ഷാർജ ∙ പൊതു സുരക്ഷയിൽ പൂർണ സംതൃപ്തി രേഖപ്പെടുത്തി ജനങ്ങൾ. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്യൂണിറ്റി ഡവലപ്മെന്റ് വകുപ്പ് നടത്തിയ സർവേയിൽ പൊതു സുരക്ഷയുടെ കാര്യത്തിൽ എമിറേറ്റിലെ 99.7% പേരും സംതൃപ്തരാണ്.
എമിറേറ്റിലെ ക്രമസമാധാനത്തിലും നിയമ നിർവഹണത്തിലും ജനങ്ങൾ പൂർണ വിശ്വാസം രേഖപ്പെടുത്തി. സുരക്ഷ ഒരുക്കുന്നതിലും സ്ഥിരത നൽകുന്നതിലും പൊലീസിന്റെ സേവനം മികച്ചതാണെന്ന് 97% പേർ അഭിപ്രായപ്പെട്ടു.
പകൽ സമയം ഷാർജ സുരക്ഷിതമാണെന്ന് അഭിപ്രായപ്പെട്ടത് 99.7% പേരാണ്. വീടും പൊതു സ്ഥലങ്ങളും രാത്രികാലങ്ങളിലും സുരക്ഷിതമാണെന്ന് 99.3% പേർ അഭിപ്രായപ്പെട്ടു. രാത്രിയിൽ സുരക്ഷിതമായി നടക്കാമെന്ന് അഭിപ്രായപ്പെട്ടത് 98.6%. പൊതുഗതാഗതം ഉപയോഗിക്കുമ്പോഴും സ്വയം വാഹനം ഓടിക്കുമ്പോഴും തികഞ്ഞ സുരക്ഷിതത്വം അനുഭവപ്പെടുത്തതായി 98.6% പേർ പറഞ്ഞു.
96.7% പേർക്കും പൊലീസ് സ്റ്റേഷനുകളെ പരിപൂർണ വിശ്വാസമാണ്. ഷാർജ ഭരണനേതൃത്വത്തിന്റെ പിന്തുണയാണ് ഈ നേട്ടത്തിനു കാരണമെന്നു ഷാർജ പൊലീസ് പ്രതികരിച്ചു. പൊലീസിന്റെ പ്രകടനം മെച്ചപ്പെടുത്താനും ജനങ്ങളുമായുള്ള ബന്ധം നിലനിർത്താനും സേനയെ സജ്ജമാക്കി നിർത്തുന്നത് ഭരണ നേതൃത്വത്തിന്റെ പിന്തുണയാണെന്ന് പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക്ക് ബിൻ അമേർ പറഞ്ഞു.