അബുദാബി: യുഎഇയിൽ പുതിയ കുടുംബ ബിസിനസ് നിയമം ഈ ആഴ്ച പ്രാബല്യത്തിൽ വരും. കോർപറേറ്റ് മേഖലയെ ശക്തിപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനും നിക്ഷേപം ആകർഷിക്കാനും പുതിയ നിയമത്തിലൂടെ സാധിക്കുമെന്നതാണ് നേട്ടം.
ദേശീയ, രാജ്യാന്തര തലത്തിലേക്കു കുടുംബ ബിസിനസ് വ്യാപിപ്പിക്കാനും വഴിയൊരുങ്ങും. പിന്തുടർച്ചാവകാശ തർക്കം ഇല്ലാതാകുന്നതോടെ വളർച്ച ത്വരിതപ്പെടുത്തി വൻ ആസ്തിയുള്ള കമ്പനിയായി മാറ്റാം. നിശ്ചിത ശതമാനം ഓഹരി പങ്കാളിത്തത്തിലൂടെ കൂടുതൽ വിദേശ നിക്ഷേപവും യുഎഇയിലെത്തിക്കാം.
യുഎഇയിലെ 200ഓളം കുടുംബ ബിസിനസുകളിൽ 90%വും സ്വദേശികളുടേതാണ്. ഇവ പുതിയ നിയമത്തിനു കീഴിൽ കൊണ്ടുവരുന്നതോടെ വൻ വികസനത്തിനു രാജ്യം സാക്ഷ്യം വഹിക്കും. 2032ഓടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ കുടുംബ ബിസിനസിന്റെ സംഭാവന 32,000 കോടി ഡോളറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയൽ എസ്റ്റേറ്റ്, റീട്ടെയ്ൽ, ടൂറിസം, ഇൻഡസ്ട്രിയൽ, ടെക്നോളജി, ഷിപ്പ്ങ്, ലോജിസ്റ്റിക്സ് തുടങ്ങി ഒട്ടേറെ മേഖലകളിൽ കുടുംബ ബിസിനസുകൾക്ക് ആധിപത്യമുണ്ട്.