന്‍ വിവരങ്ങള്‍ നല്‍കുന്നതിനും ആരോഗ്യ പരിശോധനയ്ക്കും രോഗബാധയുള്ളവരുമായി സമ്പര്‍ക്കംപുലര്‍ത്തിയവരെ കണ്ടെത്തുന്നതിനും വേണ്ടിയായിരുന്നു ഇത്. ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ പ്ലാറ്റ്‌ഫോമായ അല്‍ഹുസ്ന്‍ ആപ്പ് രണ്ടുദിവസം മുമ്പാണ് പരിഷ്‌കരിച്ചത്.
രാജ്യത്ത് താമസിക്കുന്ന മുഴുവന്‍ പേര്‍ക്കും അല്‍ഹുസ്ന്‍ ആപ്പ് ഉണ്ടായിരിക്കണമെന്ന് ഡോ. അല്‍ റന്‍ദ് പറഞ്ഞു. എല്ലാവരുടെയും വാക്‌സിനേഷന്‍ വിവരങ്ങള്‍ അതില്‍ അപ്‌ഡേറ്റ് ചെയ്യപ്പെടും. ആപ്പിലെ രേഖകള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത് ആദ്യം വടക്കന്‍ എമിറേറ്റുകള്‍ക്കും പിന്നീട് ദുബായ്, അബുദാബി എമിറേറ്റുകള്‍ക്കും നിര്‍ബന്ധമാക്കും.
രണ്ട് ഘട്ടങ്ങളായി നടപ്പാക്കുന്ന നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമിലെ ആദ്യ ഘട്ടത്തില്‍ 18 വയസ്സ് വരെയുള്ള എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കും. രണ്ടാം ഘട്ടം എല്ലാ പ്രായക്കാര്‍ക്കുമുള്ള പനിക്കെതിരായ വാക്‌സിനുകള്‍ക്കുള്ളതാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ഡോ. നദ അല്‍ മര്‍സൂഖി പറഞ്ഞു.
രാജ്യത്തെ കുട്ടികള്‍ക്കുള്ള നിര്‍ബന്ധ വാക്‌സിനുകളില്‍ ക്ഷയം, ടെറ്റനസ്, ന്യുമോണിയ, ഡിഫ്തീരിയ, എച്ച്പിവി വാക്‌സിനുകളും ഉള്‍പ്പെടുന്നു. ഏതാനും ബൂസ്റ്റര്‍ വാക്‌സിനുകളും വര്‍ധിപ്പിച്ച ഡോസുകളും കുട്ടികള്‍ക്ക് നല്‍കേണ്ടതുണ്ട്. ഈ വാക്‌സിനേഷനുകള്‍ അല്‍ഹുസ്ന്‍ ആപ്പില്‍ രേഖപ്പെടുത്തുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യും.