Gulf

പറക്കും ടാക്സികളുടെ ഭാവിസാധ്യതകൾ ഉപയോഗപ്പെടുത്താൻ അജ്മാൻ

Published

on

അജ്മാൻ : പറക്കും ടാക്സികളുടെ ഭാവിസാധ്യതകൾ ഉപയോഗപ്പെടുത്താൻ അജ്മാൻ ഗതാഗത അതോറിറ്റിയും (എടിഎ) സ്കൈപോർട്ടും പുതിയകരാറിൽ ഒപ്പുവെച്ചു.

വ്യോമഗതാഗത സേവനങ്ങൾക്ക് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്ന മുൻനിരസ്ഥാപനമാണ് സ്കൈപോർട്‌സ്. എടിഎ ഡയറക്ടർജനറൽ ഒമർ മുഹമ്മദ് ലൂത്തയും സ്കൈപോർട്‌സിന്റെ മിഡിലീസ്റ്റ് ജനറൽ മാനേജർ ഡാനിയേൽ ഒ’നീലും ചേർന്നാണ് കരാറൊപ്പിട്ടത്.

പറക്കും ടാക്‌സികൾ ഉൾപ്പടെയുള്ള സ്മാർട്ട് ഗതാഗത സംവിധാനങ്ങൾ എമിറേറ്റിലെ ദൈനംദിന ജീവിതത്തെ ഏതൊക്കെ വിധത്തിൽ സ്വാധീനിക്കുന്നുണ്ടെന്ന് മനസ്സിലാക്കാനാണ് കരാർ ലക്ഷ്യമിടുന്നത്. ആഗോള പ്രവണതകൾക്കനുസൃതമായി ഭാവി ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആധുനികവും കാര്യക്ഷമവുമായ ഹൈടെക് ഗതാഗത ശൃംഖല രൂപവത്കരിക്കുന്നതിലും സഹകരണം നിർണായകമാകും.

പറക്കുംവാഹനങ്ങൾക്കായുള്ള ഗവേഷണം, പഠനം, ആസൂത്രണം എന്നിവയിൽ ഇരു കമ്പനികളും സഹകരിക്കും. ഭാവിയിൽ വെർട്ടിപോർട്ടുകൾക്ക് (പറക്കുംടാക്‌സികൾക്കായുള്ള സ്റ്റേഷൻ) സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തുക, സാങ്കേതികവും പ്രവർത്തനപരവുമായ തയ്യാറെടുപ്പുകൾ വർധിപ്പിക്കുക, അടിയന്തരസേവനങ്ങൾ ഉൾപ്പെടെയുള്ള പ്രധാനമേഖലകളിൽ ഡ്രോണുകൾ ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കുക എന്നിവയും കരാറിൽ ഉൾപ്പെടുന്നു.

നവീനമായ ഗതാഗതസംവിധാനങ്ങൾ നൽകിക്കൊണ്ട് സ്മാർട്ട് നഗരമാക്കി എമിറേറ്റിനെ മാറ്റാനാണ് പുതിയപങ്കാളിത്തം ലക്ഷ്യമിടുന്നതെന്ന് ലൂത്ത പറഞ്ഞു. സുരക്ഷിതവും വിശ്വസനീയവുമായ ലോകോത്തര ഗതാഗതസംവിധാനത്തിനായി അന്താരാഷ്ട്ര സഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version