റിയാദ്: സൗദി താമസ കെട്ടിടങ്ങളുടെ വാടക ഇ-പേമെൻറ് സംവിധാനം വഴി മാത്രമേ ഇനി അടക്കാൻ സാധിക്കുകയുള്ളു. പുതിയ നിയമം ജനുവരി 14 മുതൽ പ്രാബല്യത്തിൽ വരും. ഭവനമന്ത്രാലയത്തിന് കീഴിലുള്ള ‘ഇജാർ’ എന്ന റിയൽ എസ്റ്റേറ്റ് വെബ് പോർട്ടലിലെ ഇലക്ട്രോണിക് പേമെൻറ് സംവിധാനത്തിലൂടെയാണ് പണം അടക്കേണ്ടത്. റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകിയിരിക്കുന്നത്. മന്ത്രിസഭയാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനം എടുത്തത്.
വില്ലകളും, ഫ്ലാറ്റുകളും ഉൾപ്പടെ മുഴുവൻ കെട്ടിടങ്ങളുടെയും വാടക ഡിജിറ്റൽ സംവിധാനം വഴിയായിരിക്കും ഇനി അടക്കേണ്ടത്. പുതുവർഷം 2024 മുതലുള്ള എല്ലാം വാടകയും ഇത്തരത്തിലാണ് ഉൾപ്പെടുത്തേണ്ടതെന്ന് അതോറ്റി വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി 15നു ശേഷം ഈ സംവിധാനത്തിൽ നിന്നും ആർക്കും പുറത്തുപോകാൻ സാധിക്കില്ല. കെട്ടിട ഉടമയും വാടകക്കാരനും തമ്മിൽ എന്തെങ്കിലും തർക്കമുണ്ടായാൽ അതൊരു തെളിവായി കണക്കാക്കില്ല. എല്ലാ പേയ്മെന്റും ഓൺലെെൻ വഴി മാത്രമാകണം എന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദേശം.
അതോറിറ്റി ലൈസൻസുള്ള ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ മുഖേനയാണ് താമസത്തിനുള്ള ഫ്ലാറ്റുകളും വീടുകളും വില്ലകളും വാടകയ്ക്ക് കൊടുക്കേണ്ടത്. കെട്ടിട ഉടമയും വാടകക്കാരനും ബ്രോക്കർ വഴിയാണ് കരാറിലേർപ്പെടേണ്ടത്. ഇത് ‘ഇജാർ’ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതുമായി ബന്ധപ്പെട്ട പേയിമെന്റ് എല്ലാം നടക്കേണ്ടത് ഡിജിറ്റൽ വഴിയാണ്. അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പണം കെട്ടിട ഉടമയുടെ ബാങ്ക് അകൗണ്ടിലെത്തണം. പുതിയ നിയമം പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ വാടകക്കരാറുകളിന്മേൽ ഇലക്ട്രോണിക് രസീതുകൾ നൽകും. രസീത് നൽകുന്ന സംവിധാനം ഇപ്പോൾ ഉണ്ടാകുമെങ്കിലും പതിയെ ഈ സംവിധാനം നിർത്തലാക്കും.