ദുബായ് ∙ യുഎഇയിൽ വീസയ്ക്ക് അപേക്ഷിക്കുന്നവർ ഇനി മുതൽ പാസ്‌പോർട്ടിന്റെ പുറം കവർ പേജിന്റെ പകർപ്പും സമർപ്പിക്കണം. ദുബായിലെ ആമർ സെന്ററുകളും ദുബായ്, അബുദാബി എന്നിവിടങ്ങളിലെ ടൈപ്പിങ് സെന്ററുകളും ഇക്കാര്യം അറിയിച്ചു. പുതിയ നിബന്ധന സംബന്ധിച്ചുള്ള സർക്കുലർ ഈ മാസം ലഭിച്ചതായി സെന്ററുകളിലെ ജീവനക്കാർ പറഞ്ഞു.
എല്ലാ എൻട്രി പെർമിറ്റ് അപേക്ഷകൾക്കും പാസ്‌പോർട്ടിന്റെ പുറം പേജ് നിർബന്ധിത രേഖയായി ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ രാജ്യക്കാർക്കും എല്ലാതരം വീസകൾക്കും ഇത് ബാധകമാണെന്നും സർക്കുലറിൽ പറയുന്നു. പുതിയ വീസ അപേക്ഷകളെയാണ് ഈ മാറ്റം പ്രധാനമായും ബാധിക്കുക.
എന്നാൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി), ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) എന്നിവ ഇതുവരെ ഇതുസംബന്ധമായി പ്രസ്താവന പുറത്തിറക്കിയിട്ടില്ല. കൂടുതൽ വിവരങ്ങൾക്ക് ഐസിപിയുടെ 600 522222, ജിഡിആർഎഫ്എ-ദുബായുടെ നമ്പർ: 800 5111 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.