Bahrain

പ്രവാസികള്‍ നാട്ടിലയക്കുന്ന പണത്തിന് നികുതി ചുമത്താന്‍ ബഹ്‌റൈന്‍ പാര്‍ലമെന്റിന്റെ അനുമതി

Published

on

മനാമ: സ്വദേശിവത്കരണത്തിന് പിന്നാലെ പ്രവാസികള്‍ക്ക് തിരിച്ചടിയായി നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്നു. ബഹ്‌റൈനില്‍ താമസിക്കുന്ന പ്രവാസികള്‍ രാജ്യത്തു നിന്ന് സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന് രണ്ടു ശതമാനം ലെവി ചുമത്താനുള്ള നിയമത്തിന് ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. ഇക്കാര്യത്തില്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ ശൂറ കൗണ്‍സില്‍ അന്തിമ തീരുമാനമെടുക്കും.

പാര്‍ലമെന്റ് സ്പീക്കര്‍ അഹമ്മദ് അല്‍ മുസല്ലം വോട്ടിന് നേതൃത്വം നല്‍കി. ബില്ല് പാസായതോടെ സ്പീക്കര്‍ ശൂറ കൗണ്‍സിലിന്റെ പരിഗണനക്ക് വിടുകയായിരുന്നു. പാര്‍ലമെന്റ് അവതരിപ്പിച്ച നിയമനിര്‍മാണം ആറുമാസത്തിനകം തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിയമപ്രകാരം ബാധ്യസ്ഥരാണ്.

പണമയക്കുന്നതിന് നികുതി ചുമത്തുന്നത് അന്യായവും ഭരണഘടനാ വിരുദ്ധവുമാണെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. പണം കൈമാറ്റം ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ് ലെവിയെന്നും സര്‍ക്കാര്‍ എംപിമാര്‍ക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ അഭിപ്രായപ്പെട്ടിരുന്നു. പണം കൈമാറ്റം ചെയ്യുന്നതില്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി ബഹ്റൈന്‍ ഒപ്പുവച്ച നിരവധി അന്താരാഷ്ട്ര കരാറുകളും ഉടമ്പടികളും പാലിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ബഹ്‌റൈനിലെ കമ്പനികളിലും ബാങ്കുകളിലും നേതൃസ്ഥാനത്തുളള പ്രവാസികള്‍ മറ്റ് രാജ്യങ്ങളിലേക്ക് മാറാന്‍ ഇത് കാരണമാകും. നികുതികള്‍ തൊഴിലാളികള്‍ അടക്കാതിരിക്കുകയും സ്പോണ്‍സര്‍മാര്‍ അടക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ബഹ്‌റൈന്‍ ചേംബറും ബഹ്‌റൈന്‍ ബിസിനസ് മെന്‍ അസോസിയേഷനും പുതിയ ബില്ലിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

നികുതി ഏര്‍പ്പെടുത്തുന്നത് നിയമവിരുദ്ധ മാര്‍ഗത്തിലൂടെ പണം അയക്കാന്‍ ഇടയാക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ നികുതി ഘടന അടങ്ങിയ നിയമനിര്‍മാണ ശുപാര്‍ശ നിരവധി അംഗങ്ങളുടെ പിന്തുണയോടെ എംപിമാര്‍ സമര്‍പ്പിക്കുകയായിരുന്നു.

200 ബഹ്‌റൈനി ദിനാറില്‍ (ഏകദേശം 44,000 ഇന്ത്യന്‍ രൂപ) താഴെയുള്ള തുക പ്രവാസികള്‍ നാടുകളിലേക്ക് അയക്കുമ്പോള്‍ അതിന്റെ ഒരു ശതമാനവും 201 ദിനാര്‍ മുതല്‍ 400 ദിനാര്‍ (88,000 ഇന്ത്യന്‍ രൂപയോളം) വരെ അയക്കുമ്പോള്‍ രണ്ട് ശതമാനവും 400 ദിനാറിന് മുകളില്‍ അയക്കുമ്പോള്‍ തുകയുടെ മൂന്ന് ശതമാനവും നികുതിയായി ഈടാക്കണമെന്നായിരുന്നു തുടക്കത്തില്‍ ശുപാര്‍ശ ചെയ്തിരുന്നത്.

അംഗീകൃത ധനകാര്യ സ്ഥാപനങ്ങള്‍ വഴി പ്രവാസികള്‍ പണം അയക്കുന്ന സമയത്ത് ലെവി ഈടാക്കണമെന്നാണ് നിര്‍ദേശം. ഈ തുക ബാങ്കുകളില്‍ നിന്നും മണി ട്രാന്‍സ്ഫര്‍ സ്ഥാപനങ്ങളില്‍ നിന്നും ബഹ്‌റൈന്‍ നാഷണല്‍ ബ്യൂറോ ഓഫ് റവന്യൂ ഈടാക്കുകയാണ് ചെയ്യുക. നിക്ഷേപ സംരക്ഷണം, മൂലധന കൈമാറ്റം എന്നിങ്ങനെയുള്ള ഇടപാടുകള്‍ക്കും ബഹ്‌റൈനിലെ നികുതി നിയമപ്രകാരം ഇളവുകള്‍ ലഭിക്കുന്ന മറ്റ് ഇടപാടുകള്‍ക്കും ഇളവ് അനുവദിച്ച് നികുതി ശുപാര്‍ശ നടപ്പാക്കണമെന്നായിരുന്നു നേരത്തേ ആവശ്യമുയര്‍ന്നിരുന്നതെങ്കിലും പുതിയ കരട് ബില്ലിലെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

ബഹ്‌റൈനിലെ അഞ്ച് ലക്ഷത്തോളം പ്രവാസികള്‍ വര്‍ഷത്തില്‍ ഏതാണ്ട് 100 കോടി ദിനാറോളം സ്വന്തം രാജ്യത്തേക്ക് അയക്കുന്നുണ്ടെന്നാണ് കണക്ക്. പുതിയ നിയമം നല്ലൊരു തുക ബഹ്‌റൈനില്‍ തന്നെ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുമെന്ന് ബില്ലിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version