Gulf

റിക്രൂട്ട്‌മെന്റ തുടരുന്നു; മൂന്ന് വര്‍ഷത്തിനുള്ളില്‍ 700 പൈലറ്റുമാരെ നിയമിക്കുമെന്ന് റിയാദ് എയര്‍വേസ്

Published

on

റിയാദ്: ഗള്‍ഫിലെ ഏറ്റവും പുതിയ എയര്‍ലൈനായ സൗദി അറേബ്യയിലെ റിയാദ് എയറില്‍ പൈലറ്റുമാര്‍, കാബിന്‍ ക്രൂ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് തുടരുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 700 പൈലറ്റുമാരെ നിയമിക്കും. എഞ്ചിനീയറിങ്, ഐടി പ്രൊഫഷണലുകളെയും തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

എയര്‍ലൈന്‍ വ്യവസായ മേഖലയിലെ സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ റിക്രൂട്ട് പ്രോഗ്രാമുകളില്‍ ഒന്നാണിത്. ബോയിങ് 7879, 777 വൈഡ് ബോഡി എയര്‍ക്രാഫ്റ്റുകള്‍ ദീര്‍ഘകാലം പറത്തിയ അനുഭവജ്ഞാനമുള്ളവര്‍ക്കാണ് റിയാദ് എയര്‍ മുന്‍ഗണന നല്‍കുന്നത്. ആദ്യ ബാച്ച് പൈലറ്റുമാരുടെ നിയമനം പൂര്‍ത്തിയായി വരുന്നതായി എയര്‍ലൈന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ പീറ്റര്‍ ബെല്ല്യൂ അറിയിച്ചു.

അഭിമുഖങ്ങള്‍ നടന്നുവരികയാണെന്നും അടുത്ത ജനുവരി മുതല്‍ ഏപ്രില്‍ വരെ ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുമെന്നും അദ്ദേഹം പറഞ്ഞു. എതാനും പൈലറ്റുമാര്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും റിക്രൂട്ട്‌മെന്റ് ഈ വര്‍ഷം ഡിസംബര്‍ വരെ തുടരുമെന്നും ബെല്ല്യൂ പറഞ്ഞു. മുന്‍ റയാന്‍ എയര്‍ എക്‌സിക്യൂട്ടീവായ ബെല്ലെ കഴിഞ്ഞ മാര്‍ച്ചിലാണ് റിയാദ് എയറില്‍ ചേര്‍ന്നത്.

സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (പിഐഎഫ്) പിന്തുണയോടെ റിയാദ് എയര്‍ 2023 ഏപ്രിലില്‍ 72 ബോയിങ് 787 ഡ്രീംലൈനറുകള്‍ക്കായി മള്‍ട്ടിബില്യണ്‍ ഡോളറിന്റെ ബുക്കിങ് നടത്തിയിരുന്നു. ചെറിയ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള നീക്കങ്ങളും നടന്നുവരുന്നു. ആകര്‍ഷകമായ ശമ്പളമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നതെന്നും റിക്രൂട്ട്‌മെന്റിന് യൂറോപ്പ്, ഏഷ്യ, മുസ്ലീം ലോകം എന്നിവിടങ്ങളില്‍ നിന്ന് വന്‍ പ്രതികരണമാണ് ലഭിക്കുന്നതെന്നും ബെല്ല്യൂ കൂട്ടിച്ചേര്‍ത്തു.

2025ലാണ് റിയാദ് എയര്‍ സര്‍വീസ് ആരംഭിക്കുന്നത്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ആണ് എയര്‍ലൈനിനായി നിക്ഷേപം നടത്തുന്നത്. റിയാദ് എയര്‍ കഴിഞ്ഞ ഏപ്രിലില്‍ മള്‍ട്ടിബില്യണ്‍ ഡോളര്‍ ഇടപാടിലൂടെ 72 ബോയിംഗ് 787-9 ഡ്രീംലൈനര്‍ വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. 2030ഓടെ 787 ഡ്രീം ലൈനറുകളുടെ എണ്ണം 121 ആയി ഉയര്‍ത്താനാണ് നീക്കം. ബോയിങ്ങിന്റെ ചരിത്രത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ വാണിജ്യ ഇടപാടാണിത്. 2030ഓടെ മൊത്തത്തില്‍, 330 ദശലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കാനും 100 ദശലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കാനുള്ള രാജ്യത്തിന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനാണ് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഈ രംഗത്ത് നിക്ഷേപം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version