കുവൈറ്റ് സിറ്റി: അടുത്ത ഞായറാഴ്ച മുതൽ രാജ്യത്ത് തണുപ്പ് കൂടും. ശബാത്ത് സീസൺ 26 ദിവസം വരെ നീണ്ടു നിൽക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ വ്യക്തമാക്കി. ഈ ദിവസങ്ങളിൽ അന്തരീക്ഷ ഊഷ്മാവ് വളരെ കുറയുകയും തണുപ്പ് കനക്കുകയും ചെയ്യും.
അൽ മുറബ്ബനിയ സീസൺ ജനുവരി 13ന് അവസാനിച്ചതായും അൽ ഉജൈരി സയന്റിഫിക് സെന്റർ വ്യക്തമാക്കി. ഞായറാഴ്ച ആരംഭിക്കുന്ന സീസണിനെ അൽ-നയിം, അൽ-ബലാദ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. ഓരോന്നും 13 ദിവസം നീണ്ടുനിൽക്കും. കനത്ത മഞ്ഞും ശക്തമായ കാറ്റും ഈ സീസണിലുണ്ടാകും.
മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കാഴ്ചാപരിധി കുറയുമെന്നും യാത്രക്കാർ ശ്രദ്ധിക്കണമെന്നും കുവൈറ്റ് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി മുന്നറിയിപ്പ് നൽകി. കാറ്റ് തെക്ക് കിഴക്കൻ ഭാഗത്ത് നിന്ന് വടക്ക് പടിഞ്ഞാറോട്ട് മാറുന്നതിനാൽ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് വീണ്ടും ഉയരുമെന്ന് അൽ-ഖറാവി പറഞ്ഞു.