Gulf

ദുബായ് അൽ മക്തൂം വിമാനത്താവളത്തിൽ സ്വയംനിയന്ത്രിത വാഹനങ്ങൾ

Published

on

ദുബായ് : അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ദുബായ് വേൾഡ് സെൻട്രൽ) ഇനി ഡ്രൈവറില്ലാവാഹനങ്ങളുടെ സേവനവും. ടെർമിനലിൽനിന്ന് വിമാനത്തിലേക്ക് ലഗേജുകളും ചരക്കുകളുമെല്ലാം എത്തിക്കുന്നത് ഡ്രൈവറില്ലാ ബാഗേജ് ട്രാക്ടറുകളായിരിക്കുമെന്ന് എയർ ആൻഡ് ട്രാവൽ സർവീസ് ദാതാക്കളായ ഡിനാറ്റ അധികൃതർ അറിയിച്ചു.

ഗ്രൗണ്ട് ഹാൻഡ്‌ലിങ് സേവനങ്ങളെല്ലാം ഡ്രൈവറില്ലാവാഹനങ്ങൾ നിർവഹിക്കും. ഇതിനായി ആറ്് വൈദ്യുത ട്രാക്ടറുകളാണ് വികസിപ്പിച്ചിരിക്കുന്നത്. നിർമിതബുദ്ധിയുടെ (എഐ) സഹായത്തോടെ പ്രവർത്തിക്കുന്ന ഇഇസെഡ് ടൗ എന്ന ഡ്രൈവറില്ലാവാഹനം വികസിപ്പിച്ചെടുത്തത് ട്രാക്റ്റ് ഈസിയാണ്.

ഒരേസമയം നാല് ബാഗേജ് കണ്ടെയ്നറുകൾ കൈകാര്യംചെയ്യാൻ സാധിക്കുന്ന സ്വയംനിയന്ത്രിതവാഹനങ്ങളുടെ വേഗം മണിക്കൂറിൽ 15 കിലോമീറ്ററായിരിക്കും. അപകടങ്ങൾ പരമാവധി നിയന്ത്രിക്കാൻ സാധിക്കുകയുംചെയ്യും.

ഡ്രൈവറില്ലാവാഹനങ്ങൾ സർവീസ് നടത്തുന്നതോടെ ഇത്തരം ജോലികൾ നിർവഹിക്കുന്ന ജീവനക്കാരെയെല്ലാം വിമാനത്താവളത്തിലെ മറ്റ് ചുമതലകളിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു. സ്വയം നിയന്ത്രിത വാഹനങ്ങൾ ഉപയോഗിച്ചുള്ള ഗ്രൗണ്ട് ഹാൻഡ്‌ലിങ് വേറിട്ട ഓപ്പറേറ്റിങ് മാതൃകയായാണ് പരീക്ഷിക്കുന്നത്.

60 ലക്ഷം ദിർഹം ചെലവുവരുന്ന ലെവൽ ത്രീ പദ്ധതിയിൽ താത്കാലികമായി മനുഷ്യനിയന്ത്രണങ്ങൾ ഉണ്ടാവുമെങ്കിലും 2026-ഓടെ പൂർണമായും സ്വയംനിയന്ത്രിത വാഹനങ്ങൾ വികസിപ്പിച്ചുകൊണ്ട് ലെവൽ നാലിലേക്കുമാറുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version