By K.j.George
പ്രവാസികൾ എവിടെ ചെന്നാലും ഓണാഘോഷം ഗംഭീരമാക്കും ഓണക്കോടിയും സദ്യയും ഒത്തുചേരലുമുണ്ട്. മലയാളക്കരയിൽനിന്നു മണലാരണ്യത്തിലെത്തിയവർക്കുമുണ്ട് നാടിന്റെ എല്ലാ ചിട്ടവട്ടങ്ങളോടെയുമുള്ള ഓണാഘോഷം. വാരാന്ത്യ അവധിദിവസത്തിൽ തിരുവോണം വന്നതിന്റെ ആവേശത്തിലായിരുന്നു യുഎഇയിലെ മലയാളികളും.
യു എ ഇയിലെ ഏറ്റവും വലിയ കോളേജ് അലുമിനി സംഘടനയായ അക്കാഫ് അസോസിയേഷൻ വേൾഡ് ട്രേഡ് സെന്ററിൽ നടത്തിയ ഓണാഘോഷത്തിൽ എട്ടായിരത്തിലധികം പേർ പങ്കെടുത്തതായി പ്രസിഡണ്ട് പോൾ ടി ജോസഫ് പറഞ്ഞു.
അയൽവാസികളും നാട്ടുകാരും കൂട്ടുകുടുംബങ്ങളുമെല്ലാം ചേർന്ന് നാട്ടിലെ ഓണം മധുരതരമാക്കുമ്പോൾ മറുനാട്ടിൽ ആ സ്ഥാനം പ്രവാസികൂട്ടായ്മകൾക്കാണ്. നാട്ടിൽനിന്ന് ഏറെ അകലയെങ്കിലും ആഘോഷത്തിലും ആവേശത്തിലും ഒരു പടി മുൻപിൽ പ്രവാസികൾ തന്നെയെന്ന് അവർ പറയും. എല്ലാ വ്യത്യാസങ്ങളും മറന്ന് മലയാളി എന്ന ഒറ്റപ്പേരിൽ എല്ലാവരും ഒരുമിക്കുന്ന ഓണാഘോഷം പ്രവാസികൾക്കിടയിൽ മാസങ്ങൾ നീളും. താൻ പഠിച്ച ക്യാംപസ്സിനെ പുന സ്രിഷ്ടിക്കുകയാണ് അക്കാഫ് അസോസിയേഷൻ്റെ ഓണാഘോഷമെന്നും ഓണം ടൂ ഓണമാണ് അക്കാഫിയരുടെ വാർഷിക കലണ്ടരെന്നും മച്ചിങ്ങൽ രാധാകൃഷ്ണൻ പറഞ്ഞു.
രാവിലെ എട്ട് മണിക്ക് ആരംഭിച്ച ആഘോഷ പരിപാടിയിൽ നിരവധി കലാപരിപാടികളാണ് അരങ്ങേറിയത് കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 26 അമ്മമാരെ പങ്കെടുപ്പിച്ചുകൊണ്ട് ‘മാതൃവന്ദനം’ ആഘോഷത്തിലെ പ്രധാനപരിപാടിയായിരുന്നു. വൈകിട്ട് ആറ് മണിക്കാരംഭിച്ച കോളേജ് ടീമംഗങ്ങളുടെ ഘോഷയാത്ര അതിഗംഭീരമായിരുന്നു. അണിയിച്ചൊരുക്കിയ ഗജവീരൻമാരും, കലാരൂപങ്ങളും, മുത്തു കുടയും താലപ്പൊലിയും, കൂടാതെ നിരവധി മാവേലികൾ, വനിതകളടക്കമുള്ളവരുടെ ചെണ്ടമേളങ്ങൾ, പഴശിരാജാവ്, ശിങ്കാരിമേളം, പുലിക്കളി, പല തരത്തിലുള്ള തെയ്യ കോലങ്ങൾ, കാവടിയാട്ടങ്ങൾ കാളവേലൻ, കോൽക്കളി,ദെപ്പ് മുട്ട്, ഒപ്പന,മാർഗംകളി, പഞ്ചാബിഡാൻസ് അടക്കമുള്ള മനോഹരമായ ഘോഷയാത്ര നാട്ടിൽ പോലും കാണാൻ കഴിഞ്ഞിട്ടില്ല അത്രയ്ക്കും ഗംഭീരമായിരുന്നു. ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ,മുൻ കോൺസൽ ജനറലും നയതന്ത്രജ്ഞനുമായ വേണു രാജാമണി മുഖ്യാതിഥികളായിരുന്നു. അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, ജനറൽ സെക്രട്ടറി ദീപു എ.എസ്., ഖജാൻജി മുഹമ്മദ് നൗഷാദ്,
വൈസ് പ്രസിഡന്റ് വെങ്കിട് മോഹൻ, ജനറൽ കൺവീനർ ശങ്കർ നാരായൺ, ഡയറക്ടർ ബോർഡ് അംഗങ്ങളായ മുഹമ്മദ് റഫീഖ്, മച്ചിങ്ങൽ രാധാകൃഷ്ണൻ, ഷൈൻ ചന്ദ്രസേനൻ, സാനു മാത്യു, ജോയിന്റ് ജനറൽ കൺവീനർമാരായ ഡോ. ജയശ്രീ, എ.വി. ചന്ദ്രൻ, അഡ്വ. സഞ്ജു കൃഷ്ണൻ, ഫെബിൻ ജോൺ, മൻസൂർ സി.പി. എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.