കൊല്‍ക്കത്ത | വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് ചടങ്ങില്‍ പ്രതിഷേധവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഹൗറ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ നടന്ന ചടങ്ങിനിടെ ബി ജെ പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കിയതോടെ പ്രകോപിതയായ മമത വേദിയില്‍ കയറാന്‍ കൂട്ടാക്കിയില്ല. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മമത നിലപാടില്‍ ഉറച്ചുനിന്നു.
സദസ്യരോടൊപ്പം കസേരയില്‍ ഇരുന്നാണ് അവര്‍ ചടങ്ങില്‍ പങ്കെടുത്തത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ഹൗറ-ന്യൂ ജല്‍പൈഗുരി വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടനം ചെയ്തത്. മാതാവിന്റെ മരണത്തെ തുടര്‍ന്നാണ് മോദി ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങ് വഴി നിര്‍വഹിച്ചത്.