വിദേശകുടിയേറ്റം കുത്തനെ ഉയരുന്ന കാലമാണിത്. സാമ്പത്തിക ഭദ്രത, മികച്ച വിദ്യാഭ്യാസം മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവ പ്രതീക്ഷിച്ചിട്ടാണ് പലരും കുടിയേറ്റത്തിന് ഒരുങ്ങുന്നത്. ഈ ഓട്ടത്തിനിടിയില്‍ വ്യാജപരസ്യങ്ങളില്‍ കുടുങ്ങി ജീവിതം തന്നെ മറ്റ് രാജ്യങ്ങളില്‍ ഒടുങ്ങി തീരേണ്ടി വരുന്നവര്‍ നിരവധിയാണ്. ഇതേ രീതിയില്‍ നിരവധി വിദ്യാര്‍ഥികള്‍ യുകെയില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. വിസ തട്ടിപ്പിന്റെ ഭാഗമായി വലിയ തുകയും ഇവര്‍ക്ക് നഷ്ടമായി. അന്താരാഷ്ട്ര മാധ്യമമായ ബിബിസി ഈ വിഷയത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടു.
ഇടനിലക്കരായ പ്രവര്‍ത്തിക്കുന്ന തട്ടിപ്പുകാര്‍ കെയര്‍ഹോം രംഗത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തുകയാണ്. യുകെയില്‍ എത്തുന്ന വിദ്യാര്‍ഥികളില്‍ ബഹുഭൂരിപക്ഷം പേരും ജോലിക്കായി ശ്രമിക്കുന്നത് കെയര്‍ ഹോമുകളെയാണ്. ഇത്തരം കെയര്‍ഹോമുകളിലെ ജോലി മറ്റ് ജോലിക്കളെ അപേക്ഷിച്ച് ലഭിക്കാന്‍ എളുപ്പവും പഠനത്തോടൊപ്പം കൊണ്ടുപോവാനും പറ്റുന്നതാണ്. അതിനാല്‍ തന്നെ ഈ ജോലി ലഭിക്കാന്‍ നിരവധി പേര്‍ ശ്രമിക്കാറുണ്ട്. യുകെയില്‍ ഇത് വളരെ വിപുലമായൊരു തൊഴില്‍ മേഖലയാണ്. 2022ല്‍ 165000 ഒഴിവുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒഴിവുകളുടെ വ്യാപ്തി കാരണം വിദേശവിദ്യാര്‍ഥികളെ കൂടെ ഈ തൊഴില്‍ മേഖലയിലേക്ക് ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യ, നൈജീരിയ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളിലുള്ളവരില്‍ വലിയൊരു ശതമാനവും ഈ മേഖലയെ ആശ്രയിക്കുന്നുണ്ട്.
17000 പൗണ്ട് വരെ പലരിൽ നിന്നും തട്ടിപ്പുകാർ തട്ടിയെടുത്തു. വിസ ലഭിക്കുമെന്ന് വാഗ്‌ദാനത്തിലാണ് പലരും ഏജന്റുമാർക്ക് പണം നൽകാൻ തയ്യാറായത്.സ്‌കിൽഡ് വർക്കർ വിസയ്ക്കായി അപേക്ഷിച്ചവരുടെ പേപ്പറുകൾ വിസ മന്ത്രാലയം നിരസിച്ചപ്പോഴാണ് പലരും തങ്ങൾക്ക് പറ്റിയ ചതി മനസിലാക്കുന്നത്.
38000 പൗണ്ട് പല ഏജന്റുകൾക്ക് നൽകി പറ്റിക്കപ്പെട്ടവർ ഇക്കൂട്ടത്തിലുണ്ട്. ഇംഗ്ലണ്ടിൽ നല്ലൊരു ജീവിതം കരുപിടിപ്പിക്കാമെന്ന് വിശ്വാസത്തിലാണ് ഇവർ ഈ അറ്റകൈ പ്രയോഗത്തിനിറങ്ങിയത്. ഇപ്പോൾ നാട്ടിലേക്ക് തിരിച്ചുപോവാൻ പോലും ഒറ്റപ്പൈസ ബാക്കിയില്ലാതെയാണ് ഇവർ നിൽക്കുന്നത്. പലരും പട്ടിണിയുടെ പടുകുഴിയിലാണ്.
ഞാൻ ഇവിടെ കെണിയിലകപ്പെട്ടിരിക്കുകയാണ്. ഞാൻ നാട്ടിലേക്ക് തിരിച്ചുപോവുകയാണെങ്കിൽ എന്റെ വീട്ടുകാർ എനിക്ക് വേണ്ടി ചിലവഴിച്ച ലക്ഷങ്ങൾ പാഴാവും. എന്ത് ചെയ്യണമെന്ന് അറിയില്ല. കൈയിൽ മിച്ചമുണ്ടായിരുന്നു പണം മുഴുവൻ ഏജന്റ്റിന് നൽകി- തട്ടിപ്പിനിരയായ വിദ്യാർത്ഥികളിലൊരാളെ ഉദ്ധരിച്ച് ബിബിസി പറയുന്നു.