Sports

‘നെയ്മറെ വിട്ടുതരു’; പിഎസ്ജിയോട് അഭ്യർത്ഥനയുമായി താരത്തിൻ്റെ പിതാവ്

Published

on

പാരിസ്: ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയർ പിഎസ്ജിയിൽ തുടരുമോയെന്നതിൽ അനിശ്ചിതത്വം തുടരുന്നു. പിഎസ്ജി വിടില്ലെന്നാണ് നെയ്മറിൻ്റെ ഒടുവിലത്തെ നിലപാട്. എന്നാൽ നെയ്മറെ വിട്ടുതരണമെന്ന് പിഎസ്ജി മാനേജമെന്റിനോട് ആഭ്യർത്ഥിച്ചിരിക്കുകയാണ് താരത്തിന്റെ പിതാവ്. സ്പോർട്സ് ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ നെയ്മറിൻ്റെ ക്ലബ് മാറ്റം ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയില്ലെന്നും ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കി.

മുമ്പ് ബാഴ്സിലോണ പരിശീലകൻ സാവി ഹെർണാണ്ടസിനും നെയ്മർ ക്ലബിലെത്തില്ലെന്ന് പറഞ്ഞിരുന്നു. ഇപ്പോഴത്തെ ബാഴ്സിലോണ ടീമിൽ നെയ്മറിന് കളിക്കാൻ കഴിയില്ലെന്നായിരുന്നു സാവിയുടെ പ്രതികരണം. നെയ്മർ മികച്ച താരവും തൻ്റെ അടുത്ത സുഹൃത്തുമാണ്. നെയ്മറിനെ ടീമിലെത്തിക്കാൻ ബാഴ്സിലോണയ്ക്ക് പദ്ധതികളില്ലെന്നും ബാഴ്സിലോണ പരിശീലകൻ വ്യക്തമാക്കിയിരുന്നു.

2025 വരെയാണ് നെയ്മറിന് പിഎസ്ജിയിൽ കരാറുള്ളത്. 173 മത്സരങ്ങൾ പിഎസ്ജിയ്ക്കായി കളിച്ച നെയ്മർ 118 ​ഗോളുകളും 77 ​അസിസ്റ്റുകളും നേ‌ടി. 2017 ലാണ് നെയ്മർ ബാഴ്സലോണ വിട്ട് പിഎസ്ജിയിലെത്തിയത്. 186 മത്സരങ്ങളിലാണ് നെയ്മർ ബാഴ്സലോണയ്ക്കായി കളിച്ചത്. 105 ​ഗോളുകളും 76 അസിസ്റ്റുകളും നെയ്മർ ബാഴ്സിലോണയ്ക്കായി നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version