ദുബായ് ∙ അടിയന്തര ഘട്ടങ്ങളിൽ നാഷനൽ ആംബുലൻസ് വഴി രക്ഷിച്ചത് 47,000 ജീവനുകൾ. ദേശീയ സുരക്ഷാ വകുപ്പിനു കീഴിലുള്ള നാഷനൽ ആംബുലൻസ് ഈ വർഷം ഇതുവരെ 47,000 രക്ഷാപ്രവർത്തനങ്ങൾ നടത്തിയതായി അധികൃതർ അറിയിച്ചു.
വടക്കൻ എമിറേറ്റുകളിലാണ് നാഷനൽ ആംബുലൻസ് സേവനം നടത്തുന്നത്. വാഹനാപകടങ്ങളിൽ പരുക്കേറ്റവർ, രോഗികൾ ഉൾപ്പെടെ 47,269 പേരെ ആശുപത്രികളിൽ എത്തിച്ചു. അപകട മേഖലയിൽ ആയിരുന്നു 19,400 സർവീസുകൾ.
അടിയന്തര ചികിത്സ ലഭ്യമാക്കി 27, 800 ജീവൻ രക്ഷിച്ചു. 998 നമ്പറിൽ വിളിക്കുന്നവർക്ക് 24 മണിക്കൂറും ആംബുലൻസ് സഹായം ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. യുഎഇയിലെ താമസക്കാർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിന് 2010ലാണ് നാഷനൽ ആംബുലൻസ് സർവീസ് ആരംഭിച്ചത്. അത്യാധുനിക മെഡിക്കൽ സംവിധാനങ്ങളുള്ള ആംബുലൻസുകൾ സർക്കാർ, സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് സജ്ജമാക്കിയത്.
വേനൽക്കാല അപകടങ്ങൾ കുറയ്ക്കുന്നതിന് ‘സുരക്ഷിത വേനലിനായി ഒരുങ്ങൂ ‘ എന്ന പ്രമേയത്തിലാണ് നാഷനൽ ആംബുലൻസ് ബോധവൽകരണ ക്യാംപെയ്ൻ ആരംഭിച്ചത്.