Gulf

നിയമങ്ങൾ ലംഘിച്ചതിന് ആറ് ഡോക്ടർമാരെ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് അബുദാബി ആരോഗ്യ വകുപ്പ് വിലക്കി

Published

on

അബുദാബി ∙ നിയന്ത്രിത മരുന്നുകൾ സംബന്ധിച്ച നിയമങ്ങൾ ലംഘിച്ചതിന് ആറ് ഡോക്ടർമാരെ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് അബുദാബി ആരോഗ്യ വകുപ്പ് വിലക്കി. ലഹരിമരുന്ന് ദുരുപയോഗം തടയുന്നതിനുള്ള രാജ്യത്തിന്റെ കർശന നിലപാടിന്റെ ഭാഗമായാണ് ഈ നടപടി. നിയമവിരുദ്ധമായി മരുന്ന് കുറിപ്പടികൾ നൽകിയ ഡോക്ടർമാർക്കെതിരെയാണ് ആരോഗ്യ വകുപ്പ് നടപടിയെടുത്തത്.

ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ലഹരിമരുന്നിനും അതുമായി ബന്ധപ്പെട്ടുള്ള മറ്റ് ലഹരി പദാർഥങ്ങൾക്കും യുഎഇയിൽ കർശന നിയന്ത്രണങ്ങളുണ്ട്. മോർഫിൻ, കോഡീൻ, ഫെന്റാനൈൽ തുടങ്ങിയ വേദന സംഹാരികൾ, ഡയസെപാം, ലോറാസെപാം പോലുള്ള മനോരോഗ ചികിത്സയ്ക്കുള്ള മരുന്നുകൾ, ആംഫെറ്റാമിനുകൾ, ബാർബിറ്റ്യൂറേറ്റ് തുടങ്ങിയവയെല്ലാം നിയന്ത്രിത മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

നിയന്ത്രിത മരുന്നുകളും സെമി-കൺട്രോൾഡ് മരുന്നുകളും യുഎഇയിലേക്ക് കൊണ്ടുവരാൻ ആരോഗ്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. ഇതിനായി ഡോക്ടറുടെ കുറിപ്പടിയും കത്തും ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിക്കണം. എന്നാൽ, സാധാരണ മരുന്നുകൾക്കും ഓവർ ദ് കൗണ്ടർ മരുന്നുകൾക്കും ഈ അനുമതി ആവശ്യമില്ല.

ദുരുപയോഗം ചെയ്യാനും അതിന് അടിമപ്പെടാനും സാധ്യതയുള്ളതിനാൽ യുഎഇ സർക്കാർ കർശനമായി നിയന്ത്രിക്കുന്ന മരുന്നുകളാണ് നിയന്ത്രിത മരുന്നുകൾ (Controlled Drugs). ഈ മരുന്നുകളുടെ ഇറക്കുമതി, കയറ്റുമതി, വിതരണം, ഉപയോഗം എന്നിവ കർശനമായ നിയമങ്ങൾക്കും നിരീക്ഷണത്തിനും വിധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version